തിരുവനന്തപുരം: എലിപ്പനിയടക്കമുള്ള ജന്തുജന്യരോഗങ്ങളുടെ തടവറയായി കേരളം മാറുന്നു. അടുത്തകാലംവരെ കൊതുകുജന്യ രോഗങ്ങളായിരുന്നു ഭീഷണിയെങ്കിലും വൈറസ് വാഹകരായ ജന്തുക്കളും ഭീഷണി വിതയ്ക്കുകയാണ്. മഴക്കാലപൂർവ ശുചീകരണം മിക്ക തദ്ദേശസ്ഥാപനങ്ങളിലും കാര്യക്ഷമമായി നടന്നില്ല. വെള്ളക്കെട്ടും മാലിന്യക്കൂമ്പാരവും രോഗവാഹകരായ പ്രാണികളുടെ പെരുകലിന് വഴിതുറന്നു.
എല്ലാ ജില്ലകളിലുമായി ദിവസവും പതിനായിരത്തിലേറെപ്പേർ പകർച്ചപ്പനിക്ക് ആശുപത്രികളിൽ ചികിത്സ തേടുന്നു. എറണാകുളം ജില്ലയിൽ ചില മേഖലകൾ കേന്ദ്രീകരിച്ച് എച്ച് വൺ എൻ വൺ പടരുന്നു. 11 പേർക്കാണ് ഈ മാസം മാത്രം സംസ്ഥാനത്ത് എച്ച് വൺ എൻ വൺ കാരണം ജീവൻ നഷ്ടമായത്. ഡെങ്കിപ്പനിബാധിച്ച് 105 പേർ എട്ടുമാസത്തിനിടെ മരിച്ചു.
മഹാമാരിയായി മാറാൻ സാധ്യത കല്പിക്കുന്ന രോഗങ്ങളുടെ കൂട്ടത്തിലുള്ള വൈറൽ അണുബാധയാണ് നിപ. സംസ്ഥാനത്ത് പ്രതിരോധ നടപടി കർശനമാക്കിയിട്ടും 2018 മുതൽ തുടർച്ചയായി നിപ തലപൊക്കുന്നുണ്ട്. ഇതോടെ, വർഷം മുഴുവൻ പ്രതിരോധം തീർക്കാനുള്ള കലണ്ടർ തയ്യാറാക്കിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്. അമീബിക് മസ്തിഷ്കജ്വരവും വിവിധ ജില്ലകളിൽ റിപ്പോർട്ടുചെയ്തു. വെള്ളം കെട്ടിക്കിടക്കുന്ന കുളങ്ങളിൽ തലച്ചോർ തിന്നുന്ന അമീബകൾ പെരുകുന്നതാണ് ഭീഷണി.
എലിപ്പനി: ഈ മാസം മാത്രം 50 മരണം
സംസ്ഥാനത്ത് ഈമാസം മാത്രം 50 പേർക്ക് എലിപ്പനികാരണം ജീവൻ നഷ്ടമായെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ഇക്കൊല്ലം എട്ടുമാസത്തിനിടെ എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സതേടിയ 225-ലേറെപ്പേർ മരിച്ചു. കഴിഞ്ഞവർഷം ജൂലായിൽ 27 പേർക്കാണ് എലിപ്പനികാരണം ജീവൻ നഷ്ടമായത്. ഒരുവർഷത്തെ മരണമാകട്ടെ 283-ഉം. രോഗബാധ തിരിച്ചറിയാൻ വൈകുന്നതിനാൽ വിദഗ്ധ ചികിത്സ ലഭിക്കാത്തതാണ് രോഗം ഗുരുതരമാക്കുന്നത്.
എലി, കന്നുകാലികൾ, നായ്ക്കൾ എന്നിവയുടെ മൂത്രം വീണ് മലിനമായ വെള്ളവുമായുള്ള സമ്പർക്കമാണ് എലിപ്പനിക്കു കാരണം. തൊലിയിലെ മുറിവുകളിൽ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ ആണ് രോഗാണു ശരീരത്തിൽ പ്രവേശിക്കുന്നത്. മലിനജലവുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കണമെന്നാണ് ആരോഗ്യപ്രവർത്തകരുടെ മുന്നറിയിപ്പ്.
പെട്ടെന്നുണ്ടാവുന്ന ശക്തമായ പനി, കഠിനമായ തലവേദന, പേശീവേദന, പനിയോടൊപ്പമുള്ള വിറയൽ എന്നിവയാണ് പ്രധാന രോഗലക്ഷണം.
പ്രതിരോധത്തിന് ഡോക്സിസൈക്ലിൻ
മണ്ണും മലിനജലവുമായി ഇടപെടുന്നവർ ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ കഴിക്കണം. ആഴ്ചയിൽ ഒരിക്കൽ 100 മില്ലീഗ്രാമിന്റെ രണ്ട് ഗുളികയാണ് കഴിക്കേണ്ടത്. എല്ലാ സർക്കാരാശുപത്രികളിലും ഗുളിക സൗജന്യമായി ലഭിക്കും.
മലിനജലവുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നവർ വ്യക്തി സുരക്ഷാ ഉപാധികളായ കൈയുറ, മുട്ടു വരെയുള്ള കാലുറ, മാസ്ക് എന്നിവ ഉപയോഗിക്കണം. വെള്ളത്തിലിറങ്ങിയാൽ കൈയും കാലും സോപ്പ് ഉപയോഗിച്ച് കഴുകണം.