“വേദനയുണ്ടാക്കി’; സൈബര്‍ ആക്രമണത്തില്‍ പരാതി നല്കി ഗീതു തോമസ്
കോട്ടയം: സൈബര്‍ ആക്രമണത്തില്‍ പോലീസില്‍ പരാതി നല്കി പുതുപ്പള്ളിയിലെ എല്‍.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി. തോമസിന്റെ ഭാര്യ ഗീതു തോമസ്. കോട്ടയം എസ്പിക്കാണ് പരാതി നല്‍കിയത്.
ഗീതു തോമസ് വോട്ട് അഭ്യര്‍ഥിക്കാന്‍ പോകുന്ന വീഡിയോ എഡിറ്റ് ചെയ്താണ് സൈബര്‍ ആക്രമണമുണ്ടായത്. ഗര്‍ഭിണിയായ ഭാര്യയെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഇറക്കി ജെയ്ക് സഹതാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു എന്ന തരത്തിലാണ് ആക്ഷേപമുയര്‍ത്തിയത്.
ഫാന്റം പൈലി എന്ന അക്കൗണ്ടില്‍ നിന്നാണ് സൈബര്‍ ആക്രമണം ഉണ്ടായത്. “ജെയിക്കിന്റെ അവസാനത്തെ അടവ്. ഗര്‍ഫിണി എന്ന് പറയപ്പെടുന്ന ഭാര്യയെ ഇലക്ഷന് വര്‍ക്കിന് ഇറക്കി സഹതാപം ഉണ്ടാക്കി എടുക്കല്‍. അത് പുതുപ്പള്ളിയില്‍ ചിലവാകില്ല ജെയ്ക് മോനു’ എന്നായിരുന്നു വീഡിയോയ്ക്ക് നല്കിയ അടിക്കുറിപ്പ്. പോസ്റ്റിനു താഴെ നിരവധി പേരാണ് മോശം കമന്റുകളുമായി എത്തിയത്.
എഡിറ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചത് വലിയ വേദനയുണ്ടാക്കിയെന്ന് ഗീതു പ്രതികരിച്ചു. കോണ്‍ഗ്രസ് അനുകൂല അക്കൗണ്ടുകളില്‍ നിന്നുണ്ടാകുന്നത് വ്യാപകമായ ആക്രമണമാണ്. ഒരൊറ്റ കോണ്‍ഗ്രസ് നേതാവും ഇതിനെ തള്ളിപറയാന്‍ തയാറായില്ലെന്നും ഗീതു പറഞ്ഞു.
ഭാര്യയ്ക്കെതിരേയുള്ള സൈബര്‍ ആക്രമണം മ്ലേച്ഛമെന്ന് ജെയ്ക് പറഞ്ഞു. തനിക്ക് പരിചയമുള്ള ചിലയിടങ്ങളില്‍ പോയി വോട്ടഭ്യര്‍ഥിക്കുക മാത്രമാണ് ഗീതു ചെയ്തത്. അതിന്റെ പേരിലാണ് സൈബര്‍ അധിക്ഷേപം നടക്കുന്നതെന്നും ജെയ്ക് പറഞ്ഞു.
