കോഴിക്കോട്: നഗരത്തില്‍ ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ ഒരു വിഭാഗം ഡീസല്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ വഴിയില്‍ തടയുന്നതായി പരാതി. യാത്രക്കാരെ പെരുവഴിയില്‍ പിടിച്ചിറക്കി വിടുന്ന സമരത്തിനെതിരേ പോലീസില്‍ പരാതി നല്‍കിയിട്ടും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.
യാത്രക്കാരും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. നടക്കാവ്, വെള്ളയില്‍, കസബ പോലീസ് സ്റ്റേഷനുകളിലാണ് നിലവില്‍ പരാതികളുള്ളത്. ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിവിധ പദ്ധതികൾ പ്രഖ്യാപിക്കുന്നതിനിടയിലാണ് ഇത്തരം വാഹനങ്ങൾ തടയുന്ന നിലപാടുമായി ചില നിരത്തിലിറങ്ങയിരിക്കുന്നത്.
സി.ഐ.ടി.യു യൂണിയന്റെ പേരില്‍ ഒരു വിഭാഗം തൊഴിലാളികളാണ് വഴിയില്‍ ഒട്ടോറിക്ഷകള്‍ തടയുന്നതെന്ന് ഓള് കേരള ഇ-ഓട്ടോറിക്ഷാ ഡ്രൈവേഴ്സ് ഇന്‍ഡിപെന്‍ഡഡ് യൂണിയന് ജില്ലാ പ്രസിഡന്റ് പി.എസ്. ശ്രീരാജും രക്ഷാധികാരി പി.സലിമും പറഞ്ഞു.
കോഴിക്കോട്ട് 140 ഇ-ഓട്ടോറിക്ഷകളാണുള്ളത്. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ സബ്സിഡിയോടെയാണ് ഇവ റോഡിലിറങ്ങിയിട്ടുള്ളത്. ഇവയ്ക്കു ബോണറ്റ് നമ്പര്‍ നല്‍കിയിട്ടില്ല. റോഡില്‍ സര്‍വീസ് നടത്താന്‍ പെര്‍മിറ്റും ആവശ്യമില്ല. സംസ്ഥാനത്ത് എവിടെ വേണമെങ്കിലും സര്‍വീസ് നടത്താനും യാത്രക്കാരെ കയറ്റാനും ഇവയ്ക്ക് അനുമതിയുണ്ട്.
എന്നാല്‍, ഇ-ഓട്ടോകളെ റോഡിലിറക്കാന്‍ സമ്മതിക്കില്ലെന്നാണ് ഒരു വിഭാഗം ഡ്രൈവര്‍മാരുടെ നിലപാട്. ഓട്ടോകള്‍ വഴിയില്‍ തടഞ്ഞ് യാത്രക്കാരെ ഇറക്കിവിടുകയാണ് ചെയ്യുന്നത്. അസഭ്യവര്‍ഷവും ചൊരിയുന്നു. ബുധനാഴ്ച ഉച്ചയ്ക്കു ബൈപാസില്‍ സരോവരത്ത് ഒരു ഇ-ഓട്ടോറിക്ഷ യാത്രക്കാരനെ കയറ്റി പോകുമ്പോള്‍ ഏതാനും ഓട്ടോ ഡ്രൈവര്‍മാര്‍ ചേര്‍ന്ന് തടഞ്ഞു. യാത്രക്കാരനെ വഴിയില്‍ ഇറക്കിവിട്ടു.
താന്‍ ഹൃദ്രോഗിയാണെന്നും ആശുപത്രിയിലേക്കു പോകുകയാണെന്നും യാത്രക്കാരന് പറഞ്ഞു. മറ്റു ഓട്ടോകളെ കൈകാണിച്ചിട്ടും നിര്‍ത്തിയില്ല. ഇ-ഓട്ടോ മാത്രാമാണ് നിര്‍ത്തിയത്. അതിനാലാണ് ഇതില്‍ കയറിയത്. തന്നെ ഇറക്കിവിടരുതെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചുവെങ്കിലും സമരക്കാര്‍ വഴങ്ങിയില്ല. ഈ യാത്രക്കാരന് ആശുപത്രിയില്‍ പോയി ഡോക്ടറെ കാണിച്ച രേഖകള്‍ അടക്കം വെച്ച് നടക്കാവ് പോലീസില്‍ പരാതി നല്കി. എന്നാല്‍, പോലീസ് സമരക്കാര്‍ക്കെതിരേ നടപടിയൊന്നും എടുത്തിട്ടില്ല.
സമരക്കാര്‍ക്ക് അനുകൂല നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്നാണ് ആരോപണം. യാത്രക്കാരെ വഴിയില്‍ ഇറക്കിവിട്ടിട്ടുപോലും കേസ് രജിസ്റ്റര്‍ചെയ്യാത്ത പോലീസ് നിലപാടിനെതിരേ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
ജീവിക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ അനുമതിയോടെ ഇ-ഓട്ടോകള്‍ സര്‍വീസ് നടത്തുന്നത്. എന്നാല്‍, ഇ-ഓട്ടോകള്‍ റോഡിലിറങ്ങിയാല്‍ തങ്ങളുടെ ജോലിയെ ബാധിക്കുമെന്നാണ് ഡീസല്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ പറയുന്നത്.
You must be logged in to post a comment Login