ഗതാഗതനിയമലംഘനം: കോടതിക്ക് കൈമാറിയ കേസുകള്‍ തിരിച്ചെടുത്ത് ഓണ്‍ലൈനായി പിഴയടയ്ക്കാം

Share our post

പിഴ യഥാസമയം അടയ്ക്കാത്തതിനാല്‍, കോടതികള്‍ക്ക് കൈമാറിയ കേസുകള്‍ മോട്ടോര്‍ വാഹനവകുപ്പ് തിരിച്ചുവിളിക്കുന്നു. സി.ജെ.എം. കോടതികള്‍ക്ക് കൈമാറിയ നാലരലക്ഷം ഗതാഗതനിയമലംഘന കേസുകളാണ് തിരിച്ചുവിളിക്കുന്നത്. അഭിഭാഷകസഹായമില്ലാതെ ഇവയില്‍ പിഴയൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

വാഹനം രജിസ്റ്റര്‍ചെയ്ത ഓഫീസില്‍നിന്നോ കുറ്റംചുമത്തിയ ഓഫീസില്‍നിന്നോ കേസുകള്‍ തിരിച്ചെടുത്ത് പിഴയടയ്ക്കാം. ഓണ്‍ലൈനില്‍ പണമടയ്ക്കാനായി യൂസര്‍ നെയിമും പാസ്വേഡും ലഭിക്കും. പോലീസ് ചുമത്തിയ കേസുകളിലും ഈ സൗകര്യം ലഭിക്കും.

ഇതുവഴി കോടതിനടപടി ഒഴിവാക്കാനാകും. കോടതിയുടെ പരിഗണനയ്‌ക്കെത്തിയാല്‍ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതുള്‍പ്പെടെ കടുത്തനടപടി നേരിടേണ്ടിവരുന്ന കുറ്റങ്ങള്‍ പിഴയടച്ച് ഒഴിവാക്കാന്‍പറ്റും.

ഹെല്‍മെറ്റ് ഉപയോഗിച്ചില്ലെങ്കില്‍പ്പോലും ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള വ്യവസ്ഥ നിയമത്തിലുണ്ട്. ഇ-ചെലാന്‍വഴി പിഴ ചുമത്തുന്ന കേസുകളില്‍ 30 ദിവസത്തിനകം പിഴയൊടുക്കിയില്ലെങ്കില്‍ ഓണ്‍ലൈന്‍ കോടതിയിലേക്കും 60 ദിവസത്തിനുശേഷം റെഗുലര്‍ കോടതിയിലേക്കും കൈമാറുകയാണ് പതിവ്. പിഴ ഒടുക്കാത്തിടത്തോളം വാഹനത്തിന് യാതൊരുവിധ സേവനങ്ങളും മോട്ടോര്‍വാഹനവകുപ്പില്‍നിന്ന് ലഭിക്കില്ല. വാഹനം കരിമ്പട്ടികയിലായിരിക്കും.

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ കഴിവതുംവേഗം ഓണ്‍ലൈനില്‍ അടയ്ക്കാന്‍ ശ്രമിക്കണമെന്നാണ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുന്നത്. പിഴയടയ്ക്കാന്‍ വൈകിയാല്‍ കേസ് കോടതിക്ക് കൈമാറുമെന്നും ഇതോടെ ഹെല്‍മെറ്റില്ലാതെ ഇരുചക്രവാഹനം ഓടിച്ചവര്‍ക്ക് ഡ്രെവിങ് ലൈസന്‍സ് സസ്പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള കടുത്തശിക്ഷ കോടതികളില്‍ നേരിടേണ്ടിവരുമെന്നുമായിരുന്നു മുന്‍ റിപ്പോര്‍ട്ടുകള്‍. വെര്‍ച്വല്‍ കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന നാലരലക്ഷം കേസുകള്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതികള്‍ക്ക് കൈമാറിയെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

ഒന്നിലേറെത്തവണ നിയമലംഘനങ്ങള്‍ ആവര്‍ത്തിച്ചവര്‍ക്ക് പിഴ ഇരട്ടിയാകും. പിഴ വാങ്ങി കേസ് തീര്‍പ്പാക്കാനുള്ള അധികാരം (കോമ്പൗണ്ടിങ്) ഉപയോഗിച്ച് സര്‍ക്കാര്‍ നല്‍കിയിരുന്ന ഇളവുകള്‍ കോടതികളില്‍നിന്ന് ലഭിക്കില്ലെന്നുമായിരുന്നു വിവരം. കേസ് നടത്തിപ്പിന് അഭിഭാഷകരെ ചുമതലപ്പെടുത്തുന്നതടക്കമുള്ള ചെലവുകള്‍ പുറമേവരും. കോടതി കേസ് തീര്‍പ്പാക്കുംവരെ കരിമ്പട്ടിക നീക്കാനോ വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറാനോ കഴിയില്ല.

ഗതാഗത നിയമലംഘനങ്ങള്‍ തീര്‍പ്പാക്കാന്‍ വേണ്ടിയുള്ള വെര്‍ച്വല്‍ കോടതിയില്‍ മൂന്നുമാസത്തിനുള്ളില്‍ കേസുകള്‍ പരിഗണിക്കണമെന്നാണ് വ്യവസ്ഥ. പിഴയൊടുക്കാന്‍ മറ്റുപല സംസ്ഥാനങ്ങളിലും ആറുമാസത്തോളം സാവകാശം നല്‍കാറുണ്ട്. പരമാവധി മൂന്നുമാസം അനുവദിക്കാമെങ്കിലും ഒരുമാസം തികയുമ്പോഴേ മോട്ടോര്‍വാഹനവകുപ്പ് കേസുകള്‍ കോടതിക്ക് കൈമാറും. ഇതോടെ, കേസുകളുടെ ബാഹുല്യം പ്രതിസന്ധിയായി. ഇങ്ങനെ കെട്ടിക്കിടന്ന കേസുകളാണ് സി.ജെ.എം. കോടതികള്‍ക്ക് കൈമാറിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!