Connect with us

Breaking News

ഈ ചിരിയും മാഞ്ഞു, മാമുക്കോയയ്ക്ക് വിട

Published

on

Share our post

കോഴിക്കോട്: മലയാള സിനിമയില്‍ ഹാസ്യത്തിന്റെ വേറിട്ട ശൈലിയുമായി നാല് പതിറ്റാണ്ടോളം നിറഞ്ഞു നിന്ന നടന്‍ മാമുക്കോയ (76) അന്തരിച്ചു. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണം. കാളികാവ് പൂങ്ങോടില്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനത്തിന് എത്തിയ മാമുക്കോയയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തിങ്കളാഴ്ച മുതല്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നേ അഞ്ചോടെയായിരുന്നു അന്ത്യം.

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹാസ്യനടന്‍മാരില്‍ ഒരാളായ മാമുക്കോയ നാടകരംഗത്തു നിന്നുമാണ് സിനിമയില്‍ എത്തിയത്. കോഴിക്കോടന്‍ ഭാഷയുടെ മനോഹരമായ ശൈലിയെ സിനിമയില്‍ ജനകീയമാക്കിയ നടന്‍കൂടിയാണ് മാമുക്കോയ. കുതിരവട്ടം പപ്പു അതിന് മുന്‍പ് അവതരിപ്പിച്ചതില്‍ നിന്നും വ്യത്യസ്തമായി മുസ്ലിം സംഭാഷണശൈലിയാണ് മാമുക്കോയയുടെ സവിശേഷതയായിത്തീര്‍ന്നത്. വിദ്യാര്‍ഥിയായിരുന്ന കാലത്ത് തന്നെ നാടക പ്രവര്‍ത്തങ്ങളില്‍ സജീവമായിരുന്നു.

ചാലിക്കണ്ടിയില്‍ മുഹമ്മദിന്റെയും ഇമ്പിച്ചി ആയിശയുടേയും മകനായി 1946-ല്‍ കോഴിക്കോട് ജില്ലയിലെ പള്ളിക്കണ്ടിയിലാണ് ജനിക്കുന്നത്. ചെറുപ്പത്തിലേ മാതാപിതാക്കള്‍ മരിച്ചതിനാല്‍ ജ്യേഷ്ഠന്റെ സംരക്ഷണത്തിലാണ് വളര്‍ന്നത്. കോഴിക്കോട് എം. എം. ഹൈസ്‌കൂളില്‍ പത്താംക്ലാസ് വരെയുള്ള പഠനം പൂര്‍ത്തിയാക്കിയത്. പഠനകാലത്തു തന്നെ സ്‌കൂളില്‍ നാടകങ്ങള്‍ക്ക് നേതൃത്വം നല്‍കുകയുംഅഭിനയിക്കുകയും ചെയ്യുമായിരുന്നു.

സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം കോഴിക്കോട് ജില്ലയിലെ കല്ലായിയില്‍ മരം അളക്കലായിരുന്നു തൊഴില്‍. മരത്തിനു നമ്പറിടുക, ക്വാളിറ്റി നോക്കുക, അളക്കുക എന്നിവയെല്ലാത്തിലും വിദഗ്ധനായി. അതോടൊപ്പം നാടകവും ഒരുമിച്ചുകൊണ്ടുപോകാന്‍ അദ്ദേഹം ശ്രദ്ധിച്ചു. മലബാര്‍ ഭാഗത്തെ ഭാഗത്തെ നിരവധി നാടക- സിനിമാ പ്രവര്‍ത്തകരുമായി സൗഹൃദമുണ്ടായിരുന്നു. കെ.ടി. മുഹമ്മദ്, വാസു പ്രദീപ്, ബി. മുഹമ്മദ് (കവിമാഷ്), എ. കെ. പുതിയങ്ങാടി, കെ. ടി. കുഞ്ഞ്, ചെമ്മങ്ങാട് റഹ്മാന്‍ തുടങ്ങിയവരുടെ നാടകങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.

സുഹൃത്തുക്കളെല്ലാവരും ചേര്‍ന്ന് ഒരു നാടകം സിനിമയാക്കിയതാണ് ചലച്ചിത്ര രംഗത്തേക്കുള്ള വഴി തുറന്നത്. നിലമ്പൂര്‍ ബാലൻ സംവിധായകനായ ‘അന്യരുടെ ഭൂമി’ (1979) എന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. 1982-ല്‍ എസ്. കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകള്‍ എന്ന ചിത്രത്തില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാര്‍ശയില്‍ ഒരു വേഷം ലഭിച്ചു. മമ്മൂട്ടിയെ നായകനാക്കി സാജന്‍ സംവിധാനം ചെയ്ത സ്‌നേഹമുള്ള സിംഹമായിരുന്നു മൂന്നാമത്തെ ചിത്രം. വളരെ സ്വഭാവികമായ അഭിനയ ശൈലിയിലൂടെ സിനിമയില്‍ തന്റേതായ ഇടം നേടിയെടുക്കുകയായിരുന്നു മാമുക്കോയ. പിന്നീട് സത്യന്‍ അന്തിക്കാടിന്റെ ഗാന്ധിനഗര്‍, സെക്കന്റ് സ്ട്രീറ്റ്, സന്‍മനസ്സുള്ളവര്‍ക്ക് സമാധാനം തുടങ്ങിയ ചിത്രങ്ങളിലൂടെ തിരക്കേറിയ നടനായി മാറി. ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന ചിത്രത്തിലെ അറബി മുന്‍ഷിയുടെ വേഷം വളരെയേറെ ശ്രദ്ധിക്കപ്പെട്ടു.

സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍ എന്നിവരുടെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. നാടോടിക്കാറ്റിലെ തട്ടിപ്പുകാരന്‍ ഗഫൂര്‍ക്ക, സന്ദേശത്തിലെ കെ. ജി. പൊതുവാള്‍, ചന്ദ്രലേഖയിലെ പലിശക്കാരന്‍, വെട്ടത്തിലെ ഹംസക്കോയ/ രാമന്‍ കര്‍ത്താ, മഴവില്‍ക്കാവടിയിലെ കുഞ്ഞിഖാദര്‍, രാംജിറാവു സ്പീക്കിംഗിലെ ഹംസക്കോയ, വരവേല്‍പ്പിലെ ഹംസ, പ്രാദേശിക വാര്‍ത്തകളിലെ ജബ്ബാര്‍, കണ്‍കെട്ടിലെ ഗുണ്ട കീലേരി അച്ചു, ഡോക്ടര്‍ പശുപതിയിലെ വേലായുധന്‍ കുട്ടി, തലയണമന്ത്രത്തിലെ കുഞ്ഞനന്ദന്‍ മേസ്തിരി, നരേന്ദ്രന്‍ മകന്‍ ജയകാന്തനിലെ സമ്പീശന്‍, കളിക്കളത്തിലെ പോലീസുകാരന്‍, ഹിസ് ഹൈനസ് അബ്ദുള്ളയില്‍ ജമാല്‍, കൗതുക വാര്‍ത്തകളിലെ അഹമ്മദ് കുട്ടി, മേഘത്തിലെ കുറുപ്പ്, പട്ടാളത്തിലെ ഹംസ, മനസ്സിനക്കരയിലെ ബ്രോക്കര്‍, പെരുമഴക്കാലത്തിലെ അബ്ദു, ബ്യാരി എന്ന ചിത്രത്തിലെ കഥാപാത്രം, ഉസ്ദാത് ഹോട്ടലിലെ ഉമ്മര്‍, കെ.എല്‍ 10 പത്തിലെ ഹംസകുട്ടി, ആട് 2 ലെ ഇരുമ്പ് അബ്ദുള്ള, മരയ്ക്കാര്‍ അറബിക്കടലിലെ സിംഹത്തിലെ അബൂബക്കര്‍ ഹാജി, കുരുതിയിലെ മൂസാ ഖാലിദ്, മിന്നല്‍ മുരളിയിലെ ഡോക്ടര്‍ നാരായണന്‍ തുടങ്ങിയവയെല്ലാം ശ്രദ്ധേയകഥാപാത്രങ്ങളാണ്. 2001 ല്‍ സുനില്‍ സംവിധാനം ചെയ്ത കോരപ്പന്‍ ദ ഗ്രേറ്റ്, ഇ.എം അഷ്‌റഫിന്റെ സംവിധാനത്തില്‍ 2023 ല്‍ പുറത്തിറങ്ങിയ ഉരു എന്നീ ചിത്രങ്ങളില്‍ നായകനായി. മലയാളത്തിന് പുറമേ തമിഴ് ചിത്രങ്ങളിലും മാമുക്കോയ അഭിനയിച്ചിട്ടുണ്ട്. അരങ്ങേട്ര വേലൈ, കാസ്, കോബ്ര തുടങ്ങിയവയാണ് തമിഴ്ചിത്രങ്ങള്‍.

പെരുമഴക്കാലത്തിലെ അബ്ദു എന്ന കഥാപാത്രത്തിന് 2004 ല്‍ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രത്യക ജൂറി പരാമര്‍ശം ലഭിച്ചു, ഇന്നത്തെ ചിന്താവിഷയത്തിലെ അഭിനയത്തിന് 2008 ല്‍ മികച്ച ഹാസ്യനടനായി തിരഞ്ഞെടുക്കപ്പെട്ടു.

2021-ല്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ മാമുക്കോയ താന്‍ നേരിട്ട ആരോഗ്യപ്രശ്‌നങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ച് നെഞ്ച് വേദന വന്നതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ആന്‍ജിയോപ്ളാസ്റ്റിക്ക് വിധേയനാക്കിയിട്ടുണ്ട്. രണ്ട് സ്റ്റെന്റും ഇട്ടു. ഒരു ബ്ലോക്ക് കൂടിയുണ്ടായിരുന്നതിനാല്‍ ബൈപ്പാസ് ചെയ്യണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. ‘കുരുതി’യിലെ മൂസാ ഖാലിദായി തിരശ്ശീലയില്‍ തിളങ്ങിനിന്ന സമയത്താണ് മാമുക്കോയ അര്‍ബുദത്തെ നേരിടുന്നത്. 33 റേഡിയേഷന്‍, ആറു കീമോതെറാപ്പിക്കും വിധേയനായി. തൊണ്ടയിലായിരുന്നു കാന്‍സര്‍ ബാധിച്ചത്. എല്ലാം വരുന്നിടത്തുവെച്ചുകാണാം എന്ന രീതിയാണ് മാമുക്കോയ ജീവിതത്തില്‍ സ്വീകരിച്ച് പോന്നത്. ജീവിതത്തില്‍ നമുക്ക് അസുഖം വരുമെന്നും അപ്പോള്‍ നിലവിളിച്ചിട്ട് കാര്യമില്ലെന്നും പറഞ്ഞിട്ടുള്ള മാമുക്കോയ പ്രതിസന്ധികളെ അതിജീവിക്കണമെന്നും മാനസികാവസ്ഥയാണ് പ്രധാനമെന്നും അടിയുറച്ച് വിശ്വസിച്ചു. അഷ്‌റഫ് ഹംസ സംവിധാനം ചെയ്ത സുലൈഖ മന്‍സിലാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രങ്ങളിലൊന്ന്. ഈ സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരവേയാണ് മാമുക്കോയയുടെ അപ്രതീക്ഷിത വിയോഗം.

സുഹ്‌റയാണ് മാമുക്കോയയുടെ ഭാര്യ. നിസാര്‍, ഷാഹിദ, നാദിയ, അബ്ദുള്‍ റഷീദ് എന്നിവര്‍ മക്കളാണ്.


Share our post

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Breaking News

സെക്യൂരിറ്റി ജീവനക്കാരന്‍ സ്ഥാപനത്തിന് മുന്നില്‍ തൂങ്ങിമരിച്ച നിലയിൽ

Published

on

Share our post

തളിപ്പറമ്പ്: സെക്യൂരിറ്റി ജീവനക്കാരന്‍ സ്ഥാപനത്തിന് മുന്നില്‍ തൂങ്ങിമരിച്ചു.എളമ്പേരംപാറ കിന്‍ഫ്രയിലെ മെറ്റ് എഞ്ചിനീയറിംഗ് ആന്റ് മെറ്റല്‍ വര്‍ക്‌സ് എന്ന സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാരനായ കൊല്ലം കിളികൊല്ലൂര്‍ പുന്തലത്താഴം 63, സഹൃദയാനഗറിലെ ലക്ഷ്മി മന്ദിരത്തില്‍ കെ.എസ് വിജയകുമാര്‍ (60) ആണ് മരിച്ചത്.ഇന്ന് രാവിലെ ഏഴോടെയാണ് ഇയാളെ സ്ഥാപനത്തിന് മുന്നില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. തളിപ്പറമ്പ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!