ട്രാഫിക് നിയമലംഘനത്തിന് പിഴ ചുമത്തിയെന്ന മെസേജ് കിട്ടിയോ; പണമടക്കുന്നതിന് മുമ്പ് മൂന്ന് കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം
തൃക്കാക്കര: വ്യാജ ഇ-ചെലാനുകളും മോട്ടോർവാഹന വകുപ്പിന്റെ വ്യാജ വെബ് സൈറ്റുമുണ്ടാക്കി സൈബർ തട്ടിപ്പുകാർ രംഗത്ത്. ട്രാഫിക് നിയമലംഘനത്തിന് പിഴ ചുമത്തിയിട്ടുണ്ടെന്നും ഓൺലൈനായി അടയ്ക്കാനുള്ള ലിങ്കും സൂചിപ്പിക്കുന്ന മൊബൈൽ ഫോൺ സന്ദേശങ്ങളാണ് പുതിയ തട്ടിപ്പിന്റെ അടിസ്ഥാനം.
വാഹന നമ്പർ അടക്കം ഇത്തരം സന്ദേശങ്ങളിൽ ഉള്ളതിനാൽ നിരവധിപേർ വെബ്സൈറ്റിൽ കയറി പിഴയടച്ച് കബളിപ്പിക്കലിൽ പെടുന്നുണ്ട്. മൊബൈൽ ഫോൺ ആപ്ലിക്കേഷനുകളിൽ നിന്ന് വാഹന ഉടമകളുടെ വിശദാംശങ്ങളും ഫോൺനമ്പറും ശേഖരിച്ചാണ് തട്ടിപ്പ്.
വ്യാജസന്ദേശങ്ങൾ എങ്ങനെ തിരിച്ചറിയാം?
യഥാർത്ഥ ഇ-ചലാൻ സന്ദേശത്തിൽ എൻജിൻ, ചേസിസ് നമ്പറുകളും മറ്റ് വിവരങ്ങളും ഉണ്ടാകും. https://echallan.parivahan.gov.in എന്നതാണ് ഔദ്യോഗിക വെബ്സൈറ്റ്. തട്ടിപ്പുകാരുടെ സന്ദേശത്തിൽ പലപ്പോഴും https://echallanparivahan.in എന്നാണുള്ളത്.
വ്യത്യാസം gov എന്ന ഒരു വാക്ക് മാത്രമാണ്. ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് പണം അടച്ചാൽ ബാങ്ക് അക്കൗണ്ട്, ഡെബിറ്റ്-ക്രെഡിറ്റ് കാർഡ് വിവരങ്ങളും ഹാക്കർമാരുടെ കൈയിലെത്തും. ഫോൺ ഹാക്ക് ചെയ്ത് ബാങ്ക് അക്കൗണ്ടിലെ മുഴുവൻ പണവും നഷ്ടമായേക്കാം.
എന്താണ് മുൻകരുതൽ
• ഫോണിൽ ഇ-ലാൻ സന്ദേശം ലഭിച്ചാൽ ഉടൻ പണം അടക്കരുത്.
.വിശദാംശങ്ങൾ പരിശോധിക്കണം.
• യഥാർത്ഥ സന്ദേശത്തിൽ എൻജിൻ, ചേസിസ് നമ്പറുകളുണ്ടാകും.
• ഇ-ചലാൻ സന്ദേശം ഒരിക്കലും ഫോൺ നമ്പറിൽ നിന്ന് വരില്ല.
എങ്ങനെ പരാതിപ്പെടാം?
ഓൺലൈൻ തട്ടിപ്പിന് ഇരയായാൽ ഉടൻ തന്നെ നാഷണൽ സൈബർ കംപ്ലയിന്റ് പോർട്ടലിന്റെ 1930, 112 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ പരാതിപ്പെടാം.
