തിരുവനന്തപുരം: ലിക്വിഡേറ്റ് ചെയ്ത സഹകരണ സംഘങ്ങളിലെ നിക്ഷേപസുരക്ഷ അഞ്ചു ലക്ഷമാക്കി ഉയർത്താൻ സർക്കാർ നടപടി തുടങ്ങി. നിലവിൽ ഇതു രണ്ടു ലക്ഷം രൂപ വരെ മാത്രമാണ്. കാലാവധി പൂർത്തിയായ ശേഷവും നിക്ഷേപകർക്ക് പണം തിരികെ നൽകാൻ സംഘങ്ങൾക്ക് കഴിയാതെ വരുമ്പോഴാണ് ഇത്തരത്തിൽ ഗാരന്റി തുക നൽകുന്നത്. നിക്ഷേപത്തുക എത്രയാണെങ്കിലും പരമാവധി രണ്ടു ലക്ഷം രൂപ മാത്രമേ ഇത്തരത്തിൽ ഗാരന്റിയായി നൽകുകയുള്ളൂ.
കേരള സഹകരണ നിക്ഷേപ ഗാരന്റി സ്കീം 2018 പ്രകാരമാണ് ലിക്വിഡേഷൻ ചെയ്യപ്പെട്ട സംഘങ്ങളിലെ ലിക്വിഡേറ്ററുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിക്ഷേപകർക്ക് പരമാവധി രണ്ടു ലക്ഷം രൂപ വരെ നിക്ഷേപസുരക്ഷ ഏർപ്പെടുത്തിയിട്ടുള്ളത്.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് അടക്കം സഹകരണ മേഖലയിലെ സാമ്പത്തിക ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ ലിക്വിഡേറ്റ് ചെയ്യപ്പെടുന്ന സംഘങ്ങളുടെ എണ്ണം വലിയ തോതിൽ ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി. ഇത് സഹകരണ മേഖലയുടെ വിശ്വാസ്യതയെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് നിക്ഷേപസുരക്ഷാ തുക വർധിപ്പിക്കുന്നതിനുള്ള നടപടികളിലേക്ക് സർക്കാർ കടന്നത്.
ബാങ്കുകൾ ഉൾപ്പെടെ സംസ്ഥാനത്തെ 164 സഹകരണ സ്ഥാപനങ്ങളാണ് നിക്ഷേപകർക്ക് പണം തിരികെ നൽകാനുള്ളത്. ഇതിൽ പലതും ലിക്വിഡേഷൻ നടപടികൾ ആരംഭിച്ചതോ സഹകരണ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം നടപടികൾ ആരംഭിച്ചിട്ടുള്ളതോ പ്രവർത്തന വൈകല്യംമൂലം പിരിച്ചുവിടപ്പെട്ടതോ ആയ സംഘങ്ങളാണ്.
അഡ്മിനിസ്ട്രേറ്റർ ഭരണം നിലനിൽക്കുന്നതോ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഭരിക്കുന്നതോ ആയ സംഘങ്ങളും ഇക്കൂട്ടത്തിലുണ്ട്.കാലാവധി പൂർത്തിയായിട്ടും നിക്ഷേപകർക്കു പണം തിരികെ നൽകാത്ത സഹകരണ സംഘങ്ങൾ ഏറ്റവും കൂടുതലുള്ളത് തിരുവനന്തപുരം ജില്ലയിലാണ്. 37 സംഘങ്ങളാണ് ഇത്തരത്തിൽ ജില്ലയിലുള്ളത്. കോട്ടയം-22, പത്തനംതിട്ട-15, ആലപ്പുഴ-15, കൊല്ലം-12, മലപ്പുറം-12, തൃശൂർ-11, കണ്ണൂർ-11, എറണാകുളം-എട്ട്, കോഴിക്കോട്-ഏഴ്, പാലക്കാട്-അഞ്ച്, ഇടുക്കി-നാല്, കാസർഗോഡ്-മൂന്ന്, വയനാട്-രണ്ട് എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ ലിക്വിഡേഷൻ നടപടികൾ നേരിടുന്ന സംഘങ്ങളുടെ എണ്ണം.