തിരുവനന്തപുരം: സംസ്ഥാനത്ത് 18 മുതൽ 44 വയസ്സുവരെയുള്ള മുൻഗണനാ വിഭാഗത്തിന്റെ വാക്സിനേഷൻ റജിസ്ട്രേഷൻ ആരംഭിച്ചതോടെ ആദ്യ ദിവസമെത്തിയത് 25,237 അപേക്ഷകൾ. ഇന്നലെ രാത്രി 9 വരെയുള്ള കണക്കാണിത്. അപേക്ഷകൾ പരിഗണിച്ച് തുടങ്ങിയിട്ടില്ല.
കോവിഡ് ഇതര രോഗങ്ങൾ ഉള്ളവരെയാണ് മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തുന്നത്. കോവിൻ പോർട്ടലിലെ റജിസ്ട്രേഷന് ശേഷം അവിടെ നിന്ന് ലഭിക്കുന്ന റഫറൻസ് ഐ.ഡി. നമ്പർ ഉപയോഗിച്ചാണ് സംസ്ഥാന സർക്കാരിന്റെ വെബ്സൈറ്റിൽ (covid19.kerala.gov.in/vaccine) റജിസ്റ്റർ ചെയ്യേണ്ടത്. വാക്സിനേഷൻ 17ന് ആരംഭിക്കും. അനുബന്ധ രോഗങ്ങളുണ്ടെന്ന് തെളിയിക്കാനുള്ള സർട്ടിഫിക്കറ്റിനായി ലോക്ഡൗൺ കാലത്ത് ആശുപത്രി സന്ദർശനം പ്രയാസമാണെന്ന് പരാതി ഉയർന്നിട്ടുണ്ട്. ഇതിന് പകരം മെഡിക്കൽ രേഖകളോ ഡിസ്ചാർജ് സമ്മറിയോ അപ്‌ലോഡ് ചെയ്യാൻ സൗകര്യമുണ്ടാക്കണമെന്നാണ് ആവശ്യം.
റജിസ്ട്രേഷൻ: സംശയങ്ങളും മറുപടികളും
∙ കോവിൻ റജിസ്ട്രേഷന് പുറമേ എന്തിനാണ് സംസ്ഥാന വെബ്സൈറ്റ്?
18–44 പ്രായക്കാരിൽ മറ്റു രോഗമുള്ളവർക്കു മുൻഗണന നൽകാനാ സംസ്ഥാന വെബ്സൈറ്റ്. ഇതു കോവിന് പകരമല്ല. കോവിൻ പോർട്ടലിൽ റജിസ്റ്റർ ചെയ്തവർക്ക് മാത്രമേ സംസ്ഥാന വെബ്സൈറ്റിൽ വിവരങ്ങൾ നൽകാൻ കഴിയൂ.
∙ കോവിനിലെ റഫറൻസ് ഐ.ഡി. എങ്ങനെ കണ്ടെത്തും?
കോവിൻ പോർട്ടലിൽ (selfregistration.cowin.gov.in) മൊബൈൽ നമ്പർ നൽകി ലോഗിൻ ചെയ്യുക. നിങ്ങളുടെ ഫോൺ നമ്പറുമായി ബന്ധിപ്പിച്ച അക്കൗണ്ടുകൾ ചുവടെ കാണാം. നിശ്ചിത അക്കൗണ്ടിന്റെ പേരിന് സമീപം ‘REF ID‘ എന്ന് കൊടുത്തിരിക്കുന്ന 14 അക്ക നമ്പറാണ് റഫറൻസ് ഐ.ഡി.
∙ അപേക്ഷ അംഗീകരിച്ചോയെന്ന് എങ്ങനെ അറിയും?
റജിസ്റ്റേഡ് മൊബൈലിൽ വാക്സിനേഷൻ വിവരങ്ങൾ എസ്എംഎസ് ആയെത്തും. ഇതിന് പുറമേ സംസ്ഥാന സർക്കാരിന്റെ വെബ്സൈറ്റിൽ മുകൾ ഭാഗത്തായി കാണുന്ന ‘Check your request status’ എന്ന ഓപ്ഷൻ തുറക്കുക. മൊബൈൽ നമ്പർ, ജനനവർഷം, കോവിൻ പോർട്ടൽ റഫറൻസ് ഐ.ഡി .എന്നിവ നൽകി ‘Check Status‘ കൊടുത്താൽ തൽസ്ഥിതി അറിയാം.
∙ അപേക്ഷ പരിഗണിക്കുന്നത് ആര്?
ജില്ലാ മെഡിക്കൽ ഓഫിസുകളാണ് രേഖ പരിശോധിച്ച് അംഗീകരിക്കുന്നത്. വിവരങ്ങൾ തെറ്റെങ്കിൽ അപേക്ഷ തള്ളും. കേരളത്തിൽ താമസിക്കുന്നവർക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയൂ.
∙ ജനനവർഷം?
ജനനവർഷം 1977 മുതൽ 2003 വരെ ഏതെങ്കിലുമൊന്നാണെങ്കിൽ മാത്രമേ റജിസ്റ്റർ ചെയ്യാനാകൂ.
∙ മറ്റു രോഗങ്ങളില്ലാത്ത 18-44 പ്രായക്കാർക്ക് കേരള വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യാമോ?
ഇല്ല. ബാക്കിയുള്ളവർക്ക് കോവിൻ പോർട്ടലിലെ റജിസ്ട്രേഷൻ മതിയാകും.
∙ രോഗമുണ്ടെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എവിടെ നിന്ന്?
സംസ്ഥാന സർക്കാരിന്റെ വെബ്സൈറ്റിൽ ‘Co-morbidity Form‘ എന്ന ഓപ്ഷനിൽ നിന്ന് പി.ഡി.എഫ്. രൂപത്തിൽ ഡൗൺലോഡ് ചെയ്യാം. ഇത് പ്രിന്റെടുത്ത് ഡോക്ടറുടെ അംഗീകാരം വാങ്ങി ഫോട്ടോയെടുത്തോ സ്കാൻ ചെയ്തോ അപ്‌ലോഡ് ചെയ്യാം (1 എം.ബി. വലിപ്പമുള്ള ഫയലായിരിക്കണം). മിക്ക ആശുപത്രികളിലും ഇതിന്റെ പ്രിന്റ് ഔട്ട് ലഭ്യമാണ്.
∙ ഫയലിന് 1 എം.ബി.ക്ക് മുകളിൽ വലിപ്പമുണ്ടെങ്കിൽ?
Image reducer/Compress PDF എന്നിങ്ങനെ ഗൂഗിളിൽ തിരഞ്ഞാൽ ഫയലിന്റെ വലുപ്പം കുറയ്ക്കാനുള്ള സൗജന്യ സൈറ്റുകൾ കാണാം. ഇവ ഉപയോഗിച്ച് ഫയൽ സൈസ് കുറയ്ക്കാം.
You must be logged in to post a comment Login