കണ്ണൂർ: കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം പയ്യാമ്പലത്ത് സംസ്കരിക്കുന്നതും രാഷ്ട്രീയ വിവാദമാകുന്നു. പയ്യാമ്പലം പൊതുശ്മശാനത്തില്‍ മൃതദേഹം കോർപറേഷൻ നേരിട്ട് സംസ്കരിക്കുമെന്ന നിലപാടിനോട് സി.പി.എം പ്രതികരിച്ചതോടെയാണ് പുതിയ വിവാദത്തിന് തുടക്കമായത്. സിപി.എമ്മിൻെറ നേതൃത്വത്തിലുള്ള ഐ.ആർ.പി.സി എന്ന സന്നദ്ധ സംഘടനയാണ് നേരത്തെ സൗജന്യമായി പയ്യാമ്പലത്ത് കോവിഡ് രോഗികളുടെ മൃതദേഹം ദഹിപ്പിച്ചിരുന്നത്. ഇത്തരത്തിൽ ഒരു വർഷത്തിനിടെ 123 മൃതദേഹങ്ങൾ ഐ.ആർ.പി.സി സംസ്കരിച്ചിട്ടുണ്ട്. ഐ.ആർ.പി.സി വളൻറിയർമാരെ തടയാൻ ലക്ഷ്യമിട്ടാണ് കോർപറേഷൻെറ പുതിയ തീരുമാനമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പ്രതികരിച്ചിരുന്നു. കോർപറേഷൻ നിലപാടിനെതിരെ കോർപറേഷനിലെ പ്രതിപക്ഷ കൗൺസിലർമാരും രംഗത്തെത്തിയിട്ടുണ്ട്.
കോവിഡ് രോഗികളുടെ മൃതദേഹം സംസ്കരിക്കാന്‍ ഐ.ആര്‍.പി.സി, ഡി.വൈ.എഫ്.ഐ ഉള്‍പ്പെടെ നിരവധി സന്നദ്ധ സംഘടനകളുടെ വളൻറിയര്‍മാര്‍ കോവിഡ് മാനദണ്ഡം പാലിച്ച് സൗജന്യമായി സേവനമനോഭാവത്തോടെ ഒരു വര്‍ഷത്തിലേറെയായി പ്രവര്‍ത്തിച്ചുവരുന്നുണ്ട്. അവരെക്കൂടി ഉള്‍ക്കൊണ്ടുകൊണ്ടായിരിക്കണം കോർപറേഷന്‍ പുതുതായി ആരംഭിക്കുന്ന സംവിധാനമെന്നും എം.വി. ജയരാജൻ ആവശ്യപ്പെട്ടിരുന്നു. ജയരാജൻെറ പ്രസ്താവനക്കെതിരെ മേയർ തന്നെ പ്രതികരണവുമായി രംഗത്തുവന്നതോടെ പയ്യാമ്പലത്തെ സംസ്കാരവും രാഷ്ട്രീയ ആരോപണങ്ങൾക്കും പ്രത്യാരോപണങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. അതിനിടെ പയ്യാമ്പലത്ത് സംസ്കാരം നടത്തുന്നതിൽനിന്ന് ഐ.ആർ.പി.സി വളൻറിയർമാരെ മാറ്റിനിർത്താനുള്ള നീക്കം അനുചിതവും അപലപനീയവുമാണെന്ന് സി.പി.എം കോർപറേഷൻ പാർലമൻെററി പാർട്ടി നേതാവ് എൻ. സുകന്യ മേയർക്ക് നൽകിയ കത്തിൽ അഭിപ്രായപ്പെട്ടു. അടിയന്തരമായി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി യോഗം വിളിക്കണമെന്ന് സ്റ്റാൻഡിങ് കമ്മിറ്റിയിലെ എൽ.ഡി.എഫ് അംഗങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.
കോവിഡ് ആരംഭിച്ചതിനുശേഷം കഴിഞ്ഞ 15 മാസവും കോവിഡ് രോഗികളുടെ മൃതദേഹം സംസ്കരിക്കുന്നതിൽ കോർപറേഷന് ഒന്നും ചെയ്തിരുന്നില്ലെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ പറഞ്ഞു. പയ്യാമ്പലത്ത് മൃതദേഹം സംസ്കരിക്കാന്‍, കോവിഡ് ബാധിച്ചവരാണെങ്കിലും അല്ലെങ്കിലും ഫീസൊന്നും വാങ്ങാതെ സൗജന്യമായ സേവനമാണ് കോർപറേഷന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതിനെ ആരും എതിര്‍ക്കുകയില്ല. ഇപ്പോള്‍ അങ്ങനെയല്ല ചെയ്യുന്നത്. കോർപറേഷന് വെളിയിലുള്ള കോവിഡേതര മരണമാണെങ്കില്‍ നിശ്ചിത ഫീസ് വാങ്ങിക്കുന്നുണ്ട്. അത് ഒഴിവാക്കുകയാണ് വേണ്ടത്. കോർപറേഷന് വെളിയില്‍ വിവിധ സ്ഥലങ്ങളില്‍നിന്ന് മൃതദേഹം സംസ്കരിക്കാന്‍ എത്തിക്കുന്നത് ആ പ്രദേശത്തുള്ള ബന്ധുക്കളടക്കമുള്ള സന്നദ്ധ വളൻറിയര്‍മാരും സന്നദ്ധ സേവകരുമാണ്. ഇവർ പ്രതിഫലം പറ്റുന്നവരല്ല. മേയര്‍ പ്രഖ്യാപിച്ച പുതിയ തീരുമാനം അത്തരക്കാരെ വിലക്കാനാവരുതെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹം സംസ്കരിക്കാന്‍ പരിശീലനം നേടിയ 80 വളൻറിയര്‍മാരുള്ള സംഘടനകളെ ഒഴിവാക്കി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കാന്‍ കഴിയുമെന്ന് മേയര്‍ കരുതരുത്. ഇവരെയെല്ലാം സഹകരിപ്പിക്കുകയാണ് മേയര്‍ ചെയ്യേണ്ടത്. അല്ലാതെ രാഷ്ട്രീയ കളി നടത്തുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
You must be logged in to post a comment Login