കേരളത്തിലെ ഒട്ടുമിക്ക തദ്ദേശ സ്ഥാപനങ്ങള്‍ക്കും മാലിന്യ സംസ്‌കരണം കീറാമുട്ടിയാണ്. പലയിടത്തും മാലിന്യം ശേഖരിക്കാന്‍ ഫലപ്രദമായ മാര്‍ഗമില്ലെന്നതാണ് പ്രധാന പ്രശ്നം. വീടുകളിലെത്തി ശേഖരിക്കുന്ന മാലിന്യങ്ങള്‍ പോലും പാതിവഴിയില്‍ ഉപേക്ഷിക്കപ്പെടുന്ന സംഭവങ്ങള്‍ നിരവധിയാണ്. ഇത്തരം പ്രശ്നങ്ങളെല്ലാം പരിഹരിക്കാന്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ കണ്ടെത്തിയ മാര്‍ഗമാണ് നെല്ലിക്ക മൊബൈല്‍ ആപ്പ്. വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും ഖരമാലിന്യ ശേഖരണത്തിനായി ഏര്‍പ്പെടുത്തിയ നെല്ലിക്ക ആപ്പിന് കേന്ദ്ര നഗരകാര്യമന്ത്രാലയത്തിന് കീഴിലുള്ള സ്വച്ഛ് ഭാരത് മിഷന്റെ ആദരം ലഭിച്ചിരിക്കുകയാണിപ്പോള്‍.
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന സ്വച്ഛത സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവില്‍ രാജ്യത്തെ മികച്ച 30 സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നായാണ് നെല്ലിക്കയെ തിരഞ്ഞെടുത്തത്. കേരളത്തില്‍നിന്ന് കണ്ണൂര്‍ കോര്‍പ്പറേഷനെ മാത്രമാണ് ഇക്കൂട്ടത്തില്‍ തിരഞ്ഞെടുത്തത്. സ്വച്ഛ് ഭാരത് മിഷന് ലഭിച്ച 260-ഓളം അപേക്ഷകളില്‍നിന്നാണ് മികച്ച 30 എണ്ണം ഷോര്‍ട്ട് ലിസ്റ്റ് ചെയ്തത്. ഇതില്‍ നാലെണ്ണം മാത്രമാണ് കോര്‍പ്പറേഷന്‍/നഗരസഭാ മേഖലയില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. ബാക്കി 26 എണ്ണവും സ്വകാര്യമേഖലയില്‍ നിന്നാണ്. ഉത്തര്‍പ്രദേശിലെ കാണ്‍പുര്‍, മഹാരാഷ്ട്രയിലെ ഉല്ലാസ് നഗര്‍, രാജസ്ഥാനിലെ ശിക്കാര്‍ എന്നിവയാണ് തിരഞ്ഞെടുക്കപ്പെട്ട മറ്റു തദ്ദേശസ്ഥാപനങ്ങള്‍. ഡല്‍ഹിയിലെ ചടങ്ങില്‍ കണ്ണൂര്‍ കോര്‍പ്പറേഷനെ പ്രതിനിധീകരിച്ച് മേയര്‍ ടി.ഒ. മോഹനന്‍, സെക്രട്ടറി വിനു സി. കുഞ്ഞപ്പന്‍, ആപ്പ് ഡയറക്ടര്‍മാരായ ഫഹദ് മുഹമ്മദ്, നിജിന്‍ നാരായണന്‍ എന്നിവരാണ് പങ്കെടുത്തത്.
ക്യു.ആര്‍ കോഡില്‍ ഡിജിറ്റിലായ മാലിന്യ ശേഖരണം
കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ മാലിന്യം കെട്ടിക്കിടക്കുന്ന ദുരവസ്ഥയ്ക്ക് പരിഹാരം കാണാന്‍ രണ്ടുവര്‍ഷം മുമ്പാണ് നെല്ലിക്ക എന്ന പേരില്‍ കോര്‍പ്പറേഷന്‍ പ്രത്യേക മൊബൈല്‍ ആപ്പ് പുറത്തിറക്കിയത്. ഹരിത സഹായ സ്ഥാപനമായ നിര്‍മല്‍ ഭാരത് ട്രസ്റ്റാണ് ആപ്പിലൂടെ മാലിന്യ നിര്‍മാര്‍ജനത്തിന് പുതുവഴി ഒരുക്കിയത്. ഹരിതകര്‍മസേനയെ ഉപയോഗിച്ച് അജൈവമാലിന്യങ്ങളുടെ വാതില്‍പ്പടി ശേഖരണമാണ് ആപ്പിലൂടെ നടത്തുന്നത്. വീടുകളിലും സ്ഥാപനങ്ങളിലും ക്യൂആര്‍ കോഡ് പതിച്ച് ഡിജിറ്റര്‍ രൂപത്തിലായിരുന്നു ആപ്പിന്റെ പ്രവര്‍ത്തനം. മാലിന്യം ശേഖരിക്കാന്‍ ഹരിതകര്‍മ സേന പ്രവര്‍ത്തകര്‍ വരുന്ന ദിവസം വീട്ടുകാര്‍ക്ക് ഫോണില്‍ സന്ദേശം ലഭിക്കും. ഇതനുസരിച്ച് മാലിന്യം മുന്‍കൂട്ടി എടുത്തുവയ്ക്കാം.
നിലവില്‍ കോര്‍പ്പറേഷനിലെ 80 ശതമാനം വീട്ടുകാര്‍ ഇതിന്റെ ഗുണഭോക്താക്കളാണ്. മാസംതോറും ഹരിതസേന പ്രവര്‍ത്തരെത്തി വീടുകളില്‍ ഒട്ടിച്ചുവെച്ച ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താണ് മാലിന്യം ശേഖരിക്കുക. ഇതിനായി പരമാവധി 50 രൂപ ഫീസും ഈടാക്കും. പ്ലാസ്റ്റിക്, തുണിത്തരങ്ങള്‍, ഇ-മാലിന്യം എന്നിങ്ങനെ കൃത്യമായി തരംതിരിച്ചാണ് വാതില്‍പ്പടി ശേഖരണം. പ്ലാസ്റ്റിക് എല്ലാ മാസവും ശേഖരിക്കും. ഇതിനൊപ്പം ഒന്നെങ്കില്‍ ഒരുമാസം കുപ്പി, അടുത്ത മാസം പഴയ തുണികള്‍, തൊട്ടടുത്ത മാസം പഴയ ബാഗ്, അതിനടുത്ത മാസം പഴയ ചെരുപ്പ്, ഇലക്ട്രോണിക് മാലിന്യം എന്നിങ്ങനെയാണ് ശേഖരണം. ഈ മാലിന്യങ്ങള്‍ മുനിസിപ്പാലിറ്റി സജ്ജമാക്കിയ കേന്ദ്രത്തിലെത്തിച്ച് വീണ്ടും വേര്‍തിരിച്ച് ബെയില്‍ ചെയ്ത ശേഷം കര്‍ണാടക, ഹരിയാന, ഡല്‍ഹി, പേണ്ടിച്ചേരി, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ റീസൈക്ലിങ് ഏജന്‍സികള്‍ക്കാണ് വില്‍പ്പന നടത്തുന്നത്. റീസൈക്കിള്‍ ചെയ്യാന്‍ പറ്റാത്ത മാലിന്യങ്ങള്‍ തമിഴ്നാട്ടിലേയും മറ്റും സിമന്റ് ഫാക്ടറികളിലേക്കും നല്‍കും.