ഗാസ: പശ്ചിമേഷ്യയെ വീണ്ടും കലാപഭൂമിയാക്കിക്കൊണ്ട് ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷം രൂക്ഷമായിരിക്കുന്നു. പതിറ്റാണ്ടുകളുടെ മുറിവുകള്‍ വീണ്ടും തുറക്കപ്പെടുകയാണ്. ഇരുപതുലക്ഷത്തിലേറെ പലസ്തീന്‍കാര്‍ പാര്‍ക്കുന്ന ഗാസയുടെ നിയന്ത്രണം കൈയാളുന്ന ഹമാസും ഇസ്രായേല്‍ സേനയും തമ്മിലാണ് ഏറ്റുമുട്ടല്‍. കിഴക്കന്‍ ജറുസലേമിലെ അല്‍ അഖ്സ പള്ളിയിലേക്കുള്ള പ്രധാനകവാടം അടച്ച് റംസാന്‍കാലത്തെ പലസ്തീന്‍കാരുടെ ഒത്തുകൂടല്‍ ഇസ്രായേല്‍ തടഞ്ഞതാണ് സംഘര്‍ഷത്തിന്റെ തുടക്കം. ഇതിനകം നൂറ്റിയെഴുപതിലേറെ പലസ്തീന്‍കാര്‍ ഇസ്രായേലിന്റെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. അതില്‍ 41-ഉം കുട്ടികള്‍. മലയാളിയായ സൗമ്യയുള്‍പ്പെടെ 10 പേര്‍ ഹമാസിന്റെ ആക്രമണത്തില്‍ ഇസ്രായേലിലും കൊല്ലപ്പെട്ടു. ഇതുവരെയുള്ള സമാധാന ശ്രമങ്ങളെല്ലാം പാഴായി. സംഘര്‍ഷം വെസ്റ്റ് ബാങ്കിലേക്കും വ്യാപിച്ചു. ഗാസ അതിര്‍ത്തിയില്‍ യുദ്ധസന്നാഹത്തിലാണ് ഇസ്രായേല്‍. തിരിച്ചടിക്കാന്‍ ഒരുങ്ങി ഹമാസും.
ഏപ്രില്‍ പകുതിയോടെ ഉരുണ്ടുകൂടിയ പ്രശ്നങ്ങളാണ് മേയ് പത്തിന് തുറന്ന ഏറ്റുമുട്ടിലിന് തുടക്കമിട്ടത്. പലസ്തീന്‍കാരുടെ ആരാധനാലയമായ അല്‍ അഖ്സ പള്ളിയിലേക്കുള്ള പ്രധാനകവാടം അകാരണമായി ഇസ്രായേല്‍ പോലീസ് അടച്ചു. ഇത് വലിയ പ്രകോപനമുണ്ടാക്കി. പ്രതിഷേധത്തിനുപിന്നാലെ തുറന്നുകൊടുത്തെങ്കിലും സംഘര്‍ഷം അയഞ്ഞില്ല. പിന്നാലെ കിഴക്കന്‍ ജറുസലേമിനടുത്തുള്ള ശൈഖ് ജാറയില്‍ തലമുറകളായിക്കഴിയുന്ന പലസ്തീന്‍ കുടുംബങ്ങളെ ഒഴിപ്പിക്കാന്‍ ഇസ്രായേല്‍ ശ്രമിച്ചു. സംഘര്‍ഷം മൂര്‍ച്ഛിച്ചു. എന്നിട്ടും കിഴക്കന്‍ ജറുസലേം പിടിച്ചെടുത്തതിന്റെ സ്മരണയ്ക്കായുള്ള വാര്‍ഷിക ജറുസലേം ദിന പതാകജാഥയുമായി ഇസ്രായേല്‍ മുന്നോട്ടുപോയി. ഇതാണ് തുറന്ന ഏറ്റുമുട്ടിലിലേക്കു നയിച്ചത്. അല്‍ അഖ്സ പള്ളിവളപ്പ് സംഘര്‍ഷവേദിയായി. കിഴക്കന്‍ ജറുസലേമില്‍നിന്ന് പിന്‍മാറാന്‍ ഇസ്രായേലിന് അന്ത്യശാസനം കൊടുത്തിരുന്ന ഹമാസ് റോക്കറ്റയച്ചു. ഇസ്രായേല്‍ തിരിച്ചടിച്ചു.
2014-ല്‍ ഹമാസും ഇസ്രായേല്‍സേനയും തമ്മില്‍ നടന്ന സംഘര്‍ഷത്തിനുശേഷം പിന്നീട് ഇപ്പോഴാണ് ഇത്ര രൂക്ഷമായ ഏറ്റുമുട്ടല്‍. അന്ന് ഏഴാഴ്ച നീണ്ട ഏറ്റുമുട്ടല്‍ ഒടുങ്ങിയപ്പോള്‍ 2,300 ജീവനുകള്‍ നഷ്ടമായി. പതിവുപോലെ അതില്‍ മഹാഭൂരിപക്ഷവും പലസ്തീന്‍കാരായിരുന്നു. ഇപ്പോഴത്തെ സംഘര്‍ഷം നാലുദിവസം പിന്നിട്ടപ്പോള്‍ത്തന്നെ ഹാമസിന്റേതെന്ന് പറയുന്ന 13 നിലക്കെട്ടിടം ഇസ്രായേലി യുദ്ധവിമാനങ്ങള്‍ തവിടുപൊടിയാക്കി. ഹമാസിന്റെ ഇന്റലിജന്‍സ് ആസ്ഥാനവും ഉന്നത കമാന്‍ഡര്‍മാരുടേതെന്ന് പറയുന്ന നാലു കെട്ടിടങ്ങളും തകര്‍ത്തു. കമാന്‍ഡര്‍മാരെ വധിച്ചു. അല്‍ ജസീറയും എ.പി.യുമുള്‍പ്പെടെയുള്ള അന്താരാഷ്ട്രമാധ്യമങ്ങളുടെ ഓഫീസ് സ്ഥിതിചെയ്തിരുന്ന 12 നിലയുള്ള കെട്ടിടം ഹമാസിന്റെ ഓഫീസുണ്ടെന്ന് പറഞ്ഞ് ബോംബിട്ടു തകര്‍ത്തു. ഗാസയിലെ ഹമാസിന്റെ 1000 കേന്ദ്രങ്ങളില്‍ ബോംബിട്ടുവെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അവകാശവാദം. ഹമാസിനെ നിശ്ശബ്ദമാക്കുംവരെ വെടിനിര്‍ത്തലില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.
സ്വയം പ്രതിരോധിക്കാന്‍ ഇസ്രായേലിന് അവകാശമുണ്ടെന്ന ന്യായംപറഞ്ഞ് ഏറ്റുമുട്ടല്‍ തുടരാന്‍ അവര്‍ക്ക് മൗനാനുവാദം കൊടുത്തിരിക്കുകയാണ് അമേരിക്ക. ദിവസങ്ങളോളം പോരാടാനുള്ള ആയുധശേഷിയുണ്ടെന്ന് ഹമാസും പറയുന്നു.
സംഘര്‍ഷത്തിന്റെ തുടര്‍ച്ചയെന്നോണം ജൂതരും അറബികളും ഒരുമിച്ച് പാര്‍ക്കുന്ന ഇസ്രായേലി നഗരങ്ങളില്‍ വര്‍ഗീയ കലാപങ്ങളും നടക്കുന്നു. കലാപം മൂര്‍ച്ഛിച്ചതോടെ ലോഡ് നഗരത്തില്‍ 1966-ന് ശേഷം ആദ്യമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
You must be logged in to post a comment Login