ഡോ: കെ. ജി. കിരൺ
പേരാവൂർ : നമ്മുടെ കുട്ടികളെ മാരകമായ അസുഖങ്ങളിൽ നിന്നും സംരക്ഷിക്കുകയും പലതരം പകർച്ചവ്യാധികളിൽ നിന്നുള്ള മരണനിരക്ക് കുറയ്ക്കുന്നതിലും പ്രതിരോധകുത്തിവെപ്പുകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ട്യൂബർകുലോസിസ്, ഡിഫ്തീരിയ, പെർടൂസിസ്, മീസിൽസ്, പോളിയോ, ഇൻഫ്ലുവൻസ, ഹെപ്പറ്റൈറ്റിസ്-ബി എന്നീ മാരകമായ അസുഖങ്ങളിൽ നിന്നും രക്ഷനേടാൻ പ്രതിരോധകുത്തിവെപ്പുകൾ ലഭ്യമാണ്. പ്രതിരോധ കുത്തിവെപ്പുകളുടെ ഇടയിലേക്ക് ഒക്ടോബർ മുതൽ പുതുതായി ഒരു വാക്‌സിൻ കൂടി നൽകാൻ തീരുമാനം എടുത്തിരിക്കുന്നു. കുട്ടികളിൽ ഗുരുതരമായ ന്യൂമോണിയ ഉണ്ടാക്കുന്ന സ്ട്രെപ്റ്റോകോക്കസ് ന്യുമോണിയ അഥവാ ന്യുമോകോക്കസിന് എതിരെയുള്ള ന്യുമോകോക്കൽ കോൺജുഗേറ്റ് വാക്‌സിൻ ആണിത്.
ന്യുമോകോക്കൽ അസുഖങ്ങൾ
ന്യൂമോണിയ, മസ്തിഷ്‌കജ്വരം, അണുബാധ,ചെവിയിലെ പഴുപ്പ് എന്നീ രീതിയിലാണ് കുട്ടികളിൽ പ്രകടമാകാറുള്ളത്. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളിൽ ന്യുമോണിയ ബാധിച്ചുള്ള മരണങ്ങൾക്ക് പ്രധാനകാരണമാണ് ന്യുമോകോക്കസ്.
പ്രതിരോധശക്തി കുറഞ്ഞ കുട്ടികൾ, കിഡ്‌നി അസുഖങ്ങൾ, അരിവാൾ രോഗങ്ങൾ, പോഷകാഹാരക്കുറവുള്ള കുട്ടികൾ എന്നീ വിഭാഗത്തിലുള്ളവർക്ക് ന്യുമോകോക്കൽ അസുഖങ്ങൾ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ചുമക്കുമ്പോഴും തുമ്മുമ്പോഴും ഉണ്ടാകുന്ന ചെറിയ കണങ്ങളിൽ കൂടി രോഗം മറ്റുള്ളവരിലേക്ക് പകരുന്നു.
ന്യുമോകോക്കൽ-ന്യൂമോണിയ വാക്‌സിൻ
സ്‌ട്രെപ്‌റ്റോകോക്കൽ ന്യുമോണിയ എന്ന രോഗാണുവിന്റെ ബാഹ്യ ആവരണത്തിലെ പോളിസിക്കറയ്ഡ് മറ്റൊരു പ്രോട്ടീൻ കാരിയറുമായി കൂട്ടിച്ചേർത്താണ് വാക്‌സിൻ നിർമ്മിച്ചിരിക്കുന്നത്.
ഗുണമേന്മ ഉറപ്പുവരുത്താൻ വാക്‌സിൻ വയൽ മോണിട്ടർ സംവിധാനം
വളരെ വിലകൂടിയതും ഫലപ്രാപ്തി ഉള്ളതുമായ വാക്‌സിൻ 146 രാജ്യങ്ങളിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളായ യുപി, ബീഹാർ, രാജസ്ഥാൻ എന്നിവിടങ്ങളിലും കുറച്ചുവർഷങ്ങളായി നൽകിവരുന്നു. കേരളത്തിലെ പ്രൈവറ്റ് സെക്ടറുകളിലും കുറച്ചുവർഷങ്ങളായി വാക്‌സിൻ ലഭ്യമാണ്. ഒരു ഡോസിന് 3000 രൂപയോളം വില വരും.
വാക്‌സിൻ സമയക്രമം
ഒന്നര മാസത്തിലും മൂന്നര മാസത്തിലുമുള്ള 2 പ്രൈമറി ഡോസുകളും ഒമ്പതാം മാസത്തിൽ ഉള്ള ഒരു ബൂസ്റ്റർ ഡോസും ആണ് നൽകിവരുന്നത്. 0.5 മില്ലി വലതുകാലിന്റെ തുടയിൽ മസിലിന് അകത്തേക്കാണ് കുത്തിവെക്കുന്നത്.
പാർശ്വഫലങ്ങൾ വളരെ കുറവ്
അഞ്ച് ശതമാനത്തിൽ താഴെ മാത്രം ചെറിയ പനി വേദന എന്നീ ലക്ഷണങ്ങൾ കണ്ടേക്കാം. വളരെ സുരക്ഷിതമായ വാക്‌സിൻ.
പി.സി.വി നൽകാൻ പാടില്ലാത്ത വിഭാഗം
ഡിഫ്തീരിയ ടോക്‌സോയിഡ് ഗണത്തിൽപ്പെട്ട വാക്‌സിന് അലർജിയുള്ളവർ, മുൻപ് പി.സി.വി വാക്‌സിന് അലർജി വന്നിട്ടുള്ളവർ.
വാക്‌സിനുകൾക്ക് അതിപ്രധാനം ഉള്ള ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. കോവിഡ് വാക്‌സിൻ കുട്ടികൾക്ക് നൽകാനുള്ള തീരുമാനം ഉടനെ വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. കോവിഡിനെക്കാൾ കുട്ടികളെ സാരമായി ബാധിക്കുന്ന ന്യുമോകോക്കൽ അസുഖങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കാൻ ഒക്ടോബർ മുതൽ ആരംഭിക്കുന്ന പി.സി.വി വാക്‌സിൻ അർഹതപ്പെട്ട എല്ലാകുട്ടികൾക്കും ലഭ്യമാക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കുക.
# പേരാവൂർ താലൂക്കാസ്പത്രിയിലെ ശിശു രോഗ വിദഗ്ദനാണ് ലേഖകൻ
You must be logged in to post a comment Login