കോഴിക്കോട്: തിരഞ്ഞെടുപ്പ് വിളിപ്പാടകലെ നില്‍ക്കുമ്പോള്‍ മുസ്ലിം ലീഗിനോടുള്ള നിലപാടിനെച്ചൊല്ലി ‘സമസ്ത’ പുകയുന്നു. അസ്വാരസ്യങ്ങള്‍ അവസാനിച്ചിട്ടില്ലെന്ന് പരസ്യമായി വെളിപ്പെടുത്തി ഒരു വിഭാഗം ലീഗിനെ സമ്മര്‍ദത്തിലാക്കാന്‍ ശ്രമിക്കുമ്പോള്‍ മറു വിഭാഗം ലീഗിനായി പ്രചാരണ പരിപാടികളില്‍ സജീവമാണ്.സാദിഖലി ശിഹാബ് തങ്ങള്‍, പി.എം.എ. സലാം എന്നിവരുള്‍പ്പെടെയുള്ള നേതാക്കള്‍ക്കുനേരേ വിമര്‍ശമുന്നയിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കമാണ് വീണ്ടും ചര്‍ച്ചകള്‍ സജീവമാക്കിയത്.
പൊന്നാനിയിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി കെ.എസ്. ഹംസയ്ക്കുവേണ്ടി സംഘടനയിലെ ഒരു വിഭാഗം രംഗത്തുണ്ട്. ലീഗിനെ അനുകൂലിക്കുന്ന വിഭാഗം യു.ഡി.എഫിനായും പ്രവര്‍ത്തിക്കുന്നു. ഇതിനിടയിലാണ് ലീഗിനെതിരേ ഉമര്‍ഫൈസി തുറന്നടിച്ചത്.സമസ്ത വിലക്കിയ പരിപാടികളില്‍ ബാഫഖി തങ്ങള്‍, പൂക്കോയ തങ്ങള്‍, മുഹമ്മദലി ശിഹാബ് തങ്ങള്‍, ഉമറലി ശിഹാബ് തങ്ങള്‍, ഹൈദരലി ശിഹാബ് തങ്ങള്‍ എന്നിവരൊന്നും പങ്കെടുത്തിരുന്നില്ലെന്ന് ഓര്‍മ്മിപ്പിച്ചാണ് ഉമര്‍ ഫൈസി സാദിഖലി തങ്ങളെ വിമര്‍ശിച്ചത്. ഇന്ന് അങ്ങിനെയല്ല. വിലക്ക് നിരന്തരം ലംഘിച്ച് ഇതര പ്രസ്ഥാനക്കാരുടെ സമ്മേളനങ്ങളിലും ആദര്‍ശപ്രചാരണ പരിപാടികളിലും പങ്കെടുക്കുന്നു.
സമസ്ത ഒരു തീരുമാനമെടുത്താല്‍ ലീഗ് അതിന്റെ കൂടെ നില്‍ക്കണം. സി.എ.സി. വിഷയത്തില്‍ അങ്ങനെ നിന്നില്ലെന്നുമാത്രമല്ല, അതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്തു. ലീഗിന്റെ താക്കോല്‍സ്ഥാനത്തിരിക്കുന്ന ഒരാളുടെ ഭാഗത്തുനിന്ന് ഇങ്ങനെ ഉണ്ടാവാന്‍ പാടില്ല. അത് സമുദായം കണ്ടറിയും. അത് മറ്റുള്ള നേതാക്കള്‍ മനസ്സിലാക്കുന്നില്ലെങ്കില്‍ അതിന് സമസ്തയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും നേരത്തേ സമസ്തനേതാക്കള്‍ക്കെതിരേ പി.എം.എ. സലാം നടത്തിയ പ്രസ്താവനയെക്കുറിച്ച് അദ്ദേഹം പറഞ്ഞു.
പൊന്നാനിയിലെ കെ.എസ്. ഹംസ സമസ്തയുടെ സ്ഥാനാര്‍ഥി അല്ലെങ്കിലും ഹൈദരലി ശിഹാബ് തങ്ങളെക്കുറിച്ച് ഹംസ പറയുന്ന കാര്യം ഗൗരവമുള്ളതാണ്. ഒരു ദിവസം രാവിലെ മുതല്‍ വൈകുന്നേരംവരെ ഇ.ഡി. അദ്ദേഹത്തെ മുറിയില്‍ അടച്ചിരുത്തി ചോദ്യം ചെയ്തതിനുശേഷം അദ്ദേഹത്തിന് കട്ടിലില്‍നിന്ന് എഴുന്നേല്‍ക്കാന്‍ കഴിഞ്ഞില്ലെന്നാണ് പറയുന്നത്. ഇത് ഗുരുതരമായ ആരോപണമാണെന്നും ഉമര്‍ ഫൈസി പറഞ്ഞു.ഈ നിലപാടിനെതിരാണ് സമസ്തയില്‍ ലീഗിനോടൊപ്പം ചേര്‍ന്നുനില്‍ക്കുന്നവര്‍. സംഘടനയുടെ നിലപാട് പറയേണ്ടത് പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളാണെന്ന് നാസര്‍ ഫൈസി പറഞ്ഞു. സമസ്തയുടെ സംഘടനാ സംവിധാനം ഉപയോഗിച്ച് ആരെങ്കിലും വോട്ടുമറിക്കാന്‍ വഴിവിട്ട് ശ്രമിച്ചാല്‍ പ്രത്യാഘാതങ്ങളുണ്ടാവും.