കണ്ണൂർ : സംസ്ഥാനത്ത് ചൂട് കൂടിവരുന്ന സാഹചര്യത്തിൽ സൂര്യാഘാതവും മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാതെ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.
എന്താണ് സൂര്യാഘാതം?
അമിതമായി ചൂട് കൂടുന്ന കാലാവസ്ഥയില്‍ ശരീരത്തിന്റെ സ്വാഭാവിക താപനിയന്ത്രണ സംവിധാനം തകരാറിലാവുന്നതാണ് സൂര്യാഘാതത്തിന് കാരണം. കഠിനമായ വെയിലത്ത് ദീർഘനേരം ജോലിചെയ്യുന്നവർക്ക് സൂര്യാഘാതമേൽക്കാനുള്ള സാധ്യത ഏറെയാണ്. തീവ്രപരിചരണം ലഭിക്കാതിരുന്നാൽ മരണം പോലും സംഭവിക്കാം.
കുട്ടികളിലും മുതിർന്നവരിലും സൂര്യാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. തലച്ചോർ, കരൾ, വൃക്കകൾ, ശ്വാസകോശം, ഹൃദയം തുടങ്ങിയ ആന്തരാവയവങ്ങളുടെ പ്രവർത്തനങ്ങളെ ഉയർന്ന താപനില സാരമായി ബാധിക്കും.
വെയിലത്ത് ജോലി ചെയ്യുമ്പോൾ പേശിവലിവ് അനുഭവപ്പെടുന്നതാണ് തുടക്കം. കാലുകളിലെയും ഉദരത്തിലെയും പേശികള്‍ കൊച്ചിപ്പിടിച്ചു വേദന തോന്നുന്നു. ശരീരത്തിലെ ജലവും ലവണങ്ങളും നഷ്ടപ്പെടുന്നതിന്റെ ലക്ഷണമാണിത്. ഈയവസരത്തില്‍ ജോലി മതിയാക്കി വിശ്രമിക്കണം.
തണലുള്ള സ്ഥലത്തേക്ക് മാറണം. ധാരാളം വെള്ളം കുടിക്കണം. അങ്ങനെ ചെയ്യാതെ വീണ്ടും ജോലി തുടരുകയാണെങ്കില്‍ അത് ഗുരുതരമായ കുഴപ്പങ്ങള്‍ക്ക് കാരണമായിത്തീരാം. മരണം സംഭവിക്കാം.
പ്രശ്നം ഗുരുതരമാകുന്നതിന്റെ ലക്ഷണങ്ങള്‍ ഇവയാണ് : മനംപുരട്ടല്‍, ഓക്കാനം, ചര്‍ദ്ദി, ശരീരത്തിന്റെ ചൂട് പെട്ടെന്ന്കൂടുക, വിയര്‍ക്കാതിരിക്കുക, ചര്‍മ്മം ചുവന്ന് ഉണങ്ങി വരളുക, തലചുറ്റി വീഴുക, ഓര്‍മ്മക്കേട്, ബോധക്ഷയം.
എന്ത് ചെയ്യണം?
രോഗിയെ എത്രയും പെട്ടെന്ന് വെയിലത്ത് നിന്ന് തണലത്തേക്ക് മാറ്റണം.
ചൂട് കുറയും വരെ ശരീരം വെള്ളം മുക്കി തുടക്കുക. കുളിപ്പിക്കുകയും ആവാം.
എ.സി-യുള്ള ഒരു മുറിയിലോ അല്ലെങ്കില്‍ ഫാനിന്റെ അടിയിലോ രോഗിയെ കിടത്താന്‍ സൗകര്യമുണ്ടെങ്കില്‍ അതിനു ശ്രമിക്കണം.
ധാരാളം വെള്ളം കുടിക്കാന്‍ കൊടുക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം കിട്ടുമെങ്കില്‍ അത് നല്ലതാണ്.
ഓ.ആര്.എസ് അടങ്ങിയ ലായനി, കരിക്കിന് വെള്ളം എന്നിവ നല്‍കുന്നത് നഷ്ടപ്പെട്ട ലവണങ്ങള്‍ തിരിച്ചു കിട്ടാന്‍ സഹായിക്കും.
അടുത്തുള്ള ആശുപത്രിയിലേക്ക് രോഗിയെ കൊണ്ടുപോവുക.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
11 മണിക്കും 3 മണിക്കും ഇടയില്‍ വെയില് കൊള്ളുന്നത് ഒഴിവാക്കുക.
പുറംപണി ചെയ്യുന്നവര്‍ ജോലിസമയം കൂടുതല്‍ രാവിലെയും വൈകുന്നേരമായും ക്രമീകരിക്കുന്നതാണ് ഉത്തമം.
വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്നവര്‍ ഇടയ്ക്കിടക്ക് തണലത്ത് പോയി വിശ്രമിക്കണം.
ദാഹമില്ലെങ്കില്‍ പോലും ഇടയ്ക്കിടക്ക് വെള്ളം കുടിച്ചു കൊണ്ടിരിക്കുക. നാം കുടിക്കുമ്പോഴൊക്കെ കുട്ടികള്‍ക്കും വെള്ളം കൊടുക്കാവുന്നതാണ്.
വെയിലത്ത് ഇറങ്ങേണ്ടി വന്നാല്‍ കുട ചൂടുക.
അയഞ്ഞ വസ്ത്രം ധരിക്കുക. ലൈറ്റ് നിറങ്ങള്‍ ഉപയോഗിക്കണം.
ബിയറും മദ്യവും കഴിച്ച് വെയിലത്ത് ഇറങ്ങി നടക്കരുത്. വെയിലത്തല്ലെങ്കിലും ഈ സമയം ഇവ ഒഴിവാക്കുന്നതാണ് നല്ലത്. ശരീരത്തില്‍ നിന്ന് അമിതമായി ജലം നഷ്ടപ്പെടുന്നതിന് കാരണമാകും.
വെയിലത്ത് കുട്ടികളെ കാറിനുള്ളില്‍ ഇരുത്തി ഒരിക്കലും ഷോപ്പിംഗിന് പോകരുത്.
11 മണിക്കും 3 മണിക്കും ഇടയില്‍ കഴിവതും വീടിനുള്ളില്‍/ കെട്ടിടങ്ങള്‍ക്കുള്ളില്‍ കഴിയുക. ജനാലകള്‍ വായു കടന്നു പോകാന്‍ കഴിയും വിധം തുറന്നിടുക.
You must be logged in to post a comment Login