ഇന്ത്യന്‍ വിപണിയില്‍ സ്വീകാര്യത നേടണമെങ്കില്‍ അതിന് വിലക്കുറവിന്റെ പിന്തുണ കൂടി വേണം. പണ്ട് ജിയോ 4ജി പ്ലാനുകള്‍ അവതരിപ്പിച്ചതും ഷാവോമി സ്മാര്‍ട്‌ഫോണ്‍ വിപണി പിടിച്ചടക്കിയതും വിലക്കുറവില്‍ മികച്ച സേവനങ്ങള്‍ ലഭ്യമാക്കിയാണ്.ഈ മാതൃക തന്നെ 5ജി ഫോണുകളുടെ കാര്യത്തിലും പ്രയോഗിക്കാനുള്ള നീക്കത്തിലാണ് കമ്പനികള്‍. ഇതിനായി സ്മാര്‍ട്‌ഫോണ്‍ കമ്പനികളും ടെലികോം സേവനദാതാക്കളും കൈകോര്‍ക്കുകയാണ്. കുറഞ്ഞ നിരക്കില്‍ ഫോണുകളും 5ജി കണക്ഷനുകളും ലഭ്യമാക്കുകയാണ് ഈ സഹകരണത്തിന്റെ ലക്ഷ്യം.
എന്നാല്‍ ഫോണിന്റെ നിരക്കിലും 5ജി കണക്ഷനിലും ഇളവും കൊണ്ടുവരുന്നത് അത്ര എളുപ്പമല്ല എന്നാണ് കമ്പനികള്‍ പറയുന്നത്. ഉപയോക്താക്കളെ, പ്രത്യേകിച്ച് ഉയര്‍ന്ന തുക ചെലവാക്കുന്നവരെ ആകര്‍ഷിക്കാന്‍ , അണ്‍ലിമിറ്റഡ് ഡാറ്റ, ഒടിടി സേവനങ്ങള്‍, ഗെയിമിംഗ് എന്നിവ ഒന്നിച്ച് നല്‍കുന്ന ബണ്ടില്‍ പ്ലാനുകള്‍ ആവിഷ്‌കരിക്കാനുള്ള ശ്രമത്തിലാണ് കമ്പനികള്‍.തങ്ങളുടെ സി സീരീസ് മോഡലുകള്‍ക്ക് വേണ്ടി ഭാരതി എയര്‍ടെല്ലുമായി കമ്പനി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണെന്ന് റിയല്‍മി ഇന്ത്യ മേധാവി മാധവ് ഷേത്ത് അടുത്തിടെ പറഞ്ഞിരുന്നു. കാഷ്ബാക്ക്, ആഡ്-ഓണ്‍ ഓഫറുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ബണ്ടില്‍ ഓഫറിലുണ്ടാവുക. റിയല്‍മി സി 30 വാങ്ങുന്ന എയര്‍ടെല്‍ ഉപഭോക്താവിന് 750 രൂപ ഡിസ്‌കൗണ്ട് പോലുള്ള ഓഫറുകളായിരിക്കും ഇത്. മറ്റ് ഫോണുകളിലും കമ്പനി ഈ രീതി പിന്തുടരുമെന്നും ഷേത്ത് പറഞ്ഞു.
മറ്റ് സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍ ഇപ്പോഴും ഇങ്ങനെയുള്ള സഹകരണം പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ഷാവോമി, ഓപ്പോ, വിവോ, സാംസങ് പോലുള്ള കമ്പനികള്‍ വിവിധ ടെലികോം സേവന ദാതാക്കളുമായി ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.റിലയന്‍സ് ജിയോ ഗൂഗിളുമായി സഹകരിച്ച് വില കുറഞ്ഞ 5ജി ജിയോഫോണുകള്‍ അവതരിപ്പിക്കുമെന്ന് കമ്പനി ചെയര്‍മാന്‍ മുകേഷ് അംബാനി അടുത്തിടെ കഴിഞ്ഞ വാര്‍ഷിക പൊതുയോഗത്തില്‍ പ്രഖ്യാപിച്ചിരുന്നു. 5ജി സേവനങ്ങള്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ ബ്രാന്‍ഡുകളുമായി ചര്‍ച്ചയിലാണെന്നും അദ്ദേഹം പറഞ്ഞു.
2ജി, 3ജി, 5ജി എന്നിവയില്‍ നിന്ന് വ്യത്യസ്തമായി 5ജി ഓഫറുകള്‍ കൂടുതലും ബണ്ടിലുകളായാവും നല്‍കുകയെന്നാണ് വിദഗ്ദര്‍ പറയുന്നത്. ഒടിടി, ഗെയിമിങ് പോലുള്ളവ മാത്രമാവില്ല. ബിസിനസ് കണക്ഷനുകളെടുക്കുന്നവര്‍ക്ക് മൈക്രോസോഫ്റ്റ് ഓഫീസ് സബ്‌സ്‌ക്രിപ്ഷന്‍ പോലുള്ള ആഡ് ഓണ്‍ ഓഫറുകളും അതിലുണ്ടാവും.പ്രീമിയം നിരക്കുകളിലായിരിക്കും 5ജി താരിഫുകള്‍ ഉണ്ടാവുക. അണ്‍ലിമിറ്റഡ് ഡാറ്റ, ഓടിടി സേവനങ്ങള്‍, ഗെയിമിങ് എല്ലാം അടങ്ങുന്ന പ്ലാനുകള്‍ക്ക് വലിയ തുക നല്‍കേണ്ടി വരും.അതുപോലെ, ഫോണിന്റെ വില കുറയ്ക്കാനുമുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. നേരത്തെ സൂചിപ്പിച്ച ജിയോ, ഗൂഗിള്‍ സഹകരണം അതിനൊരു ഉദാഹരണമാണ്.
ഉത്പന്നങ്ങളുടെ വിലയ്ക്ക് വലിയ പ്രാധാന്യമുള്ള ഇന്ത്യ പോലുള്ളൊരു വിപണിയില്‍ 5ജി ഫോണുകള്‍ 10000 രൂപയില്‍ താഴെ ലഭ്യമാക്കുകയെന്നത് വലിയൊരു നീക്കമായിരിക്കും. നിലവില്‍ 5ജി ഫോണുകള്‍ക്ക് കുറഞ്ഞത് 13000 രൂപ വിലയുണ്ട്. ഈ വര്‍ഷം തന്നെ അത് 11000 ലേക്കും അടുത്ത വര്‍ഷത്തോടെ 10000 ലേക്കും കുറയ്ക്കാനുള്ള ശ്രമങ്ങളാണ് കമ്പനികള്‍ നടത്തിവരുന്നത്.നിലവില്‍ ഫീച്ചര്‍ ഫോണുകളില്‍ നിന്ന് സ്മാര്‍ട്‌ഫോണുകളിലേക്കുള്ള മാറ്റം മന്ദഗതിയിലാണ്. ഈ സാഹചര്യത്തില്‍ 5ജി ഫോണുകളിലേക്കുള്ള മാറ്റം എത്രത്തോളം വിജയകരമാവുമെന്ന് പറയാനാവില്ല. ഇത് മറികടക്കാനും വലിയ ബണ്ടില്‍ ഓഫറുകള്‍ വഴിയൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.