നട്ടെല്ലിലൂടെ അരിച്ചിറങ്ങുന്ന തണുപ്പോടു കൂടിയേ ‘ഹൗസ് ഓഫ് സീക്രട്ട്സ്’ എന്ന ഡോക്യുമെന്ററി വെബ്സീരീസ് കണ്ടിരിക്കാൻ കഴിയൂ. കാരണം ഇതൊരു യഥാർഥ സംഭവത്തിന്റെ പുനരാവിഷ്കാരമാണ്. രാജ്യം കണ്ട ഏറ്റവും ഭീതിദവും ഇന്നും രഹസ്യങ്ങൾ ചുരുളഴിയാത്തതുമായ ആത്മഹത്യാ പരമ്പരയുടെ കഥ. ഒറ്റ രാത്രി ഒരു വീട്ടിൽ ആത്മഹത്യ ചെയ്തത് 11 പേർ.
2018 ജൂലൈ ഒന്നിനാണു വടക്കു കിഴക്കൻ ഡല്‍ഹിയിലെ ബുറാഡിയിലെ സന്ത് നഗറിൽ ഒരു കുടുംബത്തിലെ 11 പേരെ കൂട്ട ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. തലസ്ഥാനത്തെയും രാജ്യത്തെ ആകെത്തന്നെയും ഞെട്ടിച്ച ആ സംഭവത്തിന് പിന്നിലെ വസ്തുതകള്‍ അന്വേഷിക്കുന്ന ലീന യാദവിന്റെ ട്രൂ ക്രൈം ഡോക്യുമെന്ററി ‘ഹൗസ് ഓഫ് സീക്രട്ട്സ്: ദ് ബുറാഡി ഡെത്ത്സ്’ റിലീസായതോടെ വീണ്ടും ചർച്ചകളും ശക്തമാവുകയാണ്. എന്താണ് ബുറാഡിയിലെ വീട്ടിൽ ആ രാത്രി സംഭവിച്ചത്?
കൂട്ടമരണം നടന്ന ദുരൂഹ രാത്രി
2018 ജൂൺ 30ന് രാത്രിയാണ് സന്ത് നഗറിൽ താമസിക്കുന്ന ഭാട്ടിയ കുടുംബത്തിലെ 11 പേർ ദുരൂഹസാഹചര്യത്തിൽ മരിച്ചത്. 10 പേർ ഇരുമ്പുഗ്രില്ലിൽ തൂങ്ങിയ രീതിയിലും വീട്ടിലെ ഏറ്റവും പ്രായം ചെന്ന വനിത നിലത്തു മരിച്ചുകിടക്കുന്ന നിലയിലുമായിരുന്നു. ചിലരുടെ കണ്ണും വായും മൂടുകയും കൈകൾ കെട്ടുകയും ചെയ്തിരിക്കുന്നതു ദുരൂഹത കൂട്ടി. ദുർമന്ത്രവാദത്തിന്റെ ഭാഗമായോ മറ്റോ കുടുംബത്തിലെ ഒരാൾ മറ്റുള്ളവരെ കൂട്ടക്കൊല ചെയ്തശേഷം ജീവനൊടുക്കിയതാകാമെന്നായിരുന്നു തുടക്കത്തിലേ പൊലീസിന്റെ സംശയം.
നാരായണി ഭാട്ടിയ (75), ആൺമക്കളായ ലളിത് (42), ഭൂപി (46), മകൾ പ്രതിഭ (55), മരുമക്കളായ സവിത (42), ടിന (38), കൊച്ചുമക്കളായ പ്രിയങ്ക (30), സ്വിത (22), നീതു (24), മീനു (22), ധീരു (12) എന്നിവരാണു മരിച്ചത്. വിശ്വാസപരമായ ചില ആചാരങ്ങൾ കുടുംബം പിന്തുടർന്നതായി വീട്ടിൽനിന്നു കിട്ടിയ കുറിപ്പുകൾ വ്യക്തമാക്കിയിരുന്നു. വീട്ടിൽ സംശയാസ്പദമായ രീതിയിൽ 11 കുഴലുകൾ സ്ഥാപിച്ചതും പൊലീസിനെ ചുറ്റിച്ചു. മന്ത്രവാദ സ്വാധീനമുണ്ടോ, മരണത്തിന് ആരെങ്കിലും പ്രേരിപ്പിച്ചിട്ടുണ്ടോ എന്നതുൾപ്പെടെ എല്ലാ സാധ്യതകളും പൊലീസ് ആരാഞ്ഞെങ്കിലും കൂടുതലൊന്നും കണ്ടെത്താനായില്ല. ആത്മഹത്യാ കുറിപ്പുപോലും ലഭിച്ചില്ല.
രാജസ്ഥാനിൽനിന്ന് 22 വർഷം മുൻപു ബുറാഡിയിലെ സന്ത് നഗറിൽ സ്ഥിരതാമസമാക്കിയ കുടുംബത്തിനു പലചരക്കിന്റെയും പ്ലൈവുഡിന്റെയും ബിസിനസായിരുന്നു. കൊലപാതക സംശയം പലരും ഉയർത്തിയതോടെ സൈക്കോളജിക്കൽ ഓട്ടോപ്സി ഉൾപ്പെടെയുള്ള അപൂർവ നടപടിക്രമങ്ങളും നടത്തിയെങ്കിലും കൂട്ടമരണത്തിലെ ദുരൂഹത കണ്ടെത്താനായില്ല. ആത്മഹത്യ തന്നെയെന്ന നിഗമനത്തിൽ അന്വേഷണം പൊലീസ് അവസാനിപ്പിക്കുകയും ചെയ്തു. കൂട്ടമോക്ഷപ്രാപ്തി ലക്ഷ്യമിട്ടുള്ള ആത്മഹത്യയാണെന്നായിരുന്നു പൊലീസ് നിഗമനം. ഭാട്ടിയ കുടുംബത്തിലെ വളർത്തുനായ ടോമിയും അധികം വൈകാതെ ഹൃദയാഘാതത്തെ തുടർന്നു ചത്തു.
സൂത്രധാരൻ മൂത്തമകനോ?
നാരായണിയുടെ മകൻ ലളിത് ഭാട്ടിയയെയാണ് സംഭവത്തിൽ പൊലീസ് സംശയിച്ചത്. കൂട്ടമരണത്തിന്റെ സൂത്രധാരനെന്നു കരുതുന്ന ലളിത് ഭാട്ടിയ, പിതാവിന്റെ ആത്മാവ് തനിക്കൊപ്പമുണ്ടെന്ന് അവകാശപ്പെട്ടിരുന്നു. പിതാവിന്റേതിനു പുറമെ മറ്റു നാല് ആത്മാക്കളും വീട്ടിലുണ്ടെന്നും ലളിത് പറഞ്ഞിരുന്നു. കുടുംബാംഗങ്ങളെ ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചശേഷം ഇയാളും ആത്മഹത്യ ചെയ്തിരിക്കാമെന്നാണു സംശയം.
You must be logged in to post a comment Login