Connect with us

Breaking News

ഉത്ര വധക്കേസില്‍ സൂരജ് കുറ്റക്കാരനെന്ന് കോടതി

Published

on


കൊല്ലം: അപൂര്‍വങ്ങളില്‍ അപൂര്‍വമായ അഞ്ചല്‍ ഉത്ര വധക്കേസില്‍ പ്രതി സൂരജ് കുറ്റക്കാരനാണെന്ന് കോടതി. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ ഭര്‍ത്താവ് സൂരജ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ജഡ്ജി മനോജാണ് വിധി പ്രസ്താവിച്ചത്. ശിക്ഷ ബുധനാഴ്ച പ്രഖ്യാപിക്കും. 

പ്രതി സൂരജിനെയും കോടതിയില്‍ ഹാജരാക്കിയിരുന്നു. വിധി പ്രസ്താവിക്കുന്നതിന് മുമ്പ് പ്രതിയെ കുറ്റങ്ങള്‍ വായിച്ചുകേള്‍പ്പിച്ചു. എന്തെങ്കിലും പറയാനുണ്ടോയെന്നും കോടതി പ്രതിയോട് ചോദിച്ചു. ഒന്നും പറയാനില്ലെന്നായിരുന്നു നിര്‍വികാരനായിനിന്ന സൂരജിന്റെ മറുപടി. തുടര്‍ന്ന് പ്രോസിക്യൂഷനും വാദം നടത്തി. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്നും പ്രതിക്ക് വധശിക്ഷ നല്‍കണമെന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. മോഹന്‍രാജ് കോടതിയില്‍ ആവശ്യപ്പെട്ടു. വിചിത്രവും പൈശാചികവും ദാരുണവുമായ കൊലപാതകമാണിതെന്നും പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ഉത്രയുടേത് കൊലപാതകമല്ലെന്ന് പ്രതിഭാഗവും കോടതിയില്‍ വാദിച്ചു. ഉത്രയുടെ ബന്ധുക്കളും വിധി കേള്‍ക്കാനായി കോടതിയിലെത്തിയിരുന്നു. ദാരുണമായ കൊലക്കേസിന്റെ വിധി അറിയാന്‍ വന്‍ജനക്കൂട്ടമാണ് കോടതിക്ക് മുന്നില്‍ തടിച്ചുകൂടിയത്. 

uthra murder case

2020 മേയ് ഏഴിനാണ് അഞ്ചല്‍ ഏറം വെള്ളശ്ശേരില്‍വീട്ടില്‍ ഉത്രയെ (25) സ്വന്തംവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് അടൂര്‍ പറക്കോട് സ്വദേശി സൂരജ് (27) ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനും അവരുടെ സ്വത്ത് കൈക്കലാക്കാനുംവേണ്ടി പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. സംസ്ഥാനത്ത് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തുന്ന ആദ്യകേസാണിത്.

പാമ്പുകടിച്ചത് സര്‍പ്പകോപമാണെന്ന് വരുത്തിത്തീര്‍ക്കാനും പ്രതി ശ്രമിച്ചതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കേസ് അത്യപൂര്‍വമാകുന്നത് കൊലപാതകം നടപ്പാക്കാനുള്ള പ്രതിയുടെ കുബുദ്ധിയും ഉപയോഗിച്ച പാമ്പ് എന്ന ആയുധവുമാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കേയാണ് കേസ് വിസ്താരം പൂര്‍ത്തിയാക്കിയത്. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 87 സാക്ഷികളെയും 288 രേഖകളും 40 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രതിഭാഗം മൂന്നുസാക്ഷികളെ വിസ്തരിക്കുകയും 24 രേഖകളും തൊണ്ടിമുതലായി മൂന്ന് സി.ഡി.കളും ഹാജരാക്കുകയും ചെയ്തു. സൂരജിന് പാമ്പുകളെ നല്‍കിയതായി മൊഴിനല്‍കിയ ചാവര്‍കാവ് സുരേഷിനെ ആദ്യം പ്രതിയും പിന്നീട് ഒന്നാംസാക്ഷിയുമാക്കി.

2020 മാര്‍ച്ച് രണ്ടിന് അടൂര്‍ പറക്കോട്ടുള്ള സൂരജിന്റെ വീട്ടില്‍ വെച്ച് ഉത്രയ്ക്ക് അണലിയുടെ കടിയേറ്റിരുന്നു. അതും കൊലപാതകശ്രമമായിരുന്നെന്ന് പോലീസ് കണ്ടെത്തി. അന്ന് ഉത്ര ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ സൂരജ് അടുത്ത പദ്ധതി തയ്യാറാക്കി. തുടര്‍ന്ന് 2020 മേയ് ഏഴിന് മൂര്‍ഖനെക്കൊണ്ടു കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഉത്രയെ അണലിയെക്കൊണ്ടും മൂര്‍ഖനെക്കൊണ്ടും കടിപ്പിക്കുന്നതിനുമുന്‍പ് പലതവണ സൂരജ് ഇന്റര്‍നെറ്റില്‍ പാമ്പുകളെക്കുറിച്ച് തിരഞ്ഞതായി പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

പ്രതി സൂരജ് പാമ്പിനെക്കൊണ്ട് രണ്ടുതവണ കടിപ്പിച്ചതിന്റെ മുറിപ്പാടുകള്‍ തമ്മിലുള്ള അകലം തെളിയിക്കാന്‍ കേസില്‍ ഡമ്മി പരീക്ഷണവും നടത്തിയിരുന്നു. സൂരജ് മൂര്‍ഖന്‍ പാമ്പിന്റെ തലയില്‍ പിടിച്ച് ഉത്രയെ കടിപ്പിച്ചതാണെന്ന് ശാസ്ത്രീയമായി തെളിയിക്കാന്‍ ഡമ്മി പരീക്ഷണം സഹായകമായതായി അന്വേഷണസംഘം പറയുന്നു.

ഉത്രയുടെ ഉയരത്തിലും ഭാരത്തിലുമുള്ള ഡമ്മി തയ്യാറാക്കി, അതില്‍ കോഴിയിറച്ചി കെട്ടിവെച്ച് മൂര്‍ഖനെക്കൊണ്ടു കടിപ്പിക്കുകയായിരുന്നു. സാധാരണ മൂര്‍ഖന്‍ കടിച്ചാല്‍, പല്ലുകള്‍ തമ്മിലുള്ള അകലം 1.7 സെന്റീമീറ്ററേ ഉണ്ടാകൂ. പാമ്പിനെ തലയില്‍ പിടിച്ച് കടിപ്പിക്കുമ്പോള്‍ ഇത് 2.8 സെന്റീമീറ്റര്‍വരെയാകും. ഉത്രയുടെ ശരീരത്തിലെ മുറിവുകളുടെ വ്യത്യാസം യഥാക്രമം 2.5-ഉം 2.8-ഉം സെന്റീമീറ്ററായിരുന്നു. പാമ്പിനെ തലയില്‍ പിടിച്ച് കടിപ്പിച്ചാല്‍മാത്രമേ ഇത്രയും അകലത്തില്‍ മുറിവുണ്ടാകൂ. 

ഡമ്മി പരീക്ഷണത്തിലൂടെ, ഉത്രയെ മൂര്‍ഖന്റെ തലയില്‍ പിടിച്ച് കടിപ്പിച്ചെന്ന് അന്വേഷണസംഘം ശാസ്ത്രീയമായി തെളിയിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലായ് അവസാനവാരം കുളത്തൂപ്പുഴ അരിപ്പയിലെ വനംവകുപ്പിന്റെ പരിശീലനകേന്ദ്രത്തില്‍വെച്ചാണ് അന്നത്തെ കൊല്ലം റൂറല്‍ എസ്.പി. ഹരിശങ്കറിന്റെ നേതൃത്വത്തില്‍ ഡമ്മി പരീക്ഷണം നടത്തിയത്.

ഉത്രയെ കടിപ്പിച്ച പാമ്പിന്റെ പോസ്റ്റ്‌മോര്‍ട്ടവും കേസില്‍ നിര്‍ണായക തെളിവായി. കുറഞ്ഞത് ഏഴുദിവസമായി പട്ടിണി കിടന്ന പാമ്പാണിതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. പാമ്പിനെ പ്ലാസ്റ്റിക് ഭരണിയിലാക്കി സൂക്ഷിച്ചിരുന്നതാണെന്നതിന് ഇത് തെളിവാകുകയും ചെയ്തു. ഉത്രയെ രണ്ടു പ്രാവശ്യം പാമ്പ് കടിച്ചപ്പോഴും സൂരജ് മാത്രമാണ് കിടപ്പുമുറിയില്‍ ഉണ്ടായിരുന്നതെങ്കിലും എന്താണു സംഭവിച്ചതെന്ന് കോടതിയില്‍ വിശദീകരിക്കാന്‍ തയ്യാറാകാത്തത് ഗൗരവമേറിയ സാഹചര്യമാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. മൂര്‍ഖന് ഉത്ര കിടന്ന മുറിയില്‍ കയറാന്‍ പഴുതില്ലായിരുന്നെന്നും ജനല്‍വഴി കയറാനുള്ള സാധ്യതയില്ലെന്നും വിദഗ്ധ സാക്ഷികളും മൊഴി നല്‍കിയിരുന്നു.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

തലശ്ശേരി ഹെഡ് പോസ്റ്റോഫീസ് കെട്ടിടത്തിൽ താത്കാലിക ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി : ഹെഡ് പോസ്റ്റ് ഓഫീസ് കെട്ടിടത്തിൽ താത്കാലിക ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പാർട്ട് ടൈം സ്വീപ്പർ തലശ്ശേരി പപ്പൻ പീടികയ്ക്ക് സമീപത്തെ വി.ഗംഗാധരൻ (67) ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറൽ ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

നാളെ ഡ്രൈ ഡേ; സംസ്ഥാനത്ത് മദ്യശാലകൾ തുറക്കില്ല

Published

on

Share our post

തിരുവനന്തപുരം: നാളെ സംസ്ഥാനത്തെ എല്ലാ മദ്യശാലകൾക്കും ഡൈ ഡേ. ദുഃഖവെള്ളി പ്രമാണിച്ചാണ് അവധി. ബെവ്കോ, കൺസ്യൂമർഫെഡ് ഇന്ത്യൻ നിർമ്മിത വിദേശമദ്യ ചില്ലറ വില്പനശാലകളും ബാറുകളും കള്ളുഷാപ്പുകളും പ്രവർത്തിക്കില്ല. അതോടൊപ്പം ദുഃഖവെള്ളിയുടെ പൊതു അവധി കേന്ദ്ര സർക്കാർ റദ്ധാക്കി എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണ്. നാളെ പൊതു അവധിഉള്ള എല്ലാ സ്ഥലത്തും അവധി തന്നെയായിരിക്കും.


Share our post
Continue Reading

Breaking News

രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ

Published

on

Share our post

മുംബൈ: കോൺഗ്രസ് പ്രവർത്തക സമിതി അം​ഗം രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ( ഇ ഡി ) പ്രതിഷേധം സംഘടിപ്പിച്ചതിനാണ് രമേശ് ചെന്നിത്തലയെ അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ കോൺഗ്രസ് പ്രസിഡന്റ് അടക്കമുള്ള ഉന്നത സംസ്ഥാന നേതാക്കളും അറസ്റ്റിലായെന്നാണ് റിപ്പോർട്ട്. നാഷണൽ ഹെറാൾഡ് കേസിലെ ഇ.ഡി നടപടിക്കെതിരെയായിരുന്നു രമേശ് ചെന്നിത്തല അടക്കമുള്ള കോൺ​ഗ്രസ് നേതാക്കൾ മുംബൈയിൽ പ്രതിഷേധം സംഘടിപ്പിച്ചത്. തുടർന്ന് പൊലീസ് എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. രമേശ് ചെന്നിത്തലയെ ദാദർ സ്റ്റേഷനിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!