തിരുവനന്തപുരം: ഇനി ബിനാമിപ്പേരിൽ ഭൂമി വാങ്ങിക്കൂട്ടാം എന്ന തന്ത്രം നടക്കില്ല. അപ്പോൾ തന്നെ പിടിവീഴുന്ന പദ്ധതി കേരളത്തിലുമെത്തുന്നു. സംസ്ഥാനത്ത് എല്ലാ ഭൂവുടമകൾക്കും ആധാർ അധിഷ്ഠിത യൂണിക് തണ്ടപ്പേര് നടപ്പാക്കുന്ന പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചു. സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായിരുന്നെങ്കിലും ഒരു വർഷമായി നടപടിയാകാതെ കിടന്ന ഈ പദ്ധതി നടപ്പാക്കുന്നതിനുള്ള അന്തിമ ഉത്തരവ് ഇനി സംസ്ഥാനത്തിന് പുറത്തിറക്കാം. പദ്ധതി പ്രകാരം സംസ്ഥാനത്ത് ഒരാൾക്ക് എവിടെയൊക്കെ ഭൂമിയുണ്ടെങ്കിലും അത് ഒറ്റ തണ്ടപ്പേരിലായിരിക്കും. ആധാർ ലിങ്ക് ചെയ്യുന്നതിന് ഭൂ ഉടമ വില്ലേജ് ഓഫീസിൽ പോകേണ്ടിവരില്ല. നടപടികൾ പൂർത്തിയാകുന്നതോടെ ആധാർ ലിങ്ക് ചെയ്യുന്നതിന് റവന്യുപോർട്ടലിൽ നിശ്ചിത സമയം ഭൂവുടമയ്ക്ക് ലഭിക്കും.
കഴിഞ്ഞ വർഷം സംസ്ഥാന റവന്യുവകുപ്പ് ഉത്തരവിറക്കിയിരുന്നെങ്കിലും ആധാറിൽ പൗരന്റെ സ്വകാര്യ വിവരങ്ങളും ഉള്ളതിനാൽ കേന്ദ്രസർക്കാരിന്റെ അനുമതിയോടെ മാത്രമേ സംസ്ഥാനങ്ങൾക്ക് ഏത് കാര്യത്തിലും ആധാർ ലിങ്ക് ചെയ്യാൻ സാധിക്കുകയുള്ളൂ. ഇതിൽ തട്ടിയാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടും ഒരു വർഷമായി നടപടികൾ ഫയലിൽ കുരുങ്ങിയത്. സർക്കാരിന്റെ നൂറ് ദിന പദ്ധതിയിൽ ഇതും നടപ്പാക്കണമെന്ന് റവന്യു മന്ത്രി കെ. രാജൻ ലാൻഡ് റവന്യു കമ്മീഷണർക്ക് നിർദേശം നൽകിയിരുന്നു.
അതിന്റെ അടിസ്ഥാനത്തിൽ ലാൻഡ് റവന്യു കമ്മീഷണർ കേന്ദ്രത്തിനോട് പ്രത്യേക അനുമതി തേടി. സോഷ്യൽ വെൽഫയറിനും സദ്ഭരണത്തിനും ഭൂമി രേഖകളുമായി ആധാർ ലിങ്ക് ചെയ്യുന്നതിനാണ് സംസ്ഥാനം മുൻകൈയെടുക്കുന്നതെന്ന് ലാൻഡ് റവന്യു കമ്മീഷണർ കത്തിൽ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് അനുമതി ലഭിച്ചത്. നടപടികൾ പൂർത്തിയാകുന്നതോടെ ആധാർ അധിഷ്ഠിത ഭൂമി രേഖയാണ് വില്ലേജ് ഓഫീസുകളിൽ സൂക്ഷിക്കുക. തണ്ടപ്പേരിന് പകരം 12 അക്ക തിരിച്ചറിയൽ നമ്പർ വരും.
ഒറ്റ തണ്ടപ്പേർ വരുന്നതോടെ ഓരോ വ്യക്തിക്കും സംസ്ഥാനത്ത് എത്ര ഭൂമി കൈവശമുണ്ടെന്ന് കണ്ടെത്താനാകും. ഇപ്പോൾ സംസ്ഥാനത്ത് ഒരു ജില്ലയിലുള്ള ഭൂമിയുടെ വിവരം മറ്റൊരു ജില്ലയിൽ അറിയാനാകില്ല. ഓരോ വില്ലേജ് ഓഫീസ് പരിധിയിലും പല തണ്ടപ്പേരിലാണ് ഒരു ഭൂ ഉടമയുടെ തന്നെ ഭൂമി ഇപ്പോഴുള്ളത്. ആധാർ റജിസ്റ്റർ ചെയ്യുന്നതോടെ ഒറ്റ തണ്ടപ്പേരിലാകും ഭൂ ഉടമയുടെ എല്ലാ ഭൂമിയും.
നിലവിൽ വ്യക്തിക്ക് 7.5 ഏക്കറും കുടുംബത്തിന് 15 ഏക്കറുമാണ് പരമാവധി കൈവശം വയ്ക്കാവുന്നത്. മാതാവും പിതാവും വിവാഹം കഴിക്കാത്ത മക്കളുമടങ്ങുന്ന കുടുംബത്തിനാണ് 15 ഏക്കർ. 1970ലെ ഭൂപരിഷ്കരണ നിയമം വഴി പ്രത്യേക ഒഴിവ് ലഭിച്ച തോട്ടം ഉടമകൾക്ക് ഇത് ബാധകമല്ല. ഒറ്റ തണ്ടപ്പേര് വരുന്നതോടെ സങ്കീർണമായ ഭൂപ്രശ്നങ്ങൾ ഒരു പരിധി വരെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. അധിക ഭൂമി കണ്ടെത്തുകയും ചെയ്യാം.
അടുത്ത തലമുറ വില്ലേജ് ഓഫീസിൽ പോകേണ്ടതില്ല
സംസ്ഥാന റവന്യുവകുപ്പ് 16ന് ആരംഭിക്കുന്ന സമ്പൂർണ പോർട്ടലിൽ എല്ലാ ഭൂമി വിവരങ്ങളും ലഭ്യമാകും. ആർക്ക് വേണമെങ്കിലും സ്വന്തം ഭൂമിയുടെ വിവരങ്ങൾ എപ്പോൾ വേണമെങ്കിലും പോർട്ടലിൽ കയറി നോക്കാം. പുതുതായി ആരംഭിക്കുന്ന പോർട്ടലിനൊപ്പം കരമടയ്ക്കുന്നതിന് ആപ്പും വരുന്നു. നമ്മുടെ മൊബൈലിൽനിന്നുതന്നെ കരമടയ്ക്കുന്നതിനാണ് ഇൗ ആപ്പിൽ സൗകര്യമൊരുക്കുന്നത്.
യൂണിക് തണ്ടപ്പേര് പദ്ധതിയുടെ പ്രധാന ഗുണങ്ങൾ:
∙ രജിസ്ട്രേഷനെ ബാധിക്കില്ല – ആധാർ ലിങ്കിങ് നടപടികൾ നിലവിൽ ഭൂമി രജിസ്ട്രേഷനെ ബാധിക്കില്ല. ആധാർ, പാൻ, വോട്ടർ തിരിച്ചറിയൽ കാർഡ് ഉൾപ്പെടെ ഏതെങ്കിലും രേഖകളുമായി ഭൂമി ഇടപാട് രജിസ്റ്റർ ചെയ്യാം.
∙ ഒറ്റ തണ്ടപ്പേർ 12 അക്കം – ഒറ്റ തണ്ടപ്പേരായി 12 അക്ക ഐഡിയാകും നൽകുക. ഭൂവുടമയ്ക്കാണിത് നൽകുന്നത്. അല്ലാത്തവർ ഭൂമിയുടെ ഉടമകളാകുമ്പോൾ അവർക്കും നൽകും.
പദ്ധതി ലക്ഷ്യങ്ങൾ
∙ അധിക ഭൂമി കണ്ടെത്തുക. ഇതു പിടിച്ചെടുത്ത് മിച്ചഭൂമിയാക്കി ഭൂരഹിതർക്ക് നൽകാൻ ഭൂപരിഷ്കരണ നിയമം വ്യവസ്ഥ ചെയ്യുന്നു.
∙ ജനങ്ങൾക്ക് മെച്ചപ്പെട്ട ഓൺലൈൻ സേവനം.
∙ ഭൂരേഖകളിൽ കൂടുതൽ കൃത്യത.
∙ വിവിധ ക്ഷേമപദ്ധതികളിൽ ആനുകൂല്യം പറ്റുന്നവരിൽ അനർഹരെ കണ്ടെത്താനാകും.
∙ 5 സെന്റ് ഭൂമി വാങ്ങി ഇത് കരഭൂമിയല്ലെങ്കിൽ വീടുവെയ്ക്കുന്നതിന് ഇത് കരഭൂമിയാക്കുന്നതിന് അനുമതിയുണ്ടായിരുന്നു. ഇതിൽ പലർക്കും മറ്റു ജില്ലകളിൽ ഭൂമിയുള്ളത് മറച്ചുവെച്ചിരിക്കും. ഇത് ഇനി സാധ്യമല്ല.
You must be logged in to post a comment Login