കണ്ണൂർ: ട്രെയിനിൽ കയറിയാൽ മാത്രമല്ല കാലുകുത്താൻ ഇടം തിരഞ്ഞുള്ള സാഹസം, ടിക്കറ്റ് എടുക്കാനും വേണം കയ്യൂക്കും വേണ്ടത്ര സമയവും. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ കിഴക്കേ കവാടത്തിലെ ടിക്കറ്റ് കൗണ്ടർ 2020 മാർച്ച് മാസത്തിൽ അടച്ചതാണ്. കോവിഡും കഴിഞ്ഞ് ലോകം മുഴുവൻ ജീവിതം പഴയരീതിയിലേക്ക് തിരിച്ചെത്തിയിട്ട് മാസങ്ങളായെങ്കിലും പൂട്ടിയ കൗണ്ടർ തുറക്കാൻ റെയിൽവേ തയാറായിട്ടില്ല.
വിരമിച്ചും സ്ഥലംമാറിയും പോയ ടിക്കറ്റ് ബുക്കിങ് വിഭാഗത്തിലെ ജീവനക്കാർക്കു പകരം നിയമനം നടത്താത്തതാണു കൗണ്ടറുകളുടെ എണ്ണം കുറയാൻ കാരണം. കണ്ണൂരിലെ പ്രധാന കവാടത്തിൽ നാലും കിഴക്കേ കവാടത്തിൽ രണ്ടും കൗണ്ടറുകൾ നേരത്തേ പ്രവർത്തിച്ചിരുന്നു. പഴയ ബസ് സ്റ്റാൻഡ്, കാൽടെക്സ് ഭാഗത്തു നിന്നു വരുന്നവർ കിഴക്കേ കൗണ്ടർ വഴി വന്നാൽ നടപ്പാത വഴി ഒന്നാം പ്ലാറ്റ്ഫോമിൽ ഇറങ്ങി വേണം ഈ ഭാഗത്തെ കൗണ്ടറിൽ ചെന്നു ടിക്കറ്റ് എടുക്കാൻ എത്താൻ.
യാത്രാ ടിക്കറ്റോ പ്ലാറ്റ്ഫോം ടിക്കറ്റോ ഇല്ലാതെ ഒന്നാം പ്ലാറ്റ്ഫോമിൽ കയറിയതിന്റെ പേരിൽ ഫൈൻ കിട്ടിയാൽ അതും യാത്രക്കാരന്റെ തലയിലാവും ! കൗണ്ടറിലെ നീണ്ട നിരയിൽ നിൽക്കുന്നതിനിടെ ട്രെയിൻ വന്നാൽ പിന്നെ ടിക്കറ്റില്ലാതെ ട്രെയിൻ കയറുകയല്ലാതെ മറ്റു വഴി പലർക്കും ഉണ്ടാകില്ല. കാരണം വരുന്ന ട്രെയിൻ പോയാൽ പിന്നെ മംഗളൂരു ഭാഗത്തേക്കാണു യാത്രയെങ്കിൽ പിന്നെ മൂന്നോ നാലോ മണിക്കൂർ കാത്തിരിക്കേണ്ട സ്ഥിതിയും വന്നേക്കാം.
ജെടിബിഎസ് കൗണ്ടറുകളും പൂട്ടി
രണ്ടു രൂപ അധികം നൽകിയാൽ ടിക്കറ്റ് ലഭിക്കുന്ന ജൻസാധാരൺ ടിക്കറ്റ് ബുക്കിങ് സേവനം മിക്കയിടത്തും മുടങ്ങിയ സ്ഥിതിയാണ്. മുറി വാടക, വൈദ്യുതി നിരക്ക്, ഇന്റർനെറ്റ് വാടക, കംപ്യൂട്ടർ, പ്രിന്റർ, രണ്ടോ മൂന്നോ ജീവനക്കാരുടെ ശമ്പളം തുടങ്ങി ജെടിബിഎസ് സംവിധാനം നടത്തിക്കൊണ്ടുപോകാനുള്ള ചെലവ് താങ്ങാവുന്നതിലേറെയാണെന്നാണു നടത്തിപ്പുകാർ പറയുന്നത്. പലർക്കും ഒന്നും രണ്ടും വർഷം കൂടി ലൈസൻസ് കാലാവധിയുണ്ടെങ്കിലും ചെലവു താങ്ങാൻ കഴിയാത്തതിനാൽ തുറന്നു പ്രവർത്തിപ്പിക്കാൻ കഴിയുന്നില്ലെന്നാണ് ഇവർ പറയുന്നത്.
പാലക്കാട് ഡിവിഷനിലെ മിക്ക സ്റ്റേഷനുകളിലും ജെടിബിഎസ് കൗണ്ടറുകളുടെ സ്ഥിതി ഇതാണ്. എടിവിഎമ്മുകൾ റെയിൽവേ നേരിട്ട് നൽകുകയും ഒപ്പം ഉയർന്ന കമ്മിഷനും ലഭ്യമാക്കുമ്പോൾ ജെടബിഎസ് കൗണ്ടറുകളോട് കടുത്ത അവഗണനയാണെന്നും നടത്തിപ്പുകാർ ചൂണ്ടിക്കാട്ടുന്നു. കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു മാത്രം മൂന്ന് ജെടിബിഎസ് കൗണ്ടറുകൾ നേരത്തേ പ്രവർത്തിച്ചിരുന്നു
ആർക്കോ വേണ്ടി എടിവിഎമ്മുകൾ
റെയിൽവേ സ്റ്റേഷന്റെ ഇരു കവാടങ്ങളിലും രണ്ടു വീതം ഓട്ടമാറ്റിക് ടിക്കറ്റ് വെൻഡിങ് യന്ത്രങ്ങൾ ഉണ്ടായിരുന്നു. റിട്ട. റെയിൽവേ ഉദ്യോഗസ്ഥരാണ് ഇവ പ്രവർത്തിപ്പിച്ചിരുന്നത്. അൺറിസർവ്ഡ് ടിക്കറ്റുകൾക്കായുള്ള തിരക്ക് കുറയ്ക്കാൻ ഇവ ഏറെ സഹായിച്ചിരുന്നു. എന്നാൽ ഇവ ഇപ്പോൾ മിക്ക ദിവസവും പ്രവർത്തിപ്പിക്കുന്നില്ല.
തകരാറിലാണ് എന്ന് പുറത്ത് എഴുതിവച്ചിട്ടുണ്ടെങ്കിലും പലപ്പോഴും ടിക്കറ്റ് നൽകാനുള്ള ചുമതലയേറ്റെടുത്ത റിട്ട. ഉദ്യോഗസ്ഥർ എത്താത്തതാണ് കാരണമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നു. പ്രായാധിക്യമുള്ള ഇവരിൽ പലർക്കും എടിവിഎമ്മുകൾ പെൻഷനു പുറമേ കിട്ടുന്ന പോക്കറ്റ് മണിക്കുള്ള വഴിയാണെന്ന് യാത്രക്കാരും പറയുന്നു. ഇവർക്കു പകരം തൊഴിൽരഹിതരായ ആരെയെങ്കിലും നടത്തിപ്പ് ഏൽപിച്ചാൽ കൃത്യമായി പ്രവർത്തിപ്പിക്കുമെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.
എടിവിഎമ്മുകളുടെ അറ്റകുറ്റപ്പണി മുടങ്ങിയതും കാലപ്പഴക്കവും ഇവ ഇടയ്ക്കിടെ തകരാറിലാകാൻ കാരണമാകുന്നുണ്ടെന്നാണ് ഇവ പ്രവർത്തിപ്പിക്കുന്നവർ പറയുന്നത്. മുംബൈ ആസ്ഥാനമായ ഒരു കമ്പനിയായിരുന്നു യന്ത്രങ്ങൾ ലഭ്യമാക്കിയത്. അറ്റകുറ്റപ്പണിയുടെ കാര്യത്തിൽ ഇവരുടെ സഹകരണം കൃത്യമായി ലഭിക്കാത്തതും തടസ്സമാണ്.
പരിഹാരം യുടിഎസ്
ടിക്കറ്റ് കൗണ്ടറുകളുടെ കുറവിനു പ്രശ്ന പരിഹാരമായി റെയിൽവേ നിർദേശിക്കുന്നത് മൊബൈലിലെ അൺ റിസർവ്ഡ് ടിക്കറ്റിങ് സർവീസ് (യുടിഎസ്) ആപ് ആണ്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. മുൻകൂറായി തുക ആപ് അക്കൗണ്ടിലേക്കു നിക്ഷേപിച്ചാൽ ആവശ്യാനുസരണം ടിക്കറ്റ് എടുക്കാം. യാത്രക്കാർക്കും ഏറെ സൗകര്യപ്രദമെങ്കിലും യുടിഎസിനു പ്രചാരം ലഭിച്ചുവരുന്നേയുള്ളൂ.
സ്റ്റേഷനിൽ എത്തുന്നതിനു മുൻപ് ടിക്കറ്റ് എടുക്കണം എന്നതാണ് നിലവിലെ തടസ്സം. ഇതിനു പകരം വൈകാതെ റെയിൽവേ സ്റ്റേഷനുകളിൽ ക്യൂ ആർ കോഡുകൾ സ്ഥാപിക്കുമെന്നും ഇത് സ്കാൻ ചെയ്താൽ സ്റ്റേഷനിൽ എത്തിയ ശേഷവും ടിക്കറ്റ് എടുക്കാൻ സാധിക്കുമെന്നും റെയിൽവേ അധികൃതർ പറയുന്നു.