ടെല്‍ അവീവ്: ഫലസ്തീനെതിരെ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഗണ്യമായ കുറവ് വരുത്തണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ആവശ്യം തള്ളി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേലിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതുവരെ ഗാസയില്‍ ബോംബാക്രമണം തുടരുമെന്നാണ് ബൈഡന്റെ ഫോണ്‍ കോളിന് പിന്നാലെ നെതന്യാഹു അറിയിച്ചത്.
ഗാസയിലെ ഹമാസിനെതിരെയുള്ള ആക്രമണത്തില്‍ ഒരുതരത്തിലുള്ള അനുകമ്പയും വരുത്താന്‍ ഇസ്രായേല്‍ ഉദ്ദേശിക്കുന്നില്ലെന്ന് നേരത്തെ നെതന്യാഹു പറഞ്ഞിരുന്നു. ‘അവര്‍ ഞങ്ങളുടെ തലസ്ഥാനം ആക്രമിച്ചു, അവര്‍ ഞങ്ങളുടെ നഗരങ്ങളില്‍ റോക്കറ്റിട്ടു. ഇതിന് അവര്‍ വലിയ വില നല്‍കേണ്ടിവരും,” എന്നായിരുന്നു നെതന്യാഹു പറഞ്ഞിരുന്നത്.
ബുധനാഴ്ചയാണ് ഫലസ്തീനികള്‍ക്ക് നേരെ പട്ടാളം നടത്തുന്ന ഏറ്റുമുട്ടലുകളില്‍ ഇസ്രായേല്‍ വലിയ രീതിയില്‍ കുറവ് വരുത്തുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്ന് നെതന്യാഹുവിനോട് ബൈഡന്‍ പറഞ്ഞത്. നെതന്യാഹുവുമായി ബൈഡന്‍ ഫോണില്‍ സംസാരിച്ചെന്നും ഈ കോളിലാണ് ആക്രമണങ്ങള്‍ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടതെന്നും വൈറ്റ് ഹൗസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു. ‘വെടിനിര്‍ത്തല്‍ എന്ന നടപടിയിലേക്ക് നീങ്ങണമെന്നും അതിന്റെ ഭാഗമായി ആക്രമണങ്ങള്‍ കുറച്ചുകൊണ്ടുവരണമെന്നും പ്രസിഡന്റ് ജോ ബൈഡന്‍ പ്രധാനമന്ത്രി നെതന്യാഹുവിനോട് ആവശ്യപ്പെട്ടു,’ പ്രസ്താവനയില്‍ പറയുന്നു.
നേരത്തെ ഇസ്രായേലിനെ പിന്തുണച്ചുകൊണ്ടാണ് ബൈഡന്‍ രംഗത്തെത്തിയിരുന്നത്. ഗാസയില്‍ ഇസ്രായേല്‍ ആക്രമണം നടത്തുന്നതിനിടെ ഇസ്രായേലിന് പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്നായിരുന്നു സംഭവത്തില്‍ ബൈഡന്റെ ആദ്യ പ്രതികരണം. ഇസ്രായേലും ഫലസ്തീനും തമ്മിലുള്ള ആക്രമണം അവസാനിപ്പിച്ച് നയതന്ത്ര പരിഹാരമുണ്ടാക്കണമെന്ന ഐക്യരാഷ്ട്രസഭാ രക്ഷാസമിതി പ്രമേയം അമേരിക്ക തള്ളുകയും ചെയ്തിരുന്നു.
സര്‍ക്കാരിന്റെ നടപടിക്കും ബൈഡന്റെ പ്രസ്താവനക്കുമെതിരെ അമേരിക്കയില്‍ നിന്നുതന്നെ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. തുടര്‍ന്ന് ഗാസയിലെ സമാധാന ശ്രമങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ബൈഡന്‍ രംഗത്തെത്തുകയായിരുന്നു. ബൈഡന്റെ നേതൃത്വത്തില്‍ ഈജിപ്ത് അടക്കമുള്ള രാഷ്ട്രങ്ങളുമായി ചേര്‍ന്ന് ഇസ്രായേലും ഫലസ്തീനും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറിലെത്താനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്ന് വൈറ്റ് ഹൗസ് കഴിഞ്ഞ ദിവസം പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
അതേസമയം ഫ്രാന്‍സിന്റെ നേതൃത്വത്തിലും അയല്‍രാജ്യങ്ങളുമായി ചേര്‍ന്ന് പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നയതന്ത്ര ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ഫ്രാന്‍സിന്റെ ശ്രമങ്ങള്‍ക്ക് ചൈന പിന്തുണ അറിയിച്ചിട്ടുണ്ട്. അതേസമയം, ഗാസയില്‍ ഇസ്രായേല്‍ ആക്രമണം തുടരുകയാണ്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം, മെയ് 10 മുതല്‍ 227 ഫലസ്തീനികളാണ് ഇസ്രായേലി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 64 കുട്ടികളും 38 സ്ത്രീകളും ഉള്‍പ്പെടുന്നു. 1500ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഹമാസ് നടത്തിയ ആക്രമണത്തില്‍ 12 ഇസ്രായേലികള്‍ കൊല്ലപ്പെട്ടു. 300 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
കിഴക്കന്‍ ജറുസലേമിലെ ഷെയ്ഖ് ജറായില്‍ നിന്നും അറബ് വംശജരെയും മുസ്ലിങ്ങളെയും കുടിയൊഴിപ്പിക്കാനായി ഇസ്രായേല്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ പ്രദേശത്ത് ഒരു മാസത്തിലേറെയായി ഫലസ്തീനികള്‍ പ്രതിഷേധം നടത്തുന്നുണ്ടായിരുന്നു. പിന്നീട് മെയ് ഏഴിന് മസ്ജിദുല്‍ അഖ്സയില്‍ ഇസ്രായേല്‍ സേന ആക്രമണങ്ങള്‍ നടത്തുകയും ഹമാസ് ഇതിനെതിരെ രംഗത്തുവന്നതിനും പിന്നാലെയാണ് ഗാസയില്‍ ഇസ്രായേല്‍ വലിയ വ്യോമാക്രമണങ്ങള്‍ ആരംഭിച്ചത്.
You must be logged in to post a comment Login