കബനിയുടെ ഓളപ്പരപ്പിലേക്ക് സാഹസിക വിനോദ സഞ്ചാരികള്‍ക്ക് സ്വാഗതം. റിവര്‍ റാഫ്ടിങ്ങിന്റെ പുതിയ അനുഭവങ്ങളുമായി തിരിച്ചു പോകാം. കുറുവ ദ്വീപിലാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സഞ്ചാരികള്‍ക്കായി മുളം ചങ്ങാടയാത്ര ഒരുക്കിയിരിക്കുന്നത്. അനുമതിയില്ലാത്തതിനാല്‍ ദ്വീപിനുള്ളിലേക്ക് സഞ്ചാരികള്‍ക്ക് പ്രവേശമില്ലെങ്കിലും പുഴയിലൂടെ ദ്വീപിനെ ചുറ്റിക്കാണാന്‍ മുളം ചങ്ങാടത്തിലൂടെ യാത്രയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. അഞ്ച് മുളം ചങ്ങാടമാണ് ഇവിടെയുള്ളത്. ഒരേ സമയം പത്ത് പേര്‍ക്ക് ചങ്ങാടത്തില്‍ ചുറ്റികറങ്ങാം. റാഫ്ടിങ്ങ് ഉദ്ഘാടനം ദിവസം തന്നെ 129 പേര്‍ ചങ്ങാട സവാരിക്കെത്തി. പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍.കേളുവാണ് ചങ്ങാട യാത്ര ഉദ്ഘാടനം ചെയ്തത്.
സാഹസിക വിനോദ സഞ്ചാരത്തിലൂന്നിയ റാഫ്ടിങ്ങ് ഇവിടെ പരീക്ഷിച്ചതുമുതല്‍ ഈ മേഖലയില്‍ താല്‍പ്പര്യമുള്ള സഞ്ചാരികളെയാണ് ഡി.ടി.പി.സി ലക്ഷ്യമിടുന്നത്. 20 മിനുറ്റ് ദൈര്‍ഘ്യമുളള ഒരേ സമയം രണ്ട് പേര്‍ക്ക് കയറാവുന്ന ചടങ്ങാടത്തിന് 200 രൂപയാണ് ഈടാക്കുന്നത്. 5 പേര്‍ക്ക് 400 രൂപയും നല്‍കിയാല്‍മതി. കുറവാദ്വീപിനുള്ളിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കാനുള്ള തീരുമാനവും ഇനി വൈകില്ല. കുറുവാ ദ്വീപിനുള്ളിലേക്ക് സഞ്ചാരികളുടെ വഴി അടഞ്ഞതോടെ വന്‍ വരുമാനമാണ് കുറഞ്ഞത്. വയനാട്ടിലെത്തുന്ന വിദ്യാര്‍ത്ഥികളടക്കമുള്ള ആയിരക്കണക്കിന് സഞ്ചാരികളാണ് പ്രതിദിനം ഇവിടെ എത്തി മടങ്ങിയിരുന്നത്. ഇതിലൂടെ വന്‍വരുമാനമാണ് വയനാട് ജില്ലയ്ക്ക് ടൂറിസം ഇനത്തില്‍ ലഭിച്ചുകൊണ്ടിരുന്നത്. വയനാട്ടിലേക്ക് വിനോദ യാത്ര തീരുമാനിക്കുന്നവര്‍ക്ക് ഒരു കാലത്ത് ഒഴിച്ചുകൂടാന്‍ കഴിയാത്ത വിനോദ കേന്ദ്രമായും കുറുവ ദ്വീപ് വളര്‍ന്നിരുന്നു.
മുളം ചങ്ങാടത്തിലെ ഉല്ലാസയാത്ര
നന്നായി മൂത്തുവിളഞ്ഞ നൂറിലധികം കല്ലന്‍ മുളകള്‍ ഒരേ നീളത്തില്‍ മുറിച്ചെടുത്ത് ചേര്‍ത്തുകെട്ടിയൊരു ചങ്ങാടം. കുറുവാ ദ്വിപിലെത്തുന്നവര്‍ക്കെല്ലാം ജല നിരപ്പില്‍ നിവര്‍ന്നു കിടക്കുന്ന ഈ മുളംചങ്ങാടം വിസ്മയമാകും. പ്രകൃതി സൗഹൃദ ജലവാഹനം ഇവിടുത്തെ ആദിവാസികളുടെ തന്നെ സ്വന്തം നിർമിതിയാണ്. വര്‍ഷങ്ങളോളം ഉപയോഗിക്കാന്‍ കഴിയുന്ന ഈ ചങ്ങാടത്തിന് പ്രത്യേകതകള്‍ ഏറെയാണ്. പുഴയുടെ ഏതെങ്കിലും കരയിലേക്കാവും ഇതിന്റെ ദിശമാറുക. ഒരു തരത്തിലും മുങ്ങുകയുമില്ല. അത്രയ്ക്കും ഭാരക്കുറവും മുളംന്തണ്ടിനുള്ളില്‍ വായുവുമുണ്ടാകും. നല്ല വലുപ്പമുള്ളതിനാല്‍ എത്ര പേര്‍ക്ക് വേണമെങ്കിലും പിടിച്ചിരിക്കാനും കഴിയും. എളുപ്പത്തില്‍ നിയന്ത്രിക്കാനുമാകും. കാട്ടുജീവിതത്തിന്റെ താളത്തില്‍ നിന്നുമാണ് ഇതെല്ലാം പുതിയ തലമുറകള്‍ കടം കൊണ്ടത്. വനവാസികള്‍ തന്നെയാണ് കുറുവാദ്വീപിനുള്ളിലെ വിനോദ സഞ്ചാരം നിയന്ത്രിക്കുന്നതും. വനസംരക്ഷണ സമിതിയുടെ പ്രവര്‍ത്തകരായ ആദിവാസികളാണ് വഴികാട്ടികളായും ജോലിചെയ്യുന്നത്.
റിവര്‍ റാഫ്റ്റിങ്ങ് ഇത്തിരി സാഹസികത മനസ്സില്‍ സൂക്ഷിക്കുന്നവരെയാണ് കൂടുതല്‍ ആകര്‍ഷിക്കുക. കുത്തൊഴുക്കുകളെ മിറകടന്ന് കുറുവയുടെ വശ്യ സൗന്ദര്യം ആവോളം ആസ്വദിച്ചുള്ള യാത്രക്കായി മാത്രം അനേകം സഞ്ചാരികള്‍ പലനാടുകളും കടന്നെത്താറുണ്ട്. കയ്യിലേന്തിയ വലിയ മുളകൊണ്ട് ഓളങ്ങളെ വകഞ്ഞുപോകാന്‍ ഇവിടെ വിദേശികളുമെത്താറുണ്ട്.
പച്ചപ്പിന്റെ പാഠങ്ങള്‍
കുറുവാ ദ്വീപില്‍ പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര നടത്തിപ്പിന് അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സഞ്ചാരികള്‍. വര്‍ഷങ്ങളോളം ഇവിടെ വനംവകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും കൈകോര്‍ത്ത് ഇവിടെ വിനോദ സഞ്ചാരികളെ സ്വീകരിച്ചിരുന്നു. ഡസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കൗണ്‍സിലും ഇവിടെയുണ്ട്. പിന്നീട് ചില തര്‍ക്കങ്ങള്‍ കുറുവാ ദ്വീപിലെ ടൂറിസം നടത്തിപ്പിന് തിരിച്ചടിയായി മാറുകയായിരുന്നു. ഇതൊന്നുമറിയാതെ ദിവസവും നിരവധി വിനോദ സഞ്ചാരികളുടെ വാഹനങ്ങള്‍ ഇവിടെ എത്തി മടങ്ങുന്നുണ്ട്.
പരിസ്ഥിതിക്ക് കോട്ടം തട്ടാതെ വേണം ഇവിടെ ടൂറിസം നടപ്പാക്കാനെന്ന് പരിസ്ഥിതി സംഘടനകളും മുറവിളികൂട്ടുമായിരുന്നു. പൂര്‍ണ്ണമായും പരിസ്ഥിതി സൗഹൃദപരമായ സൗകര്യങ്ങള്‍ ഒരുക്കി സഞ്ചാരികളെ സ്വീകരിക്കാനും പരമാവധി അധികൃതര്‍ ശ്രദ്ധയും നല്‍കിയിരുന്നു. കുറുവ ദ്വീപ് വിനോദ കേന്ദ്രമായതോടെ നാടിനും അതൊരു വരുമാന മാര്‍ഗ്ഗമായിരുന്നു. ഇവിടെയെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് നാടന്‍ ഭക്ഷണം നല്‍കുന്ന ചെറുകിട സംരംഭങ്ങള്‍ മുതല്‍ നിവധി ഹോംസ്റ്റേകളും തദ്ദേശിയരായവര്‍ നടത്തിയിരുന്നു. വന ഉത്പന്നങ്ങളുടെ വിപണിയും ഇവിടെ ധാരാളം ഉണ്ടായിരുന്നു. പാല്‍വെളിച്ചം, ചേകാടി ഗ്രാമങ്ങളുടെ മുഖച്ഛായ പോലും ചുരുങ്ങിയ കാലം കൊണ്ട് മാറുകയായിരുന്നു.
നിരവധി തദ്ദേശിയരായ ആദിവാസി യുവതി യുവാക്കള്‍ക്കും കുറുവ ദ്വീപിലെ വിനോദ സഞ്ചാരം വരുമാനമാര്‍ഗ്ഗമായിരുന്നു. മഴക്കാലം കഴിയുന്നതോടെ ദ്വീപിനുള്ളില്‍ സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെടുന്ന സമയമാണിത്. ഈ വേളയിലും ദ്വീപ് തുറക്കാത്തത് ഇവര്‍ക്കെല്ലാം നിരാശ പകരുന്നു. എങ്കിലും റിവര്‍ റാഫ്ടിങ്ങ് ഇഷ്ടപ്പെടുന്നവരെ ദ്വീപ് നിരാശരാക്കുന്നില്ല. സമൃദ്ധമായ കാടിനെ തൊട്ടുരുമ്മി ഒഴുകുന്ന കബനിയിലൂടെ ദ്വീപിനെ അടുത്തറിയാനും ഈ യാത്ര ഉപകരിക്കും. എല്ലാ ദിവസവും രാലിലെ 9 മുതല്‍ വൈകീട്ട് നാല് വരെയാണ് റാഫ്ടിങ്ങ് അനുവദിക്കുന്നത്. സഞ്ചാരികള്‍ കൂടുന്നതോടെ ചങ്ങാടങ്ങളുടെ എണ്ണം കൂട്ടാനും പദ്ധതി തയ്യാറാവുകയാണ്.