നടി രമ്യ സുരേഷിന്റേതെന്നെ വ്യാജേനെ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച ഒരു വീഡിയോ. ഒരു വ്യക്തിയുടെ മനസ്സിനെയും ജീവിതത്തെയും തകർക്കാൻ അതു മതിയായിരുന്നു. എന്നാൽ, രമ്യ ആ വീഡിയോയെ പ്രതിരോധിക്കുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്തതോടെ സമൂഹം അവർക്കൊപ്പം നിൽക്കുന്ന കാഴ്ചയാണ് കഴിഞ്ഞയാഴ്ച കണ്ടത്.
രമ്യ സുരേഷ് പറയുന്നു:
കഴിഞ്ഞ ജൂൺ 1. രാവിലെ ഒരു സുഹൃത്ത് വിളിച്ചു പറഞ്ഞപ്പോഴാണ് എന്റേതെന്ന വ്യാജേന ഒരു വീഡിയോ പ്രചരിക്കുന്നുവെന്ന് മനസ്സിലായത്. ഒരു പെൺകുട്ടിയുടെ നഗ്ന വിഡിയോയ്ക്കൊപ്പം എന്റെ ഫെയ്സ്ബുക്കിൽ നിന്നെടുത്ത ചില ചിത്രങ്ങളും ചേർത്താണ് വീഡിയോ പ്രചരിച്ചത്. ഞാൻ ആ വീഡിയോ അയച്ചു നൽകാൻ സുഹൃത്തിനോട് ആവശ്യപ്പെട്ടു. അതു കണ്ടപ്പോൾ ആദ്യം ഒന്നമ്പരന്നു. ആ വീഡിയോയിൽ കാണുന്ന പെൺകുട്ടിയുടെ മുഖത്തിന്റെ ചില ഭാഗങ്ങൾ എന്റെ മുഖവുമായി വലിയ സാദൃശ്യമുണ്ടായിരുന്നു.
ഞാൻ ആ വീഡിയോ വിശദമായി പരിശോധിച്ചു. പക്ഷേ, ആ പെൺകുട്ടിയുടെ ശരീരവും എന്റെ ശരീരവുമായി ഒരു സാമ്യവുമില്ല. മുഖം വ്യക്തമായി കാണിച്ചിട്ടുമില്ല. എനിക്ക് തട്ടിപ്പു മനസ്സിലായപ്പോൾ തന്നെ വീടിനടുത്തുള്ള കരീലക്കുളങ്ങര പൊലീസ് സ്റ്റേഷനിലെ സുഹൃത്തിനെ വിളിച്ചു വിവരം അറിയിച്ചു. ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകാനാണ് അദ്ദേഹം പറഞ്ഞത്. ഞാൻ സിനിമാ മേഖലയിൽ ജോലി ചെയ്യുന്ന ഒരു സുഹൃത്ത് മുഖേന ജില്ലാ പൊലീസ് മേധാവിയെ വിവരം അറിയിച്ചു. രേഖാമൂലം പരാതി നൽകാൻ അദ്ദേഹം ആവശ്യപ്പെട്ടു. അന്നുതന്നെ പരാതിയെഴുതി ജില്ലാ പൊലീസ് മേധാവിക്ക് നൽകി’.
‘ജില്ലാ പൊലീസ് മേധാവി പരാതി ജില്ലാ സൈബര്‍ സെല്ലിന് കൈമാറിയെന്ന് അറിയിച്ചു. ഞാൻ അവരുമായി ബന്ധപ്പെട്ടു. പല വിവരങ്ങളും സൈബർ സെല്ലിന് വേണ്ടി സ്വയം കണ്ടെത്തേണ്ടി വന്നു. ആ വിഡിയോ പ്രചരിച്ച വഴികളിലൂടെ കുറെ സഞ്ചരിച്ചപ്പോൾ അതിന് പിന്നിൽ പ്രവർത്തിച്ച പല സമൂഹമാധ്യമ ഗ്രൂപ്പുകളെയും കണ്ടെത്താൻ കഴിഞ്ഞു. അത്തരം ഗ്രൂപ്പുകളുടെ വിവരവും അഡ്മിനുകളെപ്പറ്റിയുള്ള വിവരവും ലഭിച്ചത് സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്. ഞാൻ സ്വയം സൈബർ സെല്ലില്‍ വിളിച്ച് അന്വേഷണത്തിന്റെ പുരോഗതി അറിയുന്നുണ്ട്–’.
ഈ പ്രശ്നം അറിഞ്ഞതോടെ സ്വന്തം വീട്ടിൽനിന്നും ഭർത്താവിന്റെ വീട്ടിൽനിന്നും ലഭിച്ച പിന്തുണയാണ് നിയമപരമായി മുന്നോട്ടു പോകാൻ ധൈര്യം നൽകിയത്. ‘ഞാൻ ഫെയ്സ്ബുക്കിൽ ലൈവ് വീഡിയോ ചെയ്യരുതായിരുന്നു എന്ന് ചില സുഹൃത്തുക്കൾ പറഞ്ഞു. പക്ഷേ, ലൈവ് വീഡിയോ ചെയ്തതു ശരിയായിരുന്നു എന്നുതന്നെയാണ് എന്റെ വിശ്വാസം. ഞാൻ പറയാതിരുന്നാൽ, ഇതു കാണുന്ന എന്നെ അറിയാവുന്ന ഒരാളെങ്കിലും ഉണ്ടെങ്കിൽ അയാൾ മറ്റുപലരെയും കാണിക്കും. അവർ എന്നെ പരിഹാസപാത്രമായി കാണും. നാളെ ഇതുപോലെ ആ പെൺകുട്ടിയുടെ മറ്റൊരു വീഡിയോ പ്രചരിച്ചാലും ആളുകൾ ഞാനാണെന്ന് വിശ്വസിക്കും. ഞാൻ ആ വീഡിയോ ചെയ്തതും നിയമനടപടി സ്വീകരിച്ചതും വലിയ ഇംപാക്ട് ഉണ്ടാക്കിയിട്ടുണ്ട്–’ രമ്യ പറയുന്നു.
വ്യാജ വീഡിയോയ്ക്ക് പിന്നിൽ വലിയ സൈബർ ക്രൈം ഗ്രൂപ്പുകളുണ്ടെന്നാണ് രമ്യയുടെ കണ്ടെത്തൽ. അവർ പെൺകുട്ടികളുടെ നഗ്ന വീഡിയോകൾ വലിയ വിലയ്ക്ക് വിൽക്കുകയാണ്. പ്രശസ്തരാകുന്ന വ്യക്തികളുടെ പേരിലുള്ള വീഡിയോകൾക്ക് വലിയ വില ലഭിക്കും. ഇതിനായി സമൂഹമാധ്യമങ്ങളിൽ വലിയ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. വീഡിയോകളുടെ വിവരങ്ങള്‍ സമൂഹ മാധ്യമഗ്രൂപ്പുകളിൽ നൽകിയ ശേഷം ആവശ്യമുള്ളവർ ഇൻബോക്സിൽ ബന്ധപ്പെട്ട് വലിയ വില പറഞ്ഞാൽ വീഡിയോ വിൽക്കുന്ന വിധമാണ് ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത്. ഇത്തരത്തിൽ കണ്ടെത്തിയ ചില ഗ്രൂപ്പുകളെക്കുറിച്ച് സൈബർ സെല്ലിന് വിവരം നൽകിയിട്ടുണ്ടെന്ന് രമ്യ പറഞ്ഞു.
പരാതി നൽകാൻ ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലെത്തിയപ്പോൾ സമാനമായ പരാതികൾ ധാരാളം ലഭിക്കുന്നുണ്ടെന്നാണ് അറിഞ്ഞത്– രമ്യ പറഞ്ഞു. സിനിമാ മേഖലയിലെ പല സുഹൃത്തുക്കളും വിളിച്ച് പിന്തുണ അറിയിച്ചിട്ടുണ്ട്. ചില പെൺകുട്ടികൾ പഴ്സനൽ മെസേജ് അയച്ചു – ‘ചേച്ചി ചെയ്തത് വലിയ കാര്യമാണ്. തെറ്റു ചെയ്തിട്ടില്ലെങ്കിൽ ഇങ്ങനെ പരസ്യമായി പ്രതികരിക്കുന്നത് വലിയഗുണം ചെയ്യും. സാധാരണക്കാരായ ഞങ്ങൾക്ക് ഇത്തരത്തിൽ പ്രതികരിക്കുന്നതിന് പരിമിതികളുണ്ട് – രമ്യയ്ക്ക് ലഭിച്ച സന്ദേശങ്ങളിലൊന്നാണിത്.
വ്യാജ ഐ.ഡി.കള്‍ ഉപയോഗിച്ചാണ് പലരും ഇത്തരത്തിൽ വ്യാജ വീഡിയോകൾ പ്രചരിപ്പിക്കുന്നതെന്നാണ് രമ്യ കണ്ടെത്തിയത്. ഒരു ഫെയ്സ്ബുക് ഗ്രൂപ്പിൽ നിന്നാണ് വീഡിയോ പുറത്തുപോകുന്നതെന്ന് രമ്യ കണ്ടെത്തി. എന്നാൽ, അത് ക്ലോസ്ഡ് ഗ്രൂപ്പ് ആണ്. നേരത്തെ 55,000 പേർ അംഗങ്ങളായിരുന്ന ആ ഗ്രൂപ്പിൽനിന്ന് രമ്യ കേസ് നൽകിയ ശേഷം ആയിരത്തോളം പേർ പുറത്തുപോയെന്നാണു മനസ്സിലാകുന്നത്. ‘ആ ഗ്രൂപ്പിന്റെ വിവരങ്ങൾ ഞാൻ സൈബർ സെല്ലിന് നൽകിയിട്ടുണ്ട്–’ രമ്യ പറഞ്ഞു.
വ്യാജ വീഡിയോ പ്രചരിച്ചത് സ്വന്തം ജീവിതത്തെ ഒരുതരത്തിലും ബാധിച്ചിട്ടില്ല. ‘എന്റെ കുടുംബത്തിന് എന്നെ അറിയാം. അവർ നൽകിയ പിന്തുണയാണ് എനിക്കു നിയമപരമായി മുന്നോട്ടുപോകാൻ സഹായമായത്. ആ വീഡിയോയിൽ ഞാനല്ലാതിരുന്നിട്ടും ഞാനാണെന്ന് തെറ്റിദ്ധരിപ്പിക്കപ്പെട്ടു. അതു ഞാനല്ലെന്ന് മറ്റുള്ളവരെ അറിയിക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം–’ രമ്യ പറയുന്നു.
You must be logged in to post a comment Login