ഒരാൾക്ക് എത്ര സേവിങ്സ് അക്കൗണ്ടുകൾ ആകാം എന്നതിന് പരിധിയില്ല. എന്നാൽ, അക്കൗണ്ടുകളുടെ എണ്ണം കൂടിയാൽ അത് മാനേജ് ചെയ്യുന്നത് ഒരു പ്രശ്നമാകും. ഇന്ത്യയിൽ നിലവിലെ സാഹചര്യത്തിൽ വിദ്യാഭ്യാസ കാലഘട്ടത്തിൽത്തന്നെ ഒരു സേവിങ്സ് അക്കൗണ്ട് തുടങ്ങേണ്ടിവരുന്നു. ചില മാതാപിതാക്കൾ മക്കൾ ചെറുതായിരിക്കുമ്പോൾത്തന്നെ ബാങ്ക് അക്കൗണ്ട് അവരുടെ പേരിൽ തുടങ്ങും
വിദേശ പഠനത്തിന് പോകുന്നവർക്ക് വിദ്യാഭ്യാസ വായ്പയെടുക്കാൻ സേവിങ്സ് അക്കൗണ്ട് തുടങ്ങേണ്ടിവരും. അടുത്ത ഘട്ടത്തിൽ ജോലി ലഭിച്ചുകഴിഞ്ഞാൽ ശമ്പളത്തിനായി അക്കൗണ്ട് വേണം. എന്നാൽ, പണം സമ്പാദിച്ച് തുടങ്ങുമ്പോഴാണ് പലപ്പോഴും അക്കൗണ്ടുകളുടെ എണ്ണം കൂടുന്നതും പിന്നീട് ഇവയുടെ കൈകാര്യം ഒരു പ്രശ്നമാകുന്നതും.
ഒരു വാഹനം വാങ്ങാനോ വായ്പ എടുക്കാനോ ഷോപ്പിങ് കാർഡ്, പെട്രോൾ/ഡീസൽ കാർഡ് എന്നിവ ലഭിക്കാനോ സൂപ്പർ മാർക്കറ്റ്/മാൾ എന്നിവയിൽനിന്ന് ഓഫർ, ഇളവുകൾ ലഭിക്കാനോ എല്ലാം നാം അക്കൗണ്ടുകൾ തുടങ്ങുകയായി. പലപ്പോഴും ഒരു ചെറിയ കാലഘട്ടത്തിലെ ആവശ്യം കഴിഞ്ഞാൽ ഇതെല്ലാം നാം മറന്നുപോകും, അല്ലെങ്കിൽ വകവെക്കുന്നില്ല. ഇതിൽ ചില അക്കൗണ്ടുകളെങ്കിലും ചാർജ് ഈടാക്കുന്നവയായിരിക്കും. മാത്രമല്ല മിനിമം ബാലൻസ് ഇല്ലെങ്കിൽ വലിയ പിഴ ചുമത്തുന്നവയും കാണും. ഇതൊക്കെ നമ്മൾ മറക്കുന്നു.
എന്നാൽ, ഈ അക്കൗണ്ടുകളിൽ പിന്നീട് പരിശോധിക്കുമ്പോഴായിരിക്കും പലവിധ ചാർജുകൾ കൂടി വലിയ തുക ആയിട്ടുള്ള കാര്യം നാം അറിയുക. വിദഗ്ധരുടെ അഭിപ്രായത്തിൽ ഒരാൾക്ക് പരമാവധി മൂന്ന് അക്കൗണ്ടുകൾ മതി. ഒന്ന് സാധാരണ സേവിങ്സ് അക്കൗണ്ട്, മറ്റൊന്ന് പണം നിക്ഷേപിക്കുന്ന അക്കൗണ്ട്, കൂടാതെ അടിയന്തര ഘട്ടങ്ങളിൽ ആവശ്യത്തിനുള്ള പണം വെക്കേണ്ട മറ്റൊരു അക്കൗണ്ട്.
എന്നാൽ, ഒരു സേവിങ്സ് അക്കൗണ്ട്, ഡെപ്പോസിറ്റ് അക്കൗണ്ട് എന്നിവതന്നെ ധാരാളമാണ്. നിങ്ങൾക്ക് ചെറിയ കച്ചവടമോ ബിസിനസോ ഉണ്ടെങ്കിൽ ഒരു അക്കൗണ്ടുകൂടി ആകാം, അതുമതി.
ബാക്കി അക്കൗണ്ടുകൾ എന്തു ചെയ്യണം?
ആദ്യം തന്നെ നിങ്ങൾക്ക് നിലവിൽ എത്ര അക്കൗണ്ട് ഉണ്ട്, അതിൽ ഏതൊക്കെ വേണം, വേണ്ട എന്ന് തീരുമാനിക്കുക. നിങ്ങളിൽ പലരും ഒരു പുതിയ ജോലി തുടങ്ങിയപ്പോൾ ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങിക്കാണും. എന്നാൽ, ഇപ്പോൾ ആ ജോലി മാറിയെങ്കിൽ പുതിയ സ്ഥലത്തെ ജോലിക്ക് വേണ്ടി പുതിയ അക്കൗണ്ട് എടുക്കേണ്ടി വന്നിട്ടുണ്ടാകാം. നിങ്ങൾ അറിയേണ്ട ഒരു കാര്യം സീറോ ബാലൻസ് ആയിരുന്ന ആ സാലറി അക്കൗണ്ട് ബാങ്ക് രണ്ട് മൂന്ന് മാസം ശമ്പളം അതിൽ വരാതിരുന്നതിനെ തുടർന്ന് സേവിങ്സ് അക്കൗണ്ടാക്കി മാറ്റിയിട്ടുണ്ടാകും.
അതിൽ മിനിമം ബാലൻസ് നിലനിർത്താൻ അപ്പോൾ നിങ്ങൾ ബാധ്യസ്ഥനുമാണ്. ഈ വിവരം അറിയാതെപോയാൽ പലവിധ ചാർജുകൾ അതിൽ കുമിഞ്ഞുകൂടും. ഒരുസമയത്ത് നിങ്ങൾ ആ ബാങ്കിൽ ഒരു വായ്പ അത്യാവശ്യത്തിന് എടുക്കാൻ പോയി എന്ന് കരുതുക, അപ്പോൾ ആകെ പ്രശ്നമാകും. ഇത് ഒഴിവാക്കാൻ ആവശ്യമില്ലാത്ത അക്കൗണ്ട് ക്ലോസ് ചെയ്യുക.
അക്കൗണ്ട് ക്ലോസ് ചെയ്യേണ്ടത് എങ്ങനെ
ആവശ്യമില്ലാത്ത ബാങ്ക് അക്കൗണ്ടുകൾ ക്ലോസ് ചെയ്യുന്നതിനുമുമ്പ് ഈ അക്കൗണ്ടുമായി ബന്ധപ്പെട്ട് വായ്പകൾ, നിക്ഷേപങ്ങൾ, ഓഹരി/മ്യൂച്വൽ ഫണ്ട് എന്നിവ ഇല്ലെന്നും, ഈ അക്കൗണ്ടിൽനിന്ന് പ്രതിമാസം തുകയൊന്നും വേറെ അക്കൗണ്ടിലേക്ക് പോകുന്നില്ലെന്നും, മാത്രമല്ല നിങ്ങളുടെ എന്തെങ്കിലും അത്യാവശ്യ കാര്യങ്ങൾക്ക് എൽ.ഐ.സി, പി.എഫ്, വായ്പ ഈ അക്കൗണ്ട് നൽകിയിട്ടില്ലെന്നും ഉറപ്പാക്കുക
അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അത് ഈ അക്കൗണ്ടിൽനിന്ന് മാറ്റുകയും, പകരംപുതിയ അക്കൗണ്ട് നൽകുകയും ചെയ്യുക. ഇതിന് ഏകദേശം 10 ദിവസം മുതൽ രണ്ടാഴ്ചവരെ സമയമെടുക്കും. ഇതിനുശേഷം ബാങ്കിൽ നേരിട്ടെത്തി അക്കൗണ്ട് ക്ലോസ് ചെയ്യാനുള്ള ഫോറം നൽകുക. ഉപയോഗിക്കാത്ത ചെക്ക് ബുക്ക്, ഷോർട്ട് ന്യൂസ് കണ്ണൂർ.ഡെബിറ്റ് കാർഡ് എന്നിവ നൽകുക. ജോയന്റ് അക്കൗണ്ട് ആണെങ്കിൽ എല്ലാ അക്കൗണ്ട് ഉടമകളുടെയും ഒപ്പ് നിർബന്ധമാണ്.
മിക്ക ബാങ്കുകളും ഒരുവർഷം കഴിഞ്ഞാൽ അക്കൗണ്ട് അവസാനിപ്പിക്കാൻ ചാർജ് ഈടാക്കാറില്ല. എന്നാൽ, ഇത് ഓരോ ബാങ്കിനും വ്യത്യസ്തമാണ്. ബാങ്കിലേക്ക് പണം നല്കാനുണ്ടെങ്കിൽ അത് ഡി.ഡി ആയോ നെഫ്റ്റ് ട്രാൻസ്ഫർ ചെയ്തോ നൽകാം. അക്കൗണ്ട് ക്ലോസ് ചെയ്താൽ ആ തീയതി കാണിക്കുന്ന ഒരു സ്റ്റേറ്റ്മെന്റ് എടുത്തുവെക്കണം. അതുകഴിഞ്ഞ് രണ്ടോ മൂന്നോ അക്കൗണ്ടുകൾ മാത്രമായി നിലനിർത്തുക. ഇത് സാമ്പത്തിക അച്ചടക്കത്തിൽ പ്രധാനമാണ്.