കോവിഡിന്റെ ഡെല്‍റ്റ, ഒമിക്രോണ്‍ വകഭേദങ്ങളെ 45 മിനിറ്റിനകം തിരിച്ചറിയുന്നതിനുള്ള ആര്‍.ടി.പി.സി.ആര്‍. കിറ്റിന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍.) അനുമതി നല്‍കി. ഇതുവഴി ജനിതക ശ്രേണീകരണം നടത്തി വകഭേദമേതാണെന്ന് കണ്ടെത്തേണ്ട കാലതാമസം ഉണ്ടാവില്ലെന്നാണ് കിറ്റിന്റെ ഉത്പാദകര്‍ അവകാശപ്പെടുന്നത്. ക്രിവിഡ നോവസ് ആര്‍.ടി.പി.സി.ആര്‍. കിറ്റ് എന്നറിയപ്പെടുന്ന ഈ പുതിയ കിറ്റ് ഇമ്മ്യൂജെനിക്‌സ് ബയോസയന്‍സുമായി ചേര്‍ന്ന് ചെന്നൈയിലാണ് വികസിപ്പിച്ചത്. വ്യത്യസ്ത തരം ജീന്‍ ടാര്‍ഗറ്റുകള്‍ ഉപയോഗിച്ച് ഒമിക്രോണിന്റെ സ്‌പെസിഫിക് എസ് ജീന്‍ ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത്.
നിലവില്‍ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ സാംപിളുകള്‍ ജനിതകശ്രേണീകരണം നടത്തിയാല്‍ മാത്രമേ അത് ഏത് വകഭേദമാണെന്ന് തിരിച്ചറിയാനാകൂ. എന്നാല്‍ ഈ കിറ്റില്‍ ഉപയോഗിച്ചിരിക്കുന്നത് ഒമിക്രോണ്‍ സ്‌പെസിഫിക് ആംപ്ലിഫിക്കേഷന്‍ സിഗ്നല്‍, എസ്. ജീന്‍ ടാര്‍ഗറ്റ് ഫെയ്‌ലിയര്‍ സ്ട്രാറ്റജി എന്നിവ സംയോജിപ്പിച്ചുകൊണ്ടുള്ള പ്രത്യേക ഒരു പാറ്റേണ്‍ ആണ്. അതിനാല്‍ ഒമിക്രോണ്‍ വകഭേദം (B.1.1.529), അതിന്റെ ഉപവിഭാഗങ്ങളായ BA.1,BA.2, BA.3 എന്നിവയെല്ലാം കിറ്റ് കണ്ടെത്തുമെന്നും കിറ്റിന്റെ കണ്ടെത്തലിന് നേതൃത്വം നല്‍കിയ ഡോ. നവീന്‍ കുമാര്‍ പറഞ്ഞു.
ഒറ്റ ടെസ്റ്റില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ഡെല്‍റ്റയാണോ ഒമിക്രോണ്‍ ആണോ എന്ന് തിരിച്ചറിയാമെന്നതാണ് ഈ കിറ്റിന്റെ സവിശേഷതയെന്ന് ഡോ. വെങ്കിടേശന്‍ പറഞ്ഞു.
സാര്‍സ് കോവ് 2 ന്റെ നാല് ജീനുകളെയും ഇന്റേണല്‍ കണ്‍ട്രോളിനുള്ള ഒരു മനുഷ്യ ജീനിനെയും കിറ്റ് കണ്ടെത്തും. നിലവില്‍ ലഭ്യമായ മറ്റ് കിറ്റുകള്‍ സാര്‍സ് കോവ് 2 ന്റെ പരമാവധി മൂന്ന് ജീനുകളെ മാത്രമേ തിരിച്ചറിയാറുള്ളൂ. ഒറ്റ കിറ്റില്‍ ഒമിക്രോണിനെയും ഡെല്‍റ്റയെയും തിരിച്ചറിയുന്നത് ജനിതകശ്രേണീകരണം നടത്തേണ്ടി വരുന്ന പണച്ചെലവ് കുറയ്ക്കാന്‍ സഹായിക്കുമെന്ന് ക്രിയ മെഡിക്കല്‍ ടെക്‌നോളജീസ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് വിഭാഗം മേധാവി ഡോ. ഷണ്‍മുഖപ്രിയ പറഞ്ഞു.
ടാറ്റ എം.ഡി.ചെക്ക് ആര്‍.ടി.പി.സി.ആര്‍. ഒമിഷുവറിന് ശേഷം ഐ.സി.എം.ആര്‍. അനുമതി ലഭിക്കുന്ന തദ്ദേശീയ ആര്‍.ടി.പി.സി.ആര്‍. കിറ്റാണിത്. 45 മിനിറ്റിനുള്ളില്‍ ഫലം അറിയാനാകുമെന്നതിനാല്‍ ഒരു ദിവസം 2160 ടെസ്റ്റുകള്‍ ചെയ്യാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതുവഴി രോഗവ്യാപനത്തോത് കുറയ്ക്കാന്‍ സഹായിക്കും. ഇപ്പോള്‍ ആര്‍.ടി.പി.സി.ആര്‍. ഫലം വരാന്‍ 24 മണിക്കൂറിലധികം വേണം. ചിലയിടങ്ങളില്‍ രണ്ടോ മൂന്നോ ദിവസം പോലും വേണ്ടിവന്നേക്കാം. ഈ സമയത്തിനകം സാംപിള്‍ നല്‍കിയ വ്യക്തി സമൂഹത്തില്‍ ഇറങ്ങി നടന്നാല്‍ രോഗവ്യാപനത്തിന് ഇടയാക്കും. വിമാനത്താവളങ്ങളില്‍ യാത്രക്കാരെ പരിശോധിക്കാന്‍ ഇത് സഹായകരമായിരിക്കുമെന്ന് ക്രിയ മെഡിക്കല്‍ ടെക്‌നോളജീസിന്റെ സ്ഥാപകയും സി.ഇ.ഒയുമായ അനു മോട്ടുരി പറഞ്ഞു.
നിലവിലുള്ള റിയല്‍ ടൈം ആര്‍.ടി.പി.സി.ആര്‍. ഉപയോഗിക്കുന്നതുപോലെ തന്നെയാണ് ഈ കിറ്റും ഉപയോഗിക്കേണ്ടത്. തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നും സ്വാബ് ഉപയോഗിച്ച് സാംപിളെടുത്ത് വൈറസിന്റെ വകഭേദത്തെ തിരിച്ചറിയുകയാണ് ചെയ്യുന്നത്. ഏഴു ദിവസത്തിനുള്ളില്‍ ഈ പുതിയ കിറ്റ് വിപണിയില്‍ ലഭ്യമാവും. ഇതുവരെ ഐ.സി.എം.ആര്‍, വാലിഡേഷന്‍ കേന്ദ്രങ്ങള്‍ വഴി 517 ആര്‍.ടി.പി.സി.ആര്‍. കിറ്റുകളാണ് ഉപയോഗിച്ചിട്ടുള്ളത്.
You must be logged in to post a comment Login