കാസർകോട്: പുകവലിക്കില്ല, മദ്യപിക്കില്ല, സുഹൃത്തുക്കളുമില്ല. അങ്ങിനെ തന്നിലേക്ക് എത്തിപ്പെടാൻ പൊലീസിന് ഒരു തുമ്പും അവശേഷിപ്പിക്കാതെ, കൈവശം ഉണ്ടായിരുന്ന ഫോൺ സ്വിച്ച് ഓഫ് ചെയ്ത് അയാൾ മുങ്ങി. എസ്.എസ്.എൽ.സി.ക്ക് പഠിക്കുന്ന 15കാരിയായ സ്വന്തം മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ആ പ്രതിയെ തിരഞ്ഞ് പൊലീസ് പരക്കം പാഞ്ഞു. കേസിന്റെ ചുമതലയുണ്ടായിരുന്ന, രണ്ട് പെൺമക്കളുടെ അമ്മ കൂടിയായ സി.ഐ. ഷാജി ഫ്രാൻസിസിന് വിരമിക്കാൻ ദിവസങ്ങൾ മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്. സമർത്ഥമായി ഒളിവിൽ കഴിഞ്ഞ പ്രതിയെ അറസ്റ്റ് ചെയ്ത്, തൊപ്പിയഴിച്ച് വെക്കുന്ന ദിവസം കോടതിയിൽ ഹാജരാക്കി, ചാരിതാർത്ഥ്യത്തോടെ തന്നെ ഷാജി ഫ്രാൻസിസ് തന്റെ സർവീസ് കാലത്തിന് തിരശീലയിട്ടു. പ്രതി ഇപ്പോൾ ഹൊസ്ദുർഗ് സബ് ജയിലിൽ റിമാന്റിൽ കഴിയുകയാണ്.
ഏപ്രിൽ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം പൊലീസിന്റെ പക്കലെത്തിയത്. 30 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി 60 ദിവസത്തിനുള്ളിൽ കോടതിക്ക് കേസ് കൈമാറണം എന്നതാണ് പോക്സോ കേസിലെ ചട്ടം. അതിനുള്ളിൽ ഡി.എൻ.എ. ടെസ്റ്റ് അടക്കം നടത്തണം. പെൺകുട്ടി ഗർഭിണിയായതിനാൽ പ്രതിയെ കിട്ടാതെ കേസ് മുന്നോട്ട് കൊണ്ടുപോകാൻ അന്വേഷണ സംഘത്തിന് സാധിക്കുമായിരുന്നില്ലെന്ന് ഷാജി ഫ്രാൻസിസ് പറഞ്ഞു. ‘എന്റെ ചുമതലയിലുണ്ടായിരുന്ന മറ്റെല്ലാ പോക്സോ കേസുകളിലും പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇയാൾ മാത്രം പിടിതന്നില്ല. ഈ സംഭവം അറിഞ്ഞയുടനെ ഭാര്യയെയും മക്കളെയും ഒരു വീട്ടിൽ കൊണ്ട് താമസിപ്പിച്ച ശേഷം തന്നെ പ്രതി മുങ്ങിയതാണ്. ഭാര്യ ഉപയോഗിച്ചിരുന്ന ഫോണിലെ സിം തിരിച്ചിട്ട ശേഷം തന്റെ ഫോൺ സ്വിച്ച് ഓഫും ചെയ്താണ് ഇയാൾ മുങ്ങിയത്,’ ഷാജി പറഞ്ഞു. സർവീസിൽ നിന്ന് വിരമിച്ച് എറണാകുളം ജില്ലയിലെ പള്ളുരുത്തിയിലെ വീട്ടിൽ വിശ്രമജീവിതം നയിക്കുകയാണ് ഇവരിപ്പോൾ.
പ്രതിയുടെ മൊബൈൽ നമ്പറിന്റെ കോൾ ഹിസ്റ്ററിയിൽ നിന്നും ഐ.എം.ഇ. നമ്പർ സൈബർ സെൽ വഴി കണ്ടെത്തിയിരുന്നു. എന്നാൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നതിനാൽ പ്രതി എവിടെയാണ് ഉള്ളതെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. ‘സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബമാണ്. കുട്ടികൾ ചെറുതായിരിക്കെ വീട് വിട്ടുപോയ പ്രതി പിന്നീട് വർഷങ്ങൾ കഴിഞ്ഞ് തിരികെ ഇവർക്കൊപ്പം താമസിക്കുകയായിരുന്നു. കർണാടകത്തിലെ ഉള്ളാൾ, മംഗലാപുരം തുടങ്ങിയ പ്രദേശങ്ങളിലാണ് പ്രതി താമസിച്ചിരുന്നത്. കാസർകോട് തന്നെ മറ്റൊരു യുവതിയെ കബളിപ്പിച്ച് വിവാഹം കഴിച്ച് അതിലും മക്കളുണ്ട്. ആ യുവതി നൽകിയ കേസിൽ ഇയാളെ അറസ്റ്റ് ചെയ്ത് ആ കേസ് കോടതിയിലാണ്. റിമാന്റിലായിരിക്കെ ജാമ്യത്തിൽ പുറത്തിറങ്ങിയതായിരുന്നു.
‘കർണാടകത്തിൽ നിരവധി സ്ത്രീസുഹൃത്തുക്കൾ പ്രതിക്ക് ഉണ്ട്. എന്നാൽ പുരുഷന്മാരായ സുഹൃത്തുക്കൾ കുറവാണ്. പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്യാത്തതിനാൽ അത്തരത്തിലുള്ള സുഹൃത് ബന്ധങ്ങളും ഇല്ല. മീൻ പിടിക്കാൻ പോയിട്ടുണ്ടെങ്കിലും ആരോടും സൗഹൃദം സ്ഥാപിക്കാതിരിക്കുന്നയാളാണ്. പൊറോട്ടയടിക്കാനും ബിരിയാണി വെക്കാനും അറിയുന്നതിനാൽ ഹോട്ടലുകളിലും ജോലിക്ക് നിന്നിട്ടുണ്ട് പ്രതി. എന്നാൽ ബന്ധങ്ങളില്ലാതിരുന്നതും ഫോൺ ഇല്ലാതിരുന്നതിനാലും പ്രതി എവിടെയാണെന്ന് കണ്ടെത്തുക വലിയ പ്രയാസമായിരുന്നു,’ എന്നും ഷാജി പറഞ്ഞു.
മെയ് 31നായിരുന്നു ഷാജി ഫ്രാൻസിസ് വിരമിച്ചത്. മെയ് 27 ന് ഡി.വൈ.എസ്.പി. പിപി സദാനന്ദന്റെ നേതൃത്വത്തിൽ ഇവർക്ക് യാത്രയയപ്പ് കൊടുക്കാനുള്ള ഒരു ചടങ്ങ് നടത്തി. ‘അന്ന് അവിടെ വെച്ചാണ് അവർ ഈ പ്രതിയെ കുറിച്ച് പറഞ്ഞത്,’ എന്ന് പിപി സദാനന്ദൻ പറഞ്ഞു. ‘സാധ്യമായ എല്ലാ വഴികളിലും അന്വേഷിച്ചിട്ടും പ്രതിയെ കിട്ടാത്തതിലുള്ള നിരാശ അവർ പങ്കുവെച്ചു. താനും രണ്ട് പെൺമക്കളുടെ അമ്മയാണെന്നും, സ്വന്തം മകളെ പീഡിപ്പിച്ച ശേഷം ഒളിവിൽ കഴിയുന്ന പ്രതിയെ പിടിക്കാൻ കഴിയാത്തത് സർവീസ് കാലം അവസാനിക്കുമ്പോൾ കടുത്ത വിഷമമാണെന്നും അവർ അന്ന് പറഞ്ഞു. സിഐക്ക് സന്തോഷത്തോടെ വിരമിക്കണമെങ്കിൽ ആ പ്രതിയെ പിടിക്കേണ്ടത് അത്യാവശ്യമാണെന്ന് അവിടെ കൂടിയിരുന്ന എല്ലാവർക്കും ആ പ്രസംഗത്തിൽ നിന്ന് വ്യക്തമായി,’ ഡി.വൈ.എസ്.പി. പറഞ്ഞു.
പിന്നീട് പൊലീസ് അന്വേഷണം ഒന്നുകൂടി ഊർജ്ജിതമായി. ക്രൈം സ്ക്വാഡ് പലവഴിക്ക് തിരിഞ്ഞ് അന്വേഷിച്ചു. ഒടുവിൽ കോഴിക്കോട് ഒരു ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്ന പ്രതിയെ തിരിച്ചറിഞ്ഞു. ‘മെയ് 30നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മെയ് 31 ന്, സർവീസിലെ അവസാന ദിവസം സി.ഐ തന്നെയാണ് അയാളെ കോടതിയിൽ ഹാജരാക്കിയത്. വളരെയധികം സന്തോഷത്തോടെയാണ് അവർ സർവീസിൽ നിന്നും പടിയിറങ്ങിയത്.’ അതിൽ തങ്ങൾക്കും വളരെയധികം സന്തോഷമുണ്ടെന്നും ഡി.വൈ.എസ്.പി. സദാനന്ദൻ പറഞ്ഞു.
പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം മംഗലാപുരത്തെയും കേരള-കർണാടക അതിർത്തി പ്രദേശത്തുള്ള പല ആശുപത്രികളിലും പ്രതി മകളെയും കൊണ്ട് പോയിരുന്നു. പ്രസവം അലസിപ്പിക്കാനായിരുന്നു ശ്രമം. എന്നാൽ ഒന്നും ഫലം കണ്ടില്ല. ഒരൊറ്റ ആശുപത്രിയും പ്രതിയെ സഹായിച്ചില്ല. പിന്നീട് പെൺകുട്ടിയെ പ്രതി കാഞ്ഞങ്ങാട്ടെ ഒരു ഹോസ്റ്റലിലാക്കി. ഭാര്യയെയും മക്കളെയും ഒരു വാടകവീട്ടിലേക്കും താമസപ്പിച്ചു. ഇതിന് ശേഷമാണ് പ്രതി മുങ്ങിയത്. ഹോസ്റ്റലിൽ താമസിക്കെ വയറുവേദനിച്ച് പെൺകുട്ടിക്ക് വയ്യാതെയായി. ഇതോടെ ഹോസ്റ്റൽ വാർഡൻ പെൺകുട്ടിയുടെ അമ്മയെ ബന്ധപ്പെട്ടു. ഏപ്രിൽ അഞ്ചിന് അമ്മ നേരിട്ടെത്തി പെൺകുട്ടിയുമായി കാസർകോടേക്ക് പോയി. അവിടെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈദ്യ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന് വ്യക്തമായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞ ആശുപത്രി അധികൃതർ പൊലീസിനെ അറിയിച്ചു. സ്വന്തം പിതാവാണ് തന്നെ ഗർഭിണിയാക്കിയതെന്ന് പെൺകുട്ടി വെളിപ്പെടുത്തിയതോടെയാണ് പൊലീസ് പ്രതിക്കായി തിരച്ചിൽ ആരംഭിച്ചത്.
‘എറണാകുളത്തായിരുന്നു ഞാൻ ജോലി ചെയ്തത്. 13 കൊല്ലത്തോളം എസ്ഐ ആയ ശേഷമാണ് കഴിഞ്ഞ സെപ്തംബറിൽ പ്രമോഷൻ ലഭിച്ചത്,’ ഷാജി പറയുന്നു. ‘കാസർകോട് വനിതാ സെല്ലിൽ സിഐ ആയിട്ടായിരുന്നു നിയമനം. ശേഷം ഏഴോളം പോക്സോ കേസുകളുടെ അന്വേഷണ ചുമതല വന്നു. എല്ലാ പ്രതികളെയും പിടികൂടി. എന്നാൽ അച്ഛൻ തന്നെ മകളെ ഗർഭിണിയാക്കിയ ഒരേയൊരു കേസാണ് 32 വർഷം നീണ്ട സർവീസ് കാലത്തിനിടെ തനിക്ക് മുന്നിലെത്തിയത്. അതുകൊണ്ട് തന്നെ പ്രതിയെ പിടിച്ചേ പറ്റൂവെന്ന ആഗ്രഹം വല്ലാതെയുണ്ടായിരുന്നു. സർവീസ് കാലം അവസാനിക്കുമ്പോൾ അതിലും പ്രതിയെ പിടിക്കാനായത് വലിയ നേട്ടമായാണ് കാണുന്നത്,’ എന്നും അവർ പറഞ്ഞു.
You must be logged in to post a comment Login