ഗൂഗിള്‍ പേയും മറ്റ് യുപിഐ ആപ്പുകളും അതിവേഗം ഇന്ത്യന്‍ ജനജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞിട്ടുണ്ട്. ഒരു സ്മാര്‍ട്‌ഫോണ്‍ കയ്യിലുണ്ടെങ്കില്‍ വളരെ എളുപ്പം പണമിടപാടുകള്‍ നടത്താന്‍ ഈ സംവിധാനം സഹായിക്കുന്നു. ഗൂഗിള്‍ പേയില്‍ ഉപകാരപ്രദമാവുന്ന ചില സൗകര്യങ്ങളാണ് ഇവിടെ നല്‍കുന്നത്.
ഒന്നിലധികം ബാങ്ക് അക്കൗണ്ടുകള്‍ ചേര്‍ക്കാം
ഗൂഗിള്‍ പേയില്‍ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകള്‍ ചേര്‍ക്കാനാകുമെന്ന കാര്യം ഒരു പക്ഷെ പലര്‍ക്കും അറിയുമായിരിക്കും. ഒന്നിലധികം അക്കൗണ്ടുകളില്‍ നിന്നുള്ള പണമിടപാടുകള്‍ ഒരൊറ്റ ആപ്പ് ഉപയോഗിച്ച് നടത്താന്‍ ഗൂഗിള്‍ പേ സൗകര്യമൊരുക്കുന്നു. മറ്റൊരാള്‍ക്ക് പണമയക്കാന്‍ ഇതില്‍ ഏത് അക്കൗണ്ട് വേണമെങ്കിലും തിരഞ്ഞെടുക്കാനാവും. ഇത് കൂടാതെ നിങ്ങളുടെ തന്നെ ഒരു അക്കൗണ്ടില്‍ നിന്നും മറ്റൊരു അക്കൗണ്ടിലേക്ക് പണമയക്കുകയും ചെയ്യാം.
ഇതിനായി പ്രൊഫൈല്‍ പേജിലെ ‘Bank Account’ ഓപ്ഷന്‍ തിരഞ്ഞെടുത്ത് Add a bank account തിരഞ്ഞെടുക്കുക. ഇവിടെ നിന്ന് നിങ്ങളുടെ ബാങ്കുകള്‍ തിരഞ്ഞെടുത്ത് ഓരോന്നായി ചേര്‍ക്കാം. Profile/Bank Account തുറന്നാല്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ ഓരോന്നായി കാണാം. ഇതില്‍ നിങ്ങളുടെ പ്രൈമറി അക്കൗണ്ട് ഏതാണെന്നും തീരുമാനിക്കാം. ഇങ്ങനെ ചെയ്യുന്നതോടെ, നിങ്ങള്‍ക്ക് മറ്റുള്ളവര്‍ അയക്കുന്ന കാശ് പ്രൈമറി അക്കൗണ്ടിലേക്കാണ് എത്തുക.
എല്ലാ അക്കൗണ്ടുകളിലേയും ബാലന്‍സ് പരിശോധിക്കാം
നിങ്ങളുടെ അക്കൗണ്ടുകളിലുള്ള ബാലന്‍സ് പരിശോധിക്കാനുള്ള സൗകര്യം ഗൂഗിള്‍ പേയിലുണ്ട്. ഗൂഗിള്‍ ആപ്പ് തുറക്കുമ്പോള്‍ കാണുന്ന ഹോം പേജില്‍ തന്നെ താഴെയായി View Account Balance ഓപ്ഷനുണ്ട്. ഇതില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകളുടെ പട്ടിക കാണാം. ഇതില്‍ എതെങ്കിലും തിരഞ്ഞെടുത്തതിന് ശേഷം യുപിഐ പിന്‍ നല്‍കിയാല്‍ ബാലന്‍സ് കാണാന്‍ സാധിക്കും.
നിങ്ങള്‍ക്കും ക്യൂ.ആര്‍ കോഡുണ്ട്
തൊട്ടടുത്ത് നില്‍ക്കുന്ന മറ്റൊരാളില്‍ നിന്ന് പണം സ്വീകരിക്കാന്‍ അയാള്‍ക്ക് നിങ്ങളുടെ മൊബൈല്‍ നമ്പര്‍ പറഞ്ഞുകൊടുക്കണം എന്നില്ല. പകരം കടകിളും മറ്റും കാണുന്ന പോലുള്ള യുപിഐ ക്യൂആര്‍ കോഡുകള്‍ വഴി നിങ്ങള്‍ക്കും പണം സ്വീകരിക്കാനാവും. ഇതിനായി ചെയ്യേണ്ടത് ഇത്രമാത്രമാണ്.
ഗൂഗിള്‍ പേ ആപ്പ് തുറക്കുക. Scan any QR Code എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. അപ്പോള്‍ തുറന്നുവരുന്ന ക്യാമറ വിന്‍ഡോയ്ക്ക് മുകളിലായി ഒരു ക്യു.ആര്‍ കോഡ് ചിഹ്നം കാണാം. അത് തിരഞ്ഞെടുത്താല്‍ നിങ്ങളുടെ അക്കൗണ്ടിന്റെ ക്യൂ.ആര്‍ കോഡ് കാണാം. ഈ ക്യൂ.ആര്‍.കോഡ് മറ്റുള്ളവരെ കാണിച്ച് ആ ക്യൂ.ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണം സ്വീകരിക്കാം. ക്യൂ.ആര്‍ കോഡിന് മുകളിലായി നിങ്ങള്‍ക്ക് പണം സ്വീകരിക്കേണ്ട അക്കൗണ്ട് മാറ്റുകയും ചെയ്യാനാവും. ആര്‍ക്കും ഈ ക്യൂ.ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണമയക്കാനാവും.
ചെറിയ കടകള്‍ നടത്തുന്നവര്‍ക്കും വഴിയോര കച്ചവടക്കാര്‍ക്കുമെല്ലാം ഗൂഗിള്‍ പേ ബിസിനസ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ സ്വന്തം ക്യൂ.ആര്‍ കോഡ് നിര്‍മിച്ച് പ്രിന്റ് ചെയ്ത് കടകള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ ഇതുവഴി സാധിക്കും.
സ്വന്തം അക്കൗണ്ടിലേക്ക് പണമയക്കാം
ഇതിനായി സെല്‍ഫ് ട്രാന്‍സ്ഫര്‍ എന്നൊരു ഓപ്ഷന്‍ ഗൂഗിള്‍ പേയിലുണ്ട്. ആപ്പ് തുറക്കുമ്പോള്‍ തന്നെ വരുന്ന ഓപ്ഷനുകളില്‍ Self transfer തിരഞ്ഞെടുത്ത് ഏത് അക്കൗണ്ടില്‍ നിന്ന് ഏത് അക്കൗണ്ടിലേക്കാണ് പണം അയക്കേണ്ടത് എന്ന് നല്‍കി യു.പി.ഐ പിന്‍ കൊടുത്ത് പണം അയക്കാവുന്നതാണ്.
ഷെയറിടാന്‍ സ്പ്‌ളിറ്റ് ബില്‍സ് ഓപ്ഷന്‍
ഒരു ഹോട്ടലില്‍ കൂട്ടുകാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമൊപ്പം ഭക്ഷണം കഴിച്ചതിന് ശേഷം ബില്‍ എല്ലാവരും പങ്കിട്ടെടുക്കാനും മുറിവാടക പങ്കിട്ടെടുക്കാനുമെല്ലാം സഹായിക്കുന്ന സ്പ്ലിറ്റ് ബില്‍ ഓപ്ഷന്‍ ഗൂഗിള്‍ പേയിലുണ്ട്.
വലിയ തുക തുല്യമായി പങ്കുവെക്കാന്‍ കണക്കുകൂട്ടി പ്രയാസപ്പെടേണ്ടതില്ല. ആകെ തുക നല്‍കി പങ്കുവെക്കേണ്ട ആളുകളെ തിരഞ്ഞെടുത്താല്‍ തുക തുല്യമായി പകുത്ത് നല്‍കുന്നത് ഗൂഗിള്‍ പേ തന്നെ ചെയ്തുകൊള്ളും.
ഇതിനായി ഗൂഗിള്‍ ആപ്പ് തുറന്ന് മുകളിലെ സെര്‍ച്ച് വിന്‍ഡോയില്‍ ക്ലിക്ക് ചെയ്യുക. കോണ്‍ടാക്റ്റ് ലിസ്റ്റിന് മുകളിലായി New Group ഓപ്ഷന്‍ കാണാം. അത് തിരഞ്ഞെടുക്കുക. അംഗമാക്കേണ്ടവരെ തിരഞ്ഞെടുക്കാം. തുറന്നുവരുന്ന ഗ്രൂപ്പ് ചാറ്റ് വിന്‍ഡോയ്ക്ക് താഴെയായി Split an expense ബട്ടന്‍ തിരഞ്ഞെടുക്കുക. ബില്‍ തുക എത്രയാണെന്ന് നല്‍കി Next Button ക്ലിക്ക് ചെയ്യുക. ഓരോരുത്തര്‍ക്കും തുല്യമായി വീതിച്ച തുക എത്രയാണെന്ന് കാണാം. Send Request ബട്ടന്‍ക്ലിക്ക് ചെയ്താല്‍ എല്ലാവര്‍ക്കും പണം ചോദിച്ചുകൊണ്ടുള്ള റിക്വസ്റ്റ് പോവും. എത്ര പേര്‍ തന്നുവെന്നും ഇതില്‍ പരിശോധിക്കാന്‍ സാധിക്കും.