Connect with us

Kerala

അമ്പെയ്യാം, മീന്‍ പിടിക്കാം, തോണി തുഴയാം; വയനാട്ടിലെ ഈ കുറിച്യ തറവാട്ടില്‍ ഒരു ദിവസം

Published

on

Share our post

ഗ്രാമങ്ങള്‍ക്കെല്ലാം തനിമ നഷ്ടപ്പെട്ടു എന്ന പരാതി വേണ്ട. ഇന്നും ഗ്രാമ വിശുദ്ധിയുടെ കഥകള്‍ പറയുന്ന ചില നാട്ടുവഴികള്‍ ഇവിടെയുണ്ട്. തനത് കാര്‍ഷികതാളവും അതിനൊപ്പാം നാടിന്റെ സംസ്‌കൃതിയെയും ഉയര്‍ത്തിപ്പിടിക്കുന്ന ചിലഗ്രാമങ്ങള്‍. ഉത്തരവാദിത്ത ടൂറിസം സ്ട്രീറ്റ് എത്തിനിക്കല്‍ ടൂറിസം എന്ന പേരിലെല്ലാം പദ്ധതികള്‍ വന്നെങ്കിലും വിനോദസഞ്ചാരികളുടെ ശ്രദ്ധ ഒരു പരിധിക്കപ്പുറം ഇതിലേക്ക് പതിഞ്ഞിരുന്നില്ല. ഈ പരിമിതികള്‍ക്കിടയിലും നിശബ്ദമായി നേട്ടങ്ങളുണ്ടാക്കിയ ചില ഇടങ്ങള്‍ നമുക്ക് ചുറ്റിലുമുണ്ട്. അങ്ങിനെയൊന്നാണ് വയനാട്ടിലെ കാവുംമന്ദത്ത് കുനിയമ്മല്‍ കുറിച്യ തറവാടിനോട് ചേര്‍ന്ന് രാധാകൃഷ്ണനും ലക്ഷ്മിയും വികസിപ്പിച്ചെടുത്ത ഒരു കേന്ദ്രം. താമരപൂക്കളുടെ നിറഭംഗിയില്‍ ഈ വേനല്‍ക്കാലം ഇവിടം അതിഥികള്‍ക്കായി വിരുന്നൊരുക്കുന്നു.

സാധ്യതകളുടെ ഗ്രാമീണ ടൂറിസം

തനത് ഭക്ഷണ രുചിയുടെയും നാട്ടു സംസ്‌കൃതിയുടെയും കഥകള്‍ ഒരോ നാടിനും പറയാനുണ്ടാകും. പ്രാദേശികമായി നാടിനെ തൊട്ടറിയുകയെന്നതാണ് ഗ്രാമീണ ടൂറിസത്തിന്റെ ലക്ഷ്യവും. ഇത്തരത്തില്‍ വയനാടിന്റെ തനത് സംസ്‌കാരങ്ങളെ അടുത്തറിയാനുളള ടൂറിസം കേന്ദ്രങ്ങള്‍ കുറവാണ്. പലയിടങ്ങളിലായി പലരീതിയില്‍ ഈ ടൂറിസം ലക്ഷ്യങ്ങള്‍ ചിതറിക്കിടക്കുകയാണ്. ഇങ്ങനെയൊരു കേന്ദ്രത്തിലേക്കുള്ള അന്വേഷണം വയനാട്ടിലെ കാവുംമന്ദത്തുള്ള കുനിയമ്മല്‍ കുറിച്യതറവാട്ടിന്റെ മുറ്റത്ത് എത്തിച്ചേരും. പതിയെ ഒരു എത്തിനിക്കല്‍ ടൂറിസം കേന്ദ്രമായി വളരാനുള്ള തയ്യാറെടുപ്പിലാണ് ഇന്ന് ഈ തറവാടും പരിസരങ്ങളും.നഗര തിരക്കിന്റെ പാരവശ്യങ്ങളില്‍ നിന്നും അല്‍പ്പനേരം ചെലവഴിക്കാന്‍ ശാന്തമായൊരു ഇടം തേടുന്നവര്‍ക്ക് കുനിയിമ്മേല്‍ ഇന്ന് ഒരു മാതൃകയാണ്. പഴയ തറവാടും തണല്‍ മുറ്റങ്ങളും താമരക്കുളവുമെല്ലാം ചേര്‍ന്ന് പ്രാദേശിക ഗ്രാമീണ ടൂറിസത്തിന്റെ ചെറുപതിപ്പുകള്‍ ഇവര്‍ ഇവിടെ ഒരുക്കികഴിഞ്ഞു. തറവാടിന്റെ അരികിലായി ഏറുമാടവും അതിന് താഴത്തായി തനിനാടന്‍ വിഭവങ്ങളുടെ അടുക്കളയുമെല്ലാം ഇവര്‍ ഒരുക്കിയിട്ടുണ്ട്. രാവിലെ പത്തരമുതല്‍ വൈകീട്ട് മൂന്നരവരെ വിരുന്നുകാരെക്കൊണ്ട് ഇവിടം നിറയുന്നു. വയനാട്ടിലെ റിസോര്‍ട്ടുകളിലെത്തുന്ന സഞ്ചാരികളും ഇവിടേക്കെത്തുന്നു.
വയനാടന്‍ കാപ്പികുടിക്കാം

കൊളോണിയല്‍ കാലത്താണ് വയനാട്ടില്‍ കാപ്പിയുടെ വേരോട്ടം. മഴയും മഞ്ഞും കൃത്യമായും ഇടവേളകളില്‍ വിരുന്നെത്തിയ വയനാട്ടിലെ ഏറ്റവും അനുയോജ്യമായ കാലാവസ്ഥയാണ് കാപ്പികൃഷിക്ക് ഇവിടെ വളരെ പെട്ടന്ന് വേരോട്ടമുണ്ടാക്കിയത്. വൈകാതെ വയനാടന്‍ കാപ്പിയുടെ പെരുമകള്‍ കടല്‍ കടന്നും പോയി. യുറോപ്പില്‍ പോലും ഈ കാപ്പി ഇടം പിടിച്ചതോടെ ലോകത്തിലെ നല്ല കാപ്പികുടിക്കാനുള്ളവരുടെ യാത്രകളെല്ലാം ചുരം കയറി വയനാടിന് മുകളിലെത്തും. വെല്ലം ചേര്‍ത്ത് അങ്ങിനെയൊരു കട്ടന്‍ കാപ്പി കുടിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ കുനിയമ്മലിലേക്ക് വരാം. ഇവിടെ അതിനായി തന്നെ ഒരു അടുക്കള സദാ പുകയുന്നുണ്ട്. കലര്‍പ്പില്ലാത്ത വയനാടന്‍ കാപ്പിയുടെ നറുമണമുളള ഗ്രാമീണതയുടെ കുലീനതയില്‍ അല്‍പ്പനേരം ചെലവിടാം. കാപ്പി മാത്രമല്ല വയനാടന്‍ കപ്പയും ചമ്മന്തിയും എല്ലാമുള്ള നാടന്‍ വിഭവങ്ങളും ഇവിടെ തയ്യാറാണ്. ഈ തടാകത്തില്‍ ചൂണ്ടയിട്ട് മീന്‍ പിടിക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. വയനാട്ടിലെ തന്നെ ശുദ്ധജല തടാകത്തില്‍ വളരുന്ന മീന്‍ ഫ്രൈ ചെയ്ത് കഴിക്കാനും ഇവിടെ അടുപ്പ് റെഡിയാണ്.

അരയേക്കറോളം വിസ്തൃതിയുളള കുളത്തില്‍ നിറയെ താമരകള്‍ വിരിഞ്ഞതോടെ ഈ കാഴ്ചകള്‍ കാണാനും ഇവിടെ ധാരാളം പേരെത്തുന്നു. താമരക്കുളത്തിലൂടെ കളി വഞ്ചിയിലൂടെയും തുഴയാം. പകല്‍ മുഴുവന്‍ വയനാടിന്റെ കുളിര്‍കാറ്റും ആസ്വദിച്ച് ഇവിടെ ഇരിക്കാം. വെറുതെ തുടങ്ങിയ സംരംഭം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്നുണ്ടെന്ന് കുനിയമ്മല്‍ തറവാട്ടംഗവും തരിയോട് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ലക്ഷ്മി രാധാകൃഷ്ണന്‍ പറയുന്നു. രാവിലെ പത്ത് മുതല്‍ വൈകീട്ട് നാലുവരെയാണ് ഇപ്പോള്‍ ഇവര്‍ സഞ്ചാരികളെ വരവേല്‍ക്കുന്നത്. ഈ സമയങ്ങളില്‍ ഇവിടെ തയ്യാറാക്കിയ ഏറുമാടവും സഞ്ചാരികള്‍ക്ക് ഉപയോഗിക്കാം. ഒരാള്‍ക്ക് നാടന്‍ ഭക്ഷ്യവിഭവങ്ങളടക്കം 500 രൂപയാണ് ഈടാക്കുന്നത്. മിക്ക ദിവസങ്ങളിലും റിസോര്‍ട്ടുകളിലും മറ്റും തങ്ങുന്ന വിനോദ സഞ്ചാരികള്‍ പകല്‍ സമയങ്ങളില്‍ ഇവിടെ സമയം ചെലവിടാനെത്തുന്നു. നേരം പോക്കിന് ആര്‍ച്ചറിയും ഇവിടെയുണ്ട്. ഇതോടെ ഒട്ടേറെ സഞ്ചാരികളുടെയും പ്രീയ കേന്ദ്രമായി ഇവിടം മാറുകയാണ്. 8943924490 എന്ന ഫോണ്‍ നമ്പറില്‍ മുന്‍കൂട്ടി വിളിച്ച് ബുക്ക് ചെയ്താല്‍ ഇതിനായുളള സൗകര്യങ്ങള്‍ ഇവിടെ ഒരുക്കും.

കാണാം വലിയ താമരക്കുളം

താമരയുടെ വയനാട്ടിലെ ഏറ്റവും വലിയ ശേഖരവും കുനിയിലിന് സ്വന്തമാവുകയാണ്. അറുപത് വര്‍ഷത്തോളം പഴക്കമുള്ള ഓടുമേഞ്ഞ താറവാടിന് അഭിമുഖമായുള്ള വലിയ കുളത്തിലാണ് താമരപൂക്കളും ചാരുതയേകുന്നത്. നാലു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് തറവാട്ട് സ്ഥലത്തുള്ള വലിയ കുളത്തില്‍ താമര വളര്‍ത്തുകയെന്ന ആശയത്തിന് വിത്തിടുന്നത്. രാധാകൃഷ്ണനും ഭാര്യ ലക്ഷ്മിയും ഇതിനെക്കുറിച്ചുള്ള അന്വേഷണമായി. താമര വിത്തുകളെക്കുറിച്ച് ഓണ്‍ലൈനില്‍ തിരയാന്‍ മക്കളും സഹായിച്ചു. ഒടുവില്‍ ഓണ്‍ലൈനായി എട്ടുവിത്തുകള്‍ വരുത്തി.

വയനാട്ടിലെ കാലാവസ്ഥയില്‍ ഇതെങ്ങിനെ വളരും എന്നതിനെക്കുറിച്ചൊന്നും ആകുലപ്പെട്ടില്ല. പരീക്ഷിക്കാന്‍ തന്നെ തീരുമാനിച്ചു. ഓണ്‍ലൈനില്‍ ദിവസങ്ങളെടുത്ത് വന്ന, ആശിച്ചു കിട്ടിയ വിത്തില്‍ നാലെണ്ണം മാത്രമാണ് മുളപൊട്ടിയത്. ഇതിനെ കുളത്തിന്റെ ഏറ്റവും നടുവിലായി പ്രത്യേക ഇടമുണ്ടാക്കി നട്ടുപിടിപ്പിച്ചു. ഇവിടെ നിന്നും കൈകള്‍ നീട്ടിയും വേരുകളാഴ്ത്തിയും പിന്നെ താമരയുടെ വളര്‍ച്ചയായിരുന്നു. നാലുവര്‍ഷങ്ങള്‍ കൊണ്ട് ജലാശയം മുഴുവന്‍ താമരയിലകള്‍ കൊണ്ടു നിറഞ്ഞു. അധികം വൈകാതെ ഈ വേനലില്‍ വലിയൊരു താമരപൂക്കാലവും ഇവിടെയെത്തി. ഇടതടവില്ലാതെ താമര വിരിയാന്‍ തുടങ്ങിയതോടെ ഏത് കാലത്തും പൂക്കാലമായി. രണ്ട് കളിവഞ്ചികള്‍ കൂടി ഇതിനിടയിലേക്ക് ഇറക്കിവിട്ടതോടെ ഇപ്പോള്‍ സഞ്ചാരികളും ഇവിടേക്ക് എത്തി തുടങ്ങി. പുറത്തുനിന്നുള്ള വിനോദ സഞ്ചാരികള്‍ മുതല്‍ കല്ല്യാണ സേവ് ദ ഡേറ്റ് സംഘങ്ങള്‍ വരെയും തമാരക്കുളത്തില്‍ ഫോട്ടോഷൂട്ടിനായി ഇപ്പോള്‍ എത്തുന്നുണ്ട്.


Share our post

Kerala

കോളേജിലെ അടി അമ്പലപ്പറമ്പിലേക്കും; ക്ഷേത്രോത്സവത്തിനിടെ സംഘർഷമുണ്ടാക്കിയ വിദ്യാർഥികൾ അറസ്റ്റിൽ

Published

on

Share our post

തിരുവനന്തപുരം: ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടാക്കിയ കോളേജ് വിദ്യാർഥികൾ അറസ്റ്റിൽ. പാറശാല ഇലങ്കം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ സീനിയർ വിദ്യാർഥിയെ ആക്രമിച്ചെന്ന പരാതിയിലാണ് ധനുവച്ചപുരം ഐഎച്ച്ആർഡി കോളേജിലെ നാല് വിദ്യാർഥികളെ പാറശാല പൊലീസ് അറസ്റ്റ് ചെയ്തത്. ബാലരാമപുരം തലയൽ തേമ്പാമുട്ടം തിട്ടവേലിക്കര കുഞ്ചുവിളാകത്ത് വീട്ടിൽ കാശിനാഥൻ (21), പാറശാല കോട്ടവിള ആകാശ് ഭവനിൽ ആകാശ് (20), പാപ്പനംകോട് വിശ്വംഭരൻ റോഡ് സ്വാതി ലൈനിൽ നാഗരാജ് (20), ചെങ്കൽ വലിയവിള വൃന്ദാവൻ വീട്ടിൽ ആദർശ് (21) എന്നിവരാണ് അറസ്റ്റിലായത്.

ഇതേ കോളെജിലെ പൂർവ വിദ്യാർഥി കാരക്കോണം സ്വദേശിയായ ആദർശ് (21)നെ പ്രദേശത്ത് വിളിച്ചുവരുത്തിയശേഷം നാലുപേർ ചേർന്ന് ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിച്ചെന്നാണ് കേസ്. ഇവർ തമ്മിൽ നേരത്തെയും കോളേജിനുള്ളിൽ ഉണ്ടായിരുന്ന സംഘർഷമാണ് ഉത്സവ സ്ഥലത്തേക്കും എത്തിയത്. സംഭവത്തെ തുടർന്ന് ഒളിവിലായിരുന്ന പ്രതികളെ പൊലീസ് അന്വേഷത്തിൽ പിടികൂടി.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കോളേജിൽ നേരത്തെയുണ്ടായ തർക്കത്തിൽ ഇവർ ഉൾപ്പെട്ടിരുന്നതായും എന്നാൽ പരാതികൾ ഒന്നും ലഭിക്കാതിരുന്നതിനാൽ നടപടി എടുത്തിട്ടില്ലെന്നും അധികൃതർ പറയുന്നു.


Share our post
Continue Reading

Kerala

കവപ്ര മാറത്ത് മന അച്യുതന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

Published

on

Share our post

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി മലപ്പുറം എടപ്പാള്‍ കവപ്ര മാറത്ത് മന അച്യുതന്‍ നമ്പൂതിരി(52)യെ തിരഞ്ഞെടുത്തു. യോഗ്യരായ 38 പേരില്‍നിന്ന് നറുക്കെടുപ്പിലൂടെയാണ് അച്യുതന്‍ നമ്പൂതിരിയെ ഏപ്രില്‍ ഒന്നുമുതല്‍ അടുത്ത ആറുമാസത്തേക്കുള്ള മേല്‍ശാന്തിയായി തിരഞ്ഞെടുത്തത്.നാലാം തവണയാണ് അച്യുതന്‍ നമ്പൂതിരി മേല്‍ശാന്തിയാകാന്‍ അപേക്ഷ നല്‍കുന്നത്. വളാഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സംസ്‌കൃതം അധ്യാപകനാണ്. കവപ്ര മാറത്ത് മന നീലകണ്ഠന്‍ നമ്പുതിരിയുടേയും പാര്‍വ്വതി അന്തര്‍ജനത്തിന്റേയും മകനാണ്. ഭാര്യ: നിസ( മാറഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക) മകന്‍: കൃഷ്ണദത്ത്.

ശനിയാഴ്ച ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ പി.സി.ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തിലായിരുന്നു മേല്‍ശാന്തിയെ തിരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ്. ഉച്ചപൂജ നിര്‍വഹിച്ച മേല്‍ശാന്തി പുതുമന ശ്രീജിത്ത് നമ്പൂതിരിയാണ് നമസ്‌ക്കാര മണ്ഡപത്തില്‍ വെച്ച് വെള്ളിക്കുടത്തില്‍നിന്ന് നറുക്കെടുത്തത്.

മേല്‍ശാന്തി തിരഞ്ഞെടുപ്പില്‍ ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ. പി.സി.ദിനേശന്‍ നമ്പൂതിരിപ്പാട് കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ച 51 പേരില്‍ 44 പേര്‍ ഹാജരായി. ഇവരില്‍ നിന്നും യോഗ്യത നേടിയ 38 പേരുടെ പേരുകള്‍ എഴുതി വെള്ളിക്കുടത്തില്‍ നിക്ഷേപിച്ച ശേഷമാണ് നറുക്കെടുപ്പ് നടത്തിയത്. തിരഞ്ഞെടുക്കപ്പെട്ട മേല്‍ശാന്തി ക്ഷേത്രത്തിലെ ഭജനത്തിനു ശേഷം മാര്‍ച്ച് 31 ന് അടയാളചിഹ്നമായ താക്കോല്‍ക്കൂട്ടം ഏറ്റുവാങ്ങി പുറപ്പെടാ ശാന്തിയായി ചുമതലയേല്‍ക്കും. ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ. വിജയന്‍, ഭരണസമിതി അംഗങ്ങളായ ബ്രഹ്‌മശ്രീ.മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, സി. മനോജ്, അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയന്‍ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായി.


Share our post
Continue Reading

Kerala

പത്താംക്ലാസ് വിദ്യാര്‍ഥി കിടപ്പുമുറിയില്‍ മരിച്ചനിലയില്‍

Published

on

Share our post

തിരുവനന്തപുരം: ആറ്റിങ്ങലില്‍ പത്താംക്ലാസ് വിദ്യാര്‍ഥിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ വലിയകുന്ന് സ്റ്റേഡിയത്തിന് സമീപം ശിവത്തില്‍ കണ്ണന്റെയും ഗംയുടെയും മകന്‍ അമ്പാടി(15)യെയാണ് ശനിയാഴ്ച രാവിലെ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ഥിയാണ്.രാവിലെ അച്ഛനും അമ്മയും ജോലിക്ക് പോയിരുന്നു. ഇതിനുശേഷം സഹോദരി കല്യാണി കോളേജിലേക്ക് പോകാന്‍ നേരമാണ് അമ്പാടി മുറിയില്‍നിന്ന് പുറത്തിറങ്ങാത്തത് ശ്രദ്ധിച്ചത്. തുടര്‍ന്ന് മുറിയില്‍ നോക്കിയപ്പോഴാണ് 15-കാരനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. എന്താണ് മരണത്തിന് കാരണമെന്ന് വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിദ്യാര്‍ഥിയുടെ മൊബൈല്‍ഫോണും പരിശോധനയ്ക്കായി പോലീസ് കസ്റ്റഡിയിലെടുത്തു.(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056).


Share our post
Continue Reading

Trending

error: Content is protected !!