നീണ്ടകാലത്തെ ഇടവേളയ്ക്ക് ശേഷമാണ് വയനാട്ടിലെ ഏറ്റവും വലിയ കൊടുമുടി ചെമ്പ്ര പീക്ക് സഞ്ചാരികള്‍ക്കായി തുറക്കുന്നത്. മഴക്കാലത്തിന്റെ പച്ചപ്പില്‍ വശ്യതയാര്‍ന്ന കാഴ്ചകളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്.ഒക്‌ടോബര്‍ 21 മുതലാണ് ഈ മലനിരകളിലേക്ക് പ്രവേശനം അനുവദിച്ചത്. പൂര്‍ണ്ണമായും വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഈ ഇക്കോ ടൂറിസം കേന്ദ്രം രാജ്യമാകെ പ്രശസ്തമാണ്. കനത്ത മഴയുടെ കാലയളവ് കഴിഞ്ഞുള്ള സീസണുകളിലാണ് ചെമ്പ്ര ഏറ്റവും കൂടുതല്‍ ആകര്‍ഷകം. സെപ്തംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളാണ് ചെമ്പ്ര മലകയറാന്‍ ഏറ്റവും അനുയോജ്യം. പച്ചപ്പുകള്‍ തിരുമുടി കെട്ടിയ മലയോരത്ത് നിന്നുള്ള കാഴ്ചകള്‍ ആസ്വദിക്കാന്‍ വിദേശ സഞ്ചാരികളടക്കം നിരവധി പേര്‍ എത്താറുണ്ടായിരുന്നു. മുന്‍ കാലങ്ങളില്‍ പ്രകൃതി പഠനയാത്രകളുടെയും മഴയാത്രകളുടെയും കേന്ദ്രമായിരുന്നു ചെമ്പ്രമല. സഞ്ചാരികള്‍ കൂടിയതോടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ വനംവകുപ്പും നിര്‍ബന്ധിതരായി.
പച്ചപ്പിന്റെ ഇടനാഴികള്‍
കാട്ടുചോലകള്‍ കടന്നുവേണം ചെമ്പ്രയിലേക്കുള്ള യാത്രകള്‍. പ്രകൃതിയിലേക്കുള്ള സഞ്ചാരം കൂടിയാണിത്. നീല കാട്ടുപൂക്കളുടെ മൂക്കുത്തിയണിഞ്ഞ് ആകാശത്തിനെ പ്രണയിക്കുന്ന ഈ ഗിരിനിരകള്‍ക്ക് കാലത്തോട് പറയാന്‍ ഒരുപാട് വിശേഷങ്ങളുണ്ട്. നെറുകയിലെ ഹൃദയതടാകത്തില്‍ നീന്തി തുടിച്ച് നൂറുകണക്കിന് സഞ്ചാരികളുടെ മനസ്സില്‍ ഇടം തേടിയതാണ് ഈ സാഹസിക വിനോദ കേന്ദ്രം. കാഴ്ചകളുടെ വിരുന്നില്‍ എന്നും നൂറു ഭാവങ്ങളാണ് ചെമ്പ്ര കുറിച്ചിടുന്നത്. താഴ്വാരത്തിലുള്ള ഗ്രാമീണര്‍ക്കു പോലും ഒരു നൂറുവട്ടം കയറിയാലും കൊതിതീരാത്ത യാത്രാനുഭവമാണ് ഈ മലയോരം നല്‍കുന്നത്.
ചെമ്പ്രയ്ക്ക് എന്നും വിഭിന്ന ഭാവങ്ങളാണ്. ഓരോ സമയത്തും ഒന്നിനൊന്നു വ്യത്യാസം. അതുകൊണ്ട് തന്നെ ചെമ്പ്രയിലേക്കുള്ള വഴികള്‍ ഒരിക്കല്‍ പോലും സഞ്ചാരികളുടെ മനസ്സുമടുപ്പിക്കാറില്ല. ശിശിരമാസത്തിലെ വയനാടന്‍ മഞ്ഞ് മൂടുമ്പോഴാണ് കൂടുതല്‍ സൗന്ദര്യമെന്ന് പറയുന്നവരുമുണ്ട്. കൊടും വേനലില്‍ വറ്റാതെ കിടക്കുന്ന ഹൃദയസരസ്സാണ് മറ്റു കുറെ പേര്‍ക്ക് ഈ വിസ്മയക്കാഴ്ച. ചെരിഞ്ഞു പെയ്യുന്ന വയനാടന്‍ മഴയും ഇവിടെ ഏറെ ഹൃദ്യമാണ്.
പഴയ ഇംഗ്ലീഷ് താവളം
ഊട്ടി വഴി വയനാട്ടിലെത്തിയ ബ്രട്ടീഷുകാരാണ് ചെമ്പ്രയുടെ നെറുകയില്‍ ആദ്യമായെത്തിയ വിദേശികള്‍. 6300 അടി എന്ന് ഉയരം കണക്കാക്കിയതും ബ്രട്ടീഷുകാര്‍ തന്നെയാണ്. പശ്ചിമഘട്ടത്തില്‍ ഇംഗ്‌ളീഷുകാര്‍ തമ്പടിച്ച ഏക മലയാണിത്. ഇതിന്റെ താഴ്‌വാരത്തായി കുതിരലായവും ഗോള്‍ഫ് കോര്‍ട്ടുമെല്ലാം ഇവിടെയുണ്ടായിരുന്നു. നീലഗിരിയില്‍ നിന്ന് വയനാടന്‍ മലനിരകളിലേക്കായിരുന്നു സായ്പന്‍മാരുടെ പ്രയാണം. ചായത്തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും പടുത്തുയര്‍ത്താന്‍ വേണ്ടിയുള്ള യാത്രകള്‍. കൂട്ടത്തില്‍ സിങ്കോണ ചെടികളെയും വിദേശത്ത് നിന്നും എത്തിച്ചു. സ്വര്‍ണ്ണ ഖനനത്തിനായി ബ്രട്ടണില്‍ നിന്ന് കമ്പനികളെത്തിയതോടെ ചെറിയൊരു യൂറോപ്പായി വയനാടും മാറുകയായിരുന്നു. ഇവരുടെയൊക്കെ ആവാസ കേന്ദവും ചെമ്പ്രയുടെ താഴ്‌വാരങ്ങളിലായിരുന്നു. വിനോദങ്ങള്‍ക്കും ഉല്ലാസത്തിനുമെല്ലാം മലകടന്ന് വന്നവര്‍. ഇവിടെയുള്ള ക്യാമ്പ് ഓഫീസുകള്‍ ഒരു കാലത്ത് രാപ്പകല്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. ഇതിന്റെയെല്ലാം ഓര്‍മ്മകള്‍ക്ക് സാക്ഷ്യമാണ് ഈ ഹരിത പര്‍വ്വതം.
പുല്‍മേടുകള്‍ ചോലവനങ്ങള്‍
ഇടവിട്ടുള്ള ചോലവന സമൃദ്ധിയില്‍ വെണ്‍തേക്കും ചടച്ചിയും ഞാവലുമൊക്കെയുണ്ട്. കാട്ടുകുരുമുളകും നന്നാറിയും ശതാവരിയും ഇവിടെ കാണാം. ആരോഗ്യപച്ചയും ദണ്ഡപാലയും ഇവിടെ അപൂര്‍വ്വമല്ല. ഉഗ്ര വിഷമുള്ള പാമ്പുകള്‍ക്കും മലബാര്‍ ഫേണ്‍ഹില്‍ എന്നറിയപ്പെടുന്ന മലമുഴക്കി വേഴാമ്പലിന്റെയും വാസസ്ഥലമാണിത്. ചാലിയാറിന്റെയും കബനിയുടെയും വൃഷ്ടി പ്രദേശമാണ് ഈ മലനിരകള്‍. ഒരേ സമയം രണ്ടു ദിശകളിലേക്കാണ് ഇവിടെ നിന്ന് ഉറവയെടുക്കുന്ന അരുവികള്‍ ഒഴുകുന്നത്. പുല്‍മേടുകളാണ് ഈ മലയുടെ സമ്പത്ത്. ഇതൊക്കെയാണെങ്കിലും വേനല്‍ക്കാലം ചെമ്പ്രയുടെ ദുരിത കാലമാണ്. ഉണങ്ങിയ പുല്‍മേടുകളെ അഗ്നി വിഴുങ്ങി തീര്‍ക്കുന്നത് സങ്കടകരമാണ്. അശ്രദ്ധകൊണ്ടും സ്വാഭാവികമായുമൊക്കെ കാട്ടുതീ മലനിരകളിലേക്ക് പാഞ്ഞെത്തുമ്പോള്‍ നിസ്സഹായരായി അകലെ നിന്നും നോക്കിനില്‍ക്കാന്‍ മാത്രമാണ് കഴിയുക.
സഞ്ചാരികളുടെ അശ്രദ്ധയിലും കാട്ടുതീ പടര്‍ന്ന ചരിത്രമുണ്ട്. ഇക്കാരണങ്ങള്‍ കൊണ്ടൊക്കെയും കര്‍ശന നിയന്ത്രണങ്ങളും പിന്നീട് പതിവായിരുന്നു. സഞ്ചാരികളെ ഗ്രൂപ്പായി തിരിച്ച് ഗൈഡുകളുടെ സേവനം ഉറപ്പാക്കിമാത്രമാണ് ചെമ്പ്ര പീക്കിലേക്കുള്ള ട്രക്കിങ്ങും പുനരാംരഭിക്കുന്നത്. ഓണ്‍ലൈന്‍ സംവിധാനങ്ങളടക്കം പരിഗണനയിലുണ്ട്. പ്രതിദിനം പരമാവധി 75 സഞ്ചാരികളെ മാത്രമാണ് പുതിയ ഉത്തരവ് പ്രകാരം ചെമ്പ്രമലയിലേക്ക് പ്രവേശിപ്പിക്കുക. അഞ്ചുപേരടങ്ങുന്ന ഗ്രൂപ്പിന് മുതിര്‍ന്നവര്‍ക്ക് 5000 രൂപയും കുട്ടികള്‍ക്ക് 1600 രൂപയും വിദേശികള്‍ക്ക് 8000 രൂപയുമാണ് ടിക്കറ്റ് നിരക്കായി ഈടാക്കുക.