കൂത്തുപറമ്പ് : കൂത്തുപറമ്പ് ടൗണിൽ രാത്രിയിലെത്തുന്നവർ കൈയിൽ വെളിച്ചം കരുതിയില്ലെങ്കിൽ ‘പെട്ടത്’ തന്നെ. ബസ്‌സ്റ്റാൻഡിനകത്തും വിവിധയിടങ്ങളിലും സ്ഥാപിച്ച തെരുവുവിളക്കുകളിൽ മിക്കതും കണ്ണടച്ചതാണ് സന്ധ്യയാകുന്നതോടെ ടൗണിനെ അന്ധകാരത്തിലാക്കുന്നത്. കടകളിൽനിന്നുള്ള വെളിച്ചമാണ് ടൗണിലെത്തുന്നവർക്ക് ആശ്വാസം. ദൂരസ്ഥലങ്ങളിൽനിന്ന് വരുന്നവരും ഓഫീസ് വിട്ട് രാത്രിയിൽ ടൗണിലെത്തിച്ചേരുന്നവരുമാണ് ദുരിതം അനുഭവിക്കുന്നത്. ടൗണിൽ തെരുവുനായ്ക്കൾ തമ്പടിക്കുന്നതിനാൽ ഏറെ ഭയപ്പാടോടെയാണ് ഇവർ ടൗണിലെത്തുന്നത്. ലക്ഷങ്ങൾ ചെലവിട്ട് സ്ഥാപിച്ച സി.സി.ടി.വി. ക്യാമറ സംവിധാനവും തെരുവുവിളക്കുകൾ പ്രവർത്തിക്കാത്തതിനാൽ കാര്യക്ഷമമാകുന്നില്ല.
ബസ്‌സ്റ്റാൻഡിലുടനീളം അധികൃതർ എൽ.ഇ.ഡി. ബൾബുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ അവയിൽ മിക്കവയും പ്രവർത്തിക്കുന്നില്ല. ബസ്‌സ്റ്റാൻഡിനകത്ത് ബസ് കയറി വരുന്നിടത്തായുള്ള ചെറിയ പ്രകാശത്തിൽ മൂന്ന് ബൾബുകൾ മാത്രമാണ് കത്തുന്നത്. പാനൂർ ഭാഗത്ത് ബസ് കാത്തുനിൽക്കുന്നവരാണ് ഏറെ പ്രയാസപ്പെടുന്നത്. പൊതുവേ ഒഴിഞ്ഞതും കടകളിൽനിന്നുള്ള വെളിച്ചമെത്താത്തതുമായ ഇവിടെ ഒരു ബൾബുപോലും കത്തുന്നില്ല.
രാത്രി ഒൻപതുവരെയാണ് സ്റ്റാൻഡിനകത്തുനിന്ന് ബസ്സിൽ യാത്രക്കാരെ കയറ്റുന്നത്. തുടർന്ന് സ്റ്റാൻഡിന് മുൻവശത്തും വിവിധ സ്ഥലങ്ങളിലും നിർത്തിയിട്ടാണ് യാത്രക്കാരെ കയറ്റുന്നത്. സ്റ്റാൻഡിനകത്ത് ഇരിപ്പിടങ്ങളുണ്ടെങ്കിലും വെളിച്ചമില്ലാത്തതിനാൽ സ്ത്രീകളുൾപ്പെടെയുള്ള യാത്രക്കാർക്ക് സ്റ്റാൻഡിന് പുറത്ത് വെളിച്ചമുള്ളിടത്ത് ബസ് കാത്തിരിക്കേണ്ട സ്ഥിതിയാണ്.
തലശ്ശേരി റോഡിൽ നഗരസഭ ഓഫീസ് മുതൽ ബസ്‌സ്റ്റാൻഡ് വരെയുള്ള സ്ഥലത്തെ തെരുവുവിളക്കുകൾ മിക്കവയും കണ്ണടച്ചു. മട്ടന്നൂർ റോഡിൽ നവീകരണത്തിന്റെ ഭാഗമായി സ്ഥാപിച്ച തെരുവുവിളക്കുകളുള്ളത് ആശ്വാസമാണെങ്കിലും അവയിൽ ചിലത് വാഹനമിടിച്ചും മറ്റും തകരാറിലായതിനാൽ ചിലയിടങ്ങളിൽ പ്രയാസമാകുന്നുണ്ട്.
കണ്ണൂർ റോഡിൽ തെരുവുവിളക്കുകളുണ്ടെങ്കിലും കടയിലാണ് അതിന്റെ പ്രവർത്തനം സജ്ജീകരിച്ചിരിക്കുന്നത്. അതിനാൽ മിക്കപ്പോഴും കടക്കാരന്റെ പ്രവർത്തനസമയത്തെ ആശ്രയിച്ചാണ് തെരുവുവിളക്കുകളുടെ പ്രവർത്തനം നടക്കുന്നത്. ട്രഷറി റോഡിലൂടെ മിനി പാർക്കിനുള്ളിലെ വെളിച്ചമുള്ളതിനാലാണ് കാൽനടയാത്രക്കാർക്ക് ഭീതികൂടാതെ കടന്നുപോകാൻ കഴിയുന്നത്. പഴയ പോലീസ് ക്വാർട്ടേഴ്സിനു മുന്നിലുള്ള റോഡ് പൂർണമായും ഇരുട്ടിലാണ്. കാർ പാർക്കിങ് സ്ഥലമായതിനാൽ രാത്രിയിൽ നിർത്തിയിട്ട വാഹനങ്ങളെടുക്കാൻ വരുന്നവർ കൈയിൽ വെളിച്ചവും കരുതേണ്ട സ്ഥിതിയാണ്.
മാറോളിഘട്ട് ടൗൺ സ്ക്വയറിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റാണ് നഗരത്തിലെ അന്ധകാരത്തിൽനിന്ന് അല്പമെങ്കിലും മോചനം നൽകുന്നത്. കണ്ണൂർ റോഡ് ജങ്‌ഷനിലും ഊട്ടി, ബെംഗളൂരു ബസ് കാത്തുനിൽക്കുന്നവർക്കും ഓട്ടോറിക്ഷകളിൽ പോകേണ്ടവർക്കും ഹൈമാസ്റ്റ് ലൈറ്റ് ഏറെ സഹായകമാവുകയാണ്. കഴിഞ്ഞദിവസം സാങ്കേതിക കാരണങ്ങളാൽ ലൈറ്റ് പ്രവർത്തിക്കാഞ്ഞതിനെത്തുടർന്ന് നഗരം പൂർണമായും ഇരുട്ടിലമർന്നിരുന്നു.
കണ്ണൂർ റോഡ് ജങ്‌ഷന് സമീപത്തൂടെ കൂത്തുപറമ്പ് താലൂക്ക് ആസ്പത്രിയിലെത്തുന്ന വഴിയിലും കണ്ണാസ്പത്രിക്കുമുന്നിലൂടെ താലൂക്ക് ആസ്പത്രിയിലെത്തുന്ന റോഡിലെയും തെരുവുവിളക്കുകൾ മാസങ്ങളോളം പ്രവർത്തനരഹിതമായിരുന്നു. നാട്ടുകാരുടെ നിരന്തരമായ ഇടപെടലിലൂടെ ലൈറ്റുകൾ പൂർണമായും പ്രവർത്തനക്ഷമമായതിനാൽ ഇതുവഴി കടന്നുപോകുന്നവർക്ക് ഏറെ സഹായകരമായി.