ഹൃദ്‌രോഗത്തിന് പുകവലിയാണ് ഏറ്റവും വലിയ വില്ലൻ. പുകവലി ഹൃദ്‌രോഗ സാധ്യതകൾ പതിൻമടങ്ങ് വർധിപ്പിക്കുന്നു. ഷുഗറും കൊളസ്ട്രോളും ഹൃദ്‌രോഗ സാധ്യതയും ഹൃദയാഘാത സാധ്യതയും വർധിപ്പിക്കുന്ന രോഗങ്ങളാണ്. ഷുഗർ രോഗികൾ ഹൃദയാഘാതത്തിന് ഏറ്റവും കൂടുതൽ സാധ്യതയുള്ളവരാണ്. ഒരു തവണ ഹൃദയാഘാതം വന്ന രോഗിക്ക് തുല്യമായി ഷുഗർ രോഗികളെ കരുതണം.
1. ഹൃദയാഘാതവും ഹൃദയസ്‌തംഭനവും തമ്മിലുള്ള വ്യത്യാസം
ഹൃദയസ്‌തഭനം അഥവാ കാർഡിയാക് അറസ്റ്റ് എന്നാൽ ഹൃദയം നിന്നുപോകുന്ന അവസ്ഥയാണ്. ഹൃദയാഘാതം അഥവാ ഹാർട്ട് അറ്റാക്ക് ഹൃദയസ്‌തംഭനത്തിന് കാരണമാകാറുണ്ട്. ഹൃദയാഘാതം വന്ന രോഗികളിൽ ഏതാനം ചിലർ ഹൃദയസ്‌തഭനം വന്ന് മരിക്കാറുണ്ട്. ഹൃദയാഘാതം വരാതെ തന്നെ ജനിതക കാരണങ്ങളാലും ഹൃദയസ്‌തഭനം ഉണ്ടാകാം.
2. ചെറിയ പ്രായക്കാരിൽ ഹൃദയാഘാതം കൂടുതലായി കാണാനുള്ള കാരണങ്ങൾ?
ജീവിത ശൈലിയാണ് ഇതിന് പ്രധാന കാരണം. പുകവലിയും ലഹരി ഉപയോഗവും സ്‌ത്രീ പുരുഷ വ്യത്യാസമില്ലാതെ ചെറുപ്പക്കാരെ രോഗികളാക്കുന്നുണ്ട്. മുൻപ് സ്ത്രീകൾ പുകവലിക്കുന്നത് താരതമ്യേന കുറവായിരുന്നു. എന്നാൽ ഇന്ന് അങ്ങനെയല്ല. വ്യായാമം ഇല്ലാത്ത ജീവിത രീതിയും ഹൃദയസംബന്ധമായ രോഗത്തിന് കാരണമാകുന്നുണ്ട്. ഇപ്പോഴും ഹൃദയാഘാതം കണ്ടു വരുന്നത് 50 വയസിന് മുകളിലുള്ള പുരുഷന്മാരിലാണ്. എന്നാലും ചെറിയ പ്രായത്തിൽ ഹൃദയാഘാതവുമായി എത്തുന്നവരുടെ എണ്ണത്തിൽ വർധനയുണ്ട്. സ്‌ത്രീ പുരുഷ വ്യത്യാസമില്ലാതെയാണ് ചെറുപ്രായക്കാർ രോഗികളാകുന്നത്.
3. ഹൃദയാഘാതത്തിൻ്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?
നെഞ്ചുവേദന ഇടത് വശത്ത് മാത്രം വന്നാലാണ് ഹാർട്ട് അറ്റാക്ക് എന്നത് തെറ്റിധാരണയാണ്. ഹൃദയ ധമനികളിലെ ബ്ലോക്ക് മൂലവും നെഞ്ച് വേദനയുണ്ടാകാം. നെഞ്ചിൽ മൊത്തത്തിലാണ് രോഗിക്ക് വേദന അനുഭവപ്പെടുക. നെഞ്ചിൽ വലിയ ഭാരം പോലെ തോന്നാം. അല്ലെങ്കിൽ വലിഞ്ഞു മുറുക്കുന്നത് പോലെ തോന്നാം. എരിച്ചിൽ അനുഭപ്പെടാം. വളരെ പെട്ടെന്നും ഏതെങ്കിലും തരത്തിൽ സ്ട്രെയിൻ ചെയ്യുമ്പോഴും നെഞ്ചിൽ ഇത്തരത്തിൽ വേദന ഉണ്ടാകാം. ഇതേ വേദന നടക്കുമ്പോഴും വരാം. ഈ വേദനയുടെ റേഡിയേഷൻ ചിലർക്ക് കഴുത്തിലേക്കും ഇരു കൈകളിലേക്കും വ്യാപിക്കാം. താടിയെല്ലു മുതൽ പൊക്കിൾ വരെ വേദന വ്യാപിക്കാം. ഇതിനൊപ്പം അനുബന്ധ ലക്ഷണങ്ങളായ അമിത വിയർപ്പ്, ശർദ്ദിൽ, അറിയാതെയുള്ള മല, മൂത്ര വിസർജ്ജനം എന്നിവയും ഉണ്ടാകാം.
4. കോവിഡിന് ശേഷം ഹൃദയ സംബന്ധമായ അസുഖങ്ങൾ കൂടിയിട്ടുണ്ടോ?
ഹൃദയ സംബന്ധമായ രോഗങ്ങളും ഹാർട്ട് അറ്റാക്കും എല്ലാക്കാലത്തും ഉണ്ട്. കോവിഡിന് ശേഷം ഹൃദ്‌രോഗികളുടെ എണ്ണത്തിൽ വർധനവ് വന്നോ ഇല്ലയോ എന്നത് സംബന്ധിച്ച് ആധികാരികമായ പഠനം നടന്നിട്ടില്ല. എന്നാൽ കോവിഡ് ബാധിതരിൽ രക്തം കട്ടപിടിക്കാനുള്ള സാധ്യത കൂടുതൽ ഉള്ളതായി നിഗമനങ്ങൾ ഉണ്ടായിട്ടുണ്ട്. കോവിഡ് സമയത്ത് ഹൃദയാഘാതമായി എത്തിയ രോഗികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിരുന്നു. ഹൃദയാഘാതമായി എത്തുന്ന രോഗികളിൽ അധികവും ആ സമയത്ത് കോവിഡ് ലക്ഷണങ്ങൾ ഇല്ലാതെ തന്നെ കോവിഡ് പോസിറ്റീവും ആയിരുന്നു. കാർഡിയോളജിസ്റ്റുകൾ ഇത്തരത്തിൽ ഒബ്‌സർവേഷൻ നടത്തിയിട്ടുണ്ട്.
5. കോവിഡ് ആണോ വില്ലൻ, വാക്‌സിൻ ആണോ വില്ലൻ? ഇത് സംബന്ധിച്ച പഠനങ്ങൾ നടന്നിട്ടുണ്ടോ?
കോവിഡ് വാക്‌സിനാണ് ഹൃദ് രോഗം വർധിപ്പിച്ചതെന്നത് വാക്‌സിൻ വിരുദ്ധ ലോബികളുടെ കള്ള പ്രചാരണമാണ്. ഏതൊരു മരുന്നിനും വളരെ വിരളമായി പാർശ്വഫലങ്ങൾ ഉണ്ടാകാറുണ്ട്. 10 ലക്ഷത്തിൽ ഒരാൾക്കോ രണ്ടു പേർക്കോ മാത്രമാണ് വാക്‌സിൻ മൂലം ശരീരം തളരുന്നതുപോലെയുള്ള പാർശ്വഫലങ്ങൾ കാണുന്നത്. അത്തരത്തിൽ ചെറിയ ഒരു ശതമാനത്തിന് മാത്രമാണ് കോവിഡ് വാക്‌സിൻ എടുത്തവരിലും ഉണ്ടായത്. വാക്സിൻ കൊണ്ട് ഗുണം ലഭിച്ചവരുടെ കാര്യം പരിഗണിക്കുമ്പോൾ ഇത് വളരെ കുറവാണ്. അല്ലാതെ വാക്‌സിൻ എടുത്തതിൻ്റെ ഫലമായി പക്ഷാഘാതമോ ഹൃദയാഘാതമോ ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ല. കോവിഡ് വളരെ കുറച്ചു കാലത്തേക്ക് മാത്രം ഉണ്ടായിരുന്ന രോഗമായതിനാൽ ഇനി അത് സംബന്ധിച്ച പഠനങ്ങൾക്കും പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല.
6. കൊളസ്ട്രോൾ, ഷുഗർ തുടങ്ങിയ രോഗങ്ങൾ എത്രമാത്രം ഹൃദ്‌രോഗ സാധ്യത വർധിപ്പിക്കുന്നു?
പുകവലിയാണ് ഏറ്റവും വലിയ വില്ലൻ. പുകവലി ഹൃദ്‌രോഗ സാധ്യതകൾ പതിൻമടങ്ങ് വർധിപ്പിക്കുന്നു. ഷുഗറും കൊളസ്ട്രോളും ഹൃദ്‌രോഗ സാധ്യതയും ഹൃദയാഘാത സാധ്യതയും വർധിപ്പിക്കുന്ന രോഗങ്ങളാണ്. ഷുഗർ രോഗികൾ ഹൃദയാഘാതത്തിന് ഏറ്റവും കൂടുതൽ സാധ്യതയുള്ളവരാണ്. ഒരു തവണ ഹൃദയാഘാതം വന്ന രോഗിക്ക് തുല്യമായി ഷുഗർ രോഗികളെ കരുതണം.
7. പരിശോധികൾ എന്തൊക്കെയാണ്? ആൻജിയോഗ്രാം പരിശോധന എത്രമാത്രം ഫലപ്രദമാണ്? ഹൃദയ ധമനികളിലെ എല്ലാ ബ്ലോക്കുകളും ഈ പരിശോധനയിൽ അറിയാൻ കഴിയുമോ?
ആദ്യ പരിശോധന ഇ സി ജിയാണ്. എന്നാൽ ഇതിൽ എല്ലാം അറിയണം എന്നില്ല. രോഗിയുടെ ലക്ഷണങ്ങൾ അനുസരിച്ച് എക്കോ, സി ടി ആൻജിയോഗ്രാം, ടിം എം ടി തുടങ്ങിയ പരിശോധനകൾ നിർദ്ദേശിക്കും. ഡൈ ഇൻജക്‌ട് ചെയ്‌ത് നേരിട്ട് മോനിട്ടറിൽ കണ്ടു കൊണ്ടുള്ള പരിശോധനയാണ് ആൻജിയോഗ്രാം. ഇതിൽ എത്ര ബ്ലോക്കുകൾ ഉണ്ടെന്നും അത് എവിടെയൊക്കെയാണെന്നും എത്ര ശതമാനം ഉണ്ടെന്നും അറിയാൻ കഴിയും. ഈ പരിശോധനകളുടെ ഫലം അനുസരിച്ചാണ് തുടർ ചികിത്സ നിശ്ചയിക്കുന്നത്.
8. ഏതു തരം രോഗികൾക്കാണ് ആൻജിയോപ്ലാസ്റ്റി ചെയ്യുന്നത്? ഇതിൻ്റെ വിജയ സാധ്യത എത്ര മാത്രമാണ്?
രക്തക്കുഴലിൽ ബ്ലോക്ക് ഉണ്ടെന്ന് ബലമായി സംശയിക്കുന്ന രോഗിയെയാണ് ആൻജിയോഗ്രാം ചെയ്യാൻ നിർദ്ദേശിക്കുന്നത്. ബ്ലോക്ക് കണ്ടെത്തുന്ന രോഗിയെയാണ് ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കുന്നത്. ആൻജിയോ പ്ലാസ്റ്റി രണ്ടു തരത്തിൽ ഉണ്ട്. പ്രൈമറി ആൻജിയോ പ്ലാസ്റ്റി (എമർജൻസി ആൻജിയോപ്ലാസ്റ്റി), ഇലക്ടീവ് ആൻജിയോ പ്ലാസ്റ്റി എന്നിവയാണ് അവ. ഹൃദയാഘാതം വന്ന രോഗിയെത്തിയാൽ ആദ്യം ആഘാതത്തിന് കാരണമായ ബ്ലോക്ക് എമർജൻസി ആൻജിയോ പ്ലാസ്റ്റിയിലൂടെ നീക്കം ചെയ്യും. രോഗിയുടെ ജീവൻ രക്ഷിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഹാർട്ട് അറ്റാക്ക് വന്ന രോഗികളിൽ അഞ്ചു മുതൽ എട്ടു ശതമാനം വരെ മരണ സാധ്യതയുണ്ട്. ഇത് ഒഴിവാക്കാനാക്കാനാണ് എമർജൻസി ആൻജിയോപ്ലാസ്റ്റി പ്രയോജനപ്പെടുത്തുന്നത്. ഇതിന് 99 ശതമാനം വിജയ സാധ്യതയുണ്ട്. എന്നാൽ മരുന്ന് ചികിത്സയാണെങ്കിൽ വിജയസാധ്യത 80 ശതമാനം മാത്രമാണ്.
രണ്ടാമത്തെ വിഭാഗമായ എലക്‌ടീവ് ആൻജിയോപ്ലാസ്റ്റിയിൽ നെഞ്ചുവേദനയുമായി എത്തിയ രോഗികളെ ലക്ഷണങ്ങളുടെയും പരിശോധന ഫലങ്ങളുടെയും അടിസ്ഥാനത്തിൽ ചികിത്സ നിർണ്ണയിക്കും. മൂന്ന് പ്രധാന രക്തക്കുഴലുകളിൽ 70 ശതമാനത്തിൽ അധികം ബ്ലോക്ക് ഉണ്ടെങ്കിലാണ് ആൻജിയോ പ്ലാസ്റ്റി ചെയ്യുന്നത്. ചെറിയ ശാഖകളിലാണ് ബ്ലോക്ക് എങ്കിൽ അത് മരുന്നു കൊണ്ട് മുന്നോട്ട് പോകാം.
9. ബൈപാസ് ചെയ്യുന്നത് ഏതുതരം രോഗികൾക്കാണ്?
ആൻജിയോഗ്രാം ചെയ്യുന്ന 90 ശതമാനം രോഗികൾക്കും ആൻജിയോ പ്ലാസ്റ്റി ചെയ്യാനാകും. എന്നാൽ ഒരു 10 ശതമാനം രോഗികൾക്ക് ബൈപാസ് വേണ്ടി വരും. ലെഫ്റ്റ് മെയിൻ കൊറോണറി ആർട്ടറിയിൽ (LMCA) ബ്ലോക്കുകൾ ഉള്ളവർ, മറ്റ് മൂന്ന് ആർട്ടറികളിൽ മൂന്നു മാസമായി നൂറു ശതമാനം അടഞ്ഞിരിക്കുന്ന അവസ്ഥയിൽ ബ്ലോക്ക് ഉള്ളവർ എന്നിവർക്കാണ് ബൈപാസ് സർജറി നിർദ്ദേശിക്കുന്നത്. എല്ലാ രക്തക്കുഴലുകളിലും കട്ടിയായി കാൽസ്യം അടിഞ്ഞ അവസ്ഥയായിരിക്കുമ്പോൾ സ്ൻ്റെൻ്റിന് കടന്നു പോകാൻ ഇടം ഉണ്ടാകില്ലാത്തതിനാണ് ബൈപാസ് നിർദ്ദേശിക്കുന്നത്.
10. ആൻജിയോപ്ലാസ്റ്റിയും ബൈപാസും കഴിഞ്ഞ രോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
രണ്ടു ചികിത്സയും കഴിഞ്ഞാൽ ബ്ലോക്കുകൾ മാറിയല്ലോ ഇനി കുഴപ്പമില്ല എന്ന തരത്തിൽ ചിന്തിക്കുന്നത് അപകടം വിളിച്ചു വരുത്തും. ബ്ലോക്കുകൾ മാറ്റുന്നത് ചികിത്സയുടെ ഒരു ഭാഗം മാത്രമാണ്. പിന്നീട് നമ്മൾ ശരീരത്തെ എങ്ങനെ സംരക്ഷിക്കുന്നു എന്നതനുസരിച്ചിരിക്കും പിന്നീടുള്ള കാര്യങ്ങൾ. കാർഡിയോളജസ്റ്റിൻ്റെ നിർദേശപ്രകാരം കൃത്യമായി മരുന്നു കഴിക്കുക, പുകവലി നിർത്തുക എന്നിവ രോഗി ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. ഷുഗർ, പ്രഷർ, അമിതവണ്ണം എന്നിവ വരാതിരിക്കാൻ ജീവിത ശൈലിയിൽ മാറ്റം വരുത്തുക. അഥവാ ഉണ്ടെങ്കിൽ അതിന് കൃത്യമായ ചികിത്സയും മരുന്നും ഉറപ്പ് വരുത്തുക. വ്യായാമം ചെയ്യുക. ആഴ്ച്ചയിൽ അഞ്ചു ദിവസം എങ്കിലും മുക്കാൽ മണിക്കൂർ നടക്കുക. എയ്റോബിക്‌സ് വ്യായാമങ്ങളായ നടത്തം, ചെറിയ സ്‌പീഡിൽ ഉള്ള ഓട്ടം, നീന്തൽ മുതലായവ ചെയ്യുക. ജിമ്മിൽ പോയി കഠിനമായ വ്യായാമങ്ങൾ ചെയ്യുന്നത് അഭികാമ്യമല്ല.
11. ഹൃദ് രോഗത്തിന് പാരമ്പര്യം ഒരു ഘടകമാണോ?
തീർച്ചയായും പാരമ്പര്യം ഒരു ഘടകമാണ്. ഏറ്റവും അടുത്ത ബന്ധുക്കൾ, അതായത് അച്ഛൻ, അമ്മ, സഹോദരൻ, സഹോദരി എന്നിവർക്ക് ഹൃദയാഘാതമോ ഹൃദയസ്‌തംഭനമോ ഉണ്ടായിട്ടുണ്ടെങ്കിൽ സൂക്ഷിക്കണം. അച്ഛനോ സഹോദരനോ 55 വയസിനുള്ളിലും അമ്മയോ സഹോദരിയോ 65 വയസിനുള്ളിലും ഹൃദ് രോഗ ബാധിതരാണെങ്കിൽ കൂടുതൽ ശ്രദ്ധ വേണം. പാരമ്പര്യമുള്ള രോഗികൾക്ക് ചെറുപ്രായത്തിലെ അസുഖം വരാം. മൾട്ടിപ്പിൾ ബ്ലോക്കുകളും പാരമ്പര്യത്തിൻ്റെ ഭാഗമായി കണ്ടുവരുന്നു.
12. മാറ്റം വരുത്തേണ്ട ജീവിത ശൈലികൾ
ഭക്ഷണവും വ്യായാമവും ക്രമപ്പെടുത്തുക. ഷുഗർ, കൊളസ്ട്രോൾ എന്നിവ കണ്ടെത്തിയാൽ കൃത്യമായി മരുന്നു കഴിച്ച് ക്രമപ്പെടുത്തുക.