തൈര് എങ്ങനെ ഉപയോഗിക്കണം എന്ന് ചിന്തിക്കുമ്പോള്‍ ‘തൈര്സാദം’ അല്ലെങ്കില്‍, ബിരിയാണിയുടെ കൂടെ കൂട്ടാനുള്ള അടിപൊളി ‘സാലഡ്’ എന്നൊക്കെയാണ് പൊതുവെ നമ്മുടെ ചിന്ത. എന്നാല്‍ തൈര് ഒന്നാന്തരം ഒരു സൗന്ദര്യ സംരക്ഷണ കൂട്ടാണെന്നത് മിക്കവര്‍ക്കും അറിയാത്ത കാര്യമാണ്.
പ്രോട്ടീന്‍, കാത്സ്യം, ലാക്ടിക് ആസിഡ്, സിങ്ക്, വിറ്റാമിനുകള്‍ ബി-2, ബി-12, ബി-5 എന്നിവ അടങ്ങിയിരിക്കുന്ന തൈര് ഫെയ്സ് മാസ്‌കുകളും ഹെയര്‍ പായ്ക്കുകളും ഉണ്ടാക്കാന്‍ ഫലപ്രദമായ ഒന്നാണ്. തൈരില്‍ നല്ല ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തെ ഉള്ളില്‍നിന്ന് പോഷിപ്പിക്കുന്നതിലൂടെ തിളങ്ങാന്‍ സഹായിക്കുന്നു. പ്രോട്ടീന്‍, കാത്സ്യം, വിറ്റാമിന്‍-ഡി എന്നിവ നിറഞ്ഞ തൈര് മുഖത്തെ പാടുകള്‍ നീക്കംചെയ്ത് സ്വാഭാവിക നിറം മെച്ചപ്പെടുത്തുന്നു. ഇതിന്റെ വിരുദ്ധ ബാഹ്യാവിഷ്‌കാര ഗുണങ്ങള്‍ മുഖക്കുരു കുറയ്ക്കാനും സഹായിക്കുന്നു. ഈ സൂപ്പര്‍ ഫുഡില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ വരണ്ട ചര്‍മത്തെ സുഖപ്പെടുത്തുന്നു. അതുകൊണ്ട് വിലകൂടിയ ബ്യൂട്ടി ക്രീമുകള്‍ വെച്ചുനോക്കുമ്പോള്‍ എന്തുകൊണ്ടും മടിക്കാതെ ഉപയോഗിക്കാവുന്ന ഒന്നാണ് തൈര്.
കണ്ണിനടിയിലെ കരുവാളിപ്പ് മാറ്റാന്‍
ഉറക്കം കുറയുന്നതുകൊണ്ടോ, ഉറക്കം അധികമാകുന്നതുകൊണ്ടോ, മറ്റു പല കാരണങ്ങള്‍കൊണ്ടോ കണ്ണിന്റെ അടിയില്‍ ഇരുണ്ട നിറം ഉണ്ടാകാന്‍ സാധ്യതയുണ്ട്. തൈരില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍, പ്രത്യേകിച്ച് സിങ്ക്, ലാക്ടിക് ആസിഡ് എന്നിവ കണ്ണുകളുടെ അടിയിലെ കരുവാളിപ്പ് വലിയ അളവില്‍ നീക്കംചെയ്യാന്‍ സഹായിക്കുന്നു.
അടുക്കളയില്‍ നിന്ന് ലഭ്യമായ ഏറ്റവും വിലകുറഞ്ഞ പരിഹാരമാണിത്. എന്നാല്‍, തീര്‍ച്ചയായും നമുക്ക് വിശ്വസിച്ച് ചെയ്യാന്‍കഴിയുന്ന നൈസര്‍ഗിക സൗന്ദര്യവര്‍ധക വസ്തു. ഇത്തരം ആരോഗ്യപ്രശ്നങ്ങള്‍ വരാതിരിക്കാനുള്ള സ്ഥിരമായ പരിഹാരം നമ്മള്‍ ആരോഗ്യത്തില്‍ ശ്രദ്ധിക്കുകയും ശരീരത്തിന് ആവശ്യമായ വിശ്രമം നല്‍കുകയും, ആവശ്യത്തിന് വെള്ളം കുടിക്കുകയും ചെയ്യുക എന്നതാണ്.
ഉപയോഗം: രണ്ട് കോട്ടണ്‍ ബോളുകള്‍ (പഞ്ഞി) എടുത്ത് ഒരു ടീസ്പൂണ്‍ തൈരില്‍ മുക്കുക. കോട്ടണ്‍ ബോളുകള്‍ തൈരില്‍ കുതിര്‍ത്തുകഴിഞ്ഞാല്‍ അവയെ കണ്ണുകള്‍ക്ക് താഴെയാക്കി 10 മുതല്‍ 15 മിനിറ്റ് വരെ വയ്ക്കുക. 15 നിമിഷത്തിനുശേഷം സാധാരണ പൈപ്പ് വെള്ളത്തില്‍ നന്നായി കഴുകുക. ഇങ്ങനെ ഒരാഴ്ച മുടങ്ങാതെ ചെയ്യുകയാണെങ്കില്‍ കരുവാളിപ്പ് കുറയുന്നതായി കാണാം.
താരന്‍ മാറ്റാന്‍
മുടിയില്‍ താരന്‍ വരാനുള്ള പ്രധാന കാരണം ഫംഗസിന്റെ സാന്നിധ്യമാണ്. തൈര് പ്രകൃതിദത്ത ‘ആന്റി-ഫംഗല്‍’ ഏജന്റായതിനാല്‍ ഫംഗസിന്റെ വളര്‍ച്ച തടയുന്നു, അങ്ങനെ താരന്‍ ഇല്ലാത്ത ആരോഗ്യമുള്ള മുടിയും തലയോട്ടിയും നല്‍കുന്നു. തൈരില്‍ അടങ്ങിയിരിക്കുന്ന ‘ആന്റി-ഇന്‍ഫ്ലമേറ്ററി’ ഏജന്റുകളും താരന്‍ മൂലമുണ്ടാകുന്ന ചൊറിച്ചിലില്‍ നിന്ന് മോചനം നല്‍കുന്നു. തൈരില്‍ സിങ്ക് അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയിലും പ്രോട്ടീനിലും രക്തചംക്രമണം ഉത്തേജിപ്പിക്കുന്നു.
ഉപയോഗം: തലമുടിയില്‍ വെള്ളം തളിച്ച് നനവുള്ളതാക്കുക. തലയോട്ടിയിലും തലമുടിയിലും തൈര് നന്നായി തേച്ചുപിടിപ്പിക്കുക. ഏകദേശം 30 മിനിറ്റോ ഒരു മണിക്കൂറോ അങ്ങനെ തന്നെ വയ്ക്കുക. കഴുകിക്കളയുന്നതിനായി സാധാരണ വെള്ളം ഉപയോഗിക്കുക. താരന്‍ ഒഴിവാക്കാന്‍ സഹായിക്കുന്നതിനൊപ്പം, തൈരിലെ പ്രോട്ടീനും മറ്റും മുടിയെ ശക്തിപ്പെടുത്തും.
അകാല വാര്‍ധക്യത്തെ തടയാന്‍
‘ലാക്ടിക് ആസിഡ്’ സ്വാഭാവികമായി ഉണ്ടാകുന്ന ‘ആല്‍ഫ-ഹൈഡ്രോക്സി ആസിഡ് (AHA)’ തൈരില്‍ കാണപ്പെടുന്ന നിരവധി സൗന്ദര്യഘടകങ്ങളില്‍ ഒന്നാണ്. ചര്‍മത്തിലെ നിര്‍ജീവ കോശങ്ങള്‍ നീക്കംചെയ്ത്, കെമിക്കല്‍ എക്സ്ഫോളിയേഷനിലൂടെ ചര്‍മകോശത്തെ പുതുക്കാന്‍ ഇത് സഹായിക്കുന്നു. കൂടാതെ ചര്‍മത്തെ ഉറപ്പിക്കുന്നതിന് സഹായിക്കുകയും ചുളിവുകള്‍ കുറയ്ക്കുകയും ചെയ്യുന്നതിലൂടെ തൈര് ചര്‍മത്തിന് ഉത്തമ ഘടകമാകുന്നു.
ഉപയോഗം: രണ്ട്-മൂന്ന് ടേബിള്‍സ്പൂണ്‍ തൈരെടുത്ത് ഒരു ടീസ്പൂണ്‍ ഒലീവ് ഓയില്‍ ചേര്‍ത്ത് നന്നായി ഇളക്കിയെടുക്കുക… ഫെയ്സ് മാസ്‌ക് റെഡി. മുഖത്തും കഴുത്തിലും മിശ്രിതം തേച്ചുപിടിപ്പിക്കുക. 30 മിനിറ്റ് അങ്ങനെ ചെയ്തശേഷം തണുത്ത വെള്ളത്തില്‍ കഴുകുക.
മുഖക്കുരു കുറയ്ക്കുന്നതിന്
മുഖക്കുരു എന്നത് വളരെ സാധാരണമായ ചര്‍മപ്രശ്നങ്ങളില്‍ ഒന്നാണ്. വേനല്‍ക്കാലത്ത് പൊടി, ചൂട്, എണ്ണ, അഴുക്ക് എന്നിവ ചര്‍മത്തില്‍ പറ്റിനില്‍ക്കുന്നതിനാല്‍ മുഖക്കുരു പഴുത്ത് പൊട്ടാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍, വേനല്‍ക്കാലത്ത് ചര്‍മത്തെ ശുദ്ധമാക്കുന്നതും ജലാംശം നിലനിര്‍ത്തുന്നതും വളരെ പ്രധാനമാണ്.
തൈരില്‍ അടങ്ങിയിട്ടുള്ള ലാക്ടിക് ആസിഡ് ചര്‍മത്തിലെ പഴയ കോശങ്ങളെ തുടച്ചുമാറ്റുകയും, തൈരിലെ ‘പ്രോബിയോട്ടിക് ബാക്ടീരിയ’കള്‍ ചര്‍മത്തിന്റെ നിറം ഉത്തേജിപ്പിക്കുകയും ചെയ്യും. തൈര് ചര്‍മത്തിലെ ജലാംശം നിലനിര്‍ത്തുന്നു. മുഖത്തെ കുരുക്കളെയും കുരുകാരണം ഉണ്ടാകുന്ന പാടുകളെയും നീക്കംചെയ്യുന്നു.
ഉപയോഗം: ഒരു ടേബിള്‍ സ്പൂണ്‍ തൈര്, ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് പേസ്റ്റ് ഉണ്ടാക്കുക. മുഖക്കുരുവുള്ള സ്ഥലത്ത് ഇത് പ്രയോഗിക്കുക. ഇത് 15-20 മിനിറ്റ് കഴിഞ്ഞതിനുശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക.
സൂര്യതാപം കൊണ്ടുള്ള കരുവാളിപ്പ് നീക്കംചെയ്യാന്‍
വൃത്തിയുള്ളതും തെളിഞ്ഞതുമായ ചര്‍മം എല്ലാവരും ആഗ്രഹിക്കുന്നു. പക്ഷേ, കറുത്ത പാടുകളും മറ്റും വരുന്നത് ആ സ്വപ്നത്തിന് ഒരു ശാശ്വത ഭീഷണിയാണ്. നമ്മുടെ യഥാര്‍ഥ സ്‌കിന്‍ടോണ്‍ തിരികെ നേടുന്നതിനും പാടുകള്‍ മാറ്റുന്നതിനുമുള്ള ഏറ്റവുംനല്ല മാര്‍ഗം തൈര് ഉപയോഗിച്ച് വീട്ടില്‍ത്തന്നെ ഉണ്ടാക്കുന്ന ‘ഫെയ്സ് പായ്ക്ക്’ പരീക്ഷിക്കുക എന്നതാണ്, ഇത് എല്ലാ അടുക്കളയിലും എളുപ്പത്തില്‍ ലഭ്യമാണ്. സിങ്ക്, ലാക്ടിക് ആസിഡ് എന്നിവയാല്‍ സമ്പുഷ്ടമായ തൈര് പ്രകൃതിദത്ത ക്ലെന്‍സറായും എക്സ്ഫോളിയേറ്റിങ് ഏജന്റായും പ്രവര്‍ത്തിക്കുന്നു.
ഉപയോഗം: ഒരു ടേബിള്‍ സ്പൂണ്‍ തൈര്, ഒരു ടീസ്പൂണ്‍ കടലമാവ്, രണ്ടുതുള്ളി നാരങ്ങാനീര്, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്ത് കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക. ഇത് മുഖത്ത് പുരട്ടുക, ഉണങ്ങിയാല്‍ തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക. എല്ലാ ദിവസവും ഇത് ചെയ്യുകയാണെങ്കില്‍, നല്ല വ്യത്യാസം ഉണ്ടാകും.
You must be logged in to post a comment Login