കോഴിക്കോട്∙ മനുഷ്യാവകാശ പ്രവർത്തകരെന്ന വ്യാജേന എത്തി തട്ടിപ്പ് നടത്തുന്ന സംഘം പൊലീസ് നിരീക്ഷണത്തിൽ. മനുഷ്യാവകാശ കമ്മീഷനെന്ന പേരിൽ തെറ്റിദ്ധരിപ്പിച്ച് വൻ തട്ടിപ്പ് നടത്തിയ സംഘത്തിനെതിരെ പരാതികൾ വർധിക്കുന്ന സാഹചര്യത്തിലാണ് പൊലീസ് നടപടി. കോഴിക്കോട് ജില്ലയിൽ ഒരു ദിവസംകൊണ്ട് ലഭിച്ചത് 12 പരാതികൾ. കോഴിക്കോട് അനധികൃതമായി പ്രവർത്തിച്ച സ്ഥാപനം പൊലീസ് പൂട്ടിച്ചു.
‘പ്രശ്നം എന്തായാലും പരിഹാരം ഞങ്ങൾ നൽകും, കാരണം ഞങ്ങൾ ജനപക്ഷത്താണ്!’. കോഴിക്കോട്ടെ സ്ഥാപനത്തിലെത്തിയാൽ ഇങ്ങനെയുള്ള സന്ദേശമാണ് ആദ്യം പറയുക. ഇനി ഈ സന്ദേശത്തിന് കാരണം എന്താണന്നല്ലേ? പൊതുജനത്തിനു സർക്കാരിൽ നിന്നോ മറ്റെവിടുന്നെങ്കിലുമോ ലഭിക്കേണ്ടതായ ഏതു തരത്തിലുള്ള ആനുകൂല്യങ്ങളും ഞങ്ങൾ വഴി നേടിത്തരും ഇതാണ് ആ സന്ദേശത്തിന്റെ ഉള്ളടക്കം.
എരഞ്ഞിപ്പാലം മിനി ബൈപാസിലെ ഐ ട്രസ്റ്റ് ഹ്യൂമൻ റൈറ്റ്സ് ആൻഡ് വെൽഫെയർ എന്ന സ്ഥാപനത്തിൽ ഇത്തരത്തിൽ ഏത് പരാതിയും സ്വീകരിക്കും. പരാതി പരിഹരിക്കുന്നതിനു മുൻപേ കമ്മീഷന്റെ കാര്യം ആദ്യം പറയും. ശതമാനത്തിലാണ് കമ്മീഷൻ ആവശ്യപ്പെടുക. സർക്കാർ ഓഫിസുകളിൽ ഈ പരാതി തീർപ്പാക്കണമെങ്കിൽ വർഷങ്ങൾ കാത്തിരിക്കണം. ഞങ്ങൾ ഇടപെട്ട് വേഗത്തിൽ നടപടി ഉണ്ടാക്കും. ഇതാണ് ഇവർ നൽകുന്ന ഉറപ്പ്. അനധികൃതമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ പൊലീസ് കഴിഞ്ഞ ദിവസം പരിശോധന നടത്തി.
നിയമപരമായി പ്രവർത്തിക്കുന്ന സ്ഥാപനം എന്ന് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് ഇവർ പരാതി സ്വീകരിച്ചിരുന്നത്. ഇരുകക്ഷികളെയും വിളിച്ചുവരുത്തി പ്രശ്നം തീർപ്പാക്കി അന്യായമായി പണം വാങ്ങുന്നുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു പൊലീസ് പരിശോധന നടത്തിയത്. അന്യായമായി പണം വാങ്ങിയതിനും ആൾമാറാട്ടം നടത്തിയതിനും സ്ഥാപനം നടത്തിപ്പുകാർക്കെതിരെ കേസെടുത്തു.
കുന്നമംഗലം സ്വദേശികളാണ് സ്ഥാപനം നടത്തിപ്പുകാർ. ഇവിടെ നിന്ന് രേഖകൾ പിടിച്ചെടുത്തു. പണം നഷ്ടപ്പെട്ടവരുടെ മൊഴി എടുത്ത് തുടർനടപടി സ്വീകരിക്കുകയാണ് പൊലീസ്. മനുഷ്യാവകാശത്തിന്റെ പേരു പറഞ്ഞു വ്യാജമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്തി നടപടി എടുക്കുമെന്ന് സിറ്റി പൊലീസ് മേധാവി എ.വി. ജോർജ് പറഞ്ഞു.
∙ ഇടനിലക്കാരായി മനുഷ്യാവകാശ പ്രവർത്തകർ
മനുഷ്യാവകാശ പ്രവർത്തകരാണെന്ന വ്യാജേനയാണ് സംഘം പരാതികൾ സ്വീകരിക്കുന്നതും ഇടപെടുന്നതും. പൊലീസിന് പരാതി നൽകിയാൽ വർഷങ്ങളെടുക്കും തീർപ്പുണ്ടാകാൻ. കോടതി നടപടികൾ മറ്റു കാര്യങ്ങൾ എല്ലാം കഴിഞ്ഞു വരുമ്പോഴേക്കും കാലം കടന്നുപോകും. ഇതാണ് പരാതിക്കാർക്കു മുന്നിൽ വ്യാജ മനുഷ്യാവകാശ പ്രവർത്തകർ പറയുന്നത്. വേഗത്തിൽ പരാതി തീർപ്പു കിട്ടാനായി ഇവർക്ക് മുന്നിൽ പരാതിയും നൽകും. ചെറിയ ഒരു പൈസ കമ്മീഷനായി വാങ്ങും.
പിന്നീട് പരാതി ഏത് ഡിപ്പാർട്ട്മെന്റിനെതിരെയാണോ ലഭിച്ചത് ആ വിഭാഗത്തിലെ ഉയർന്ന ഉദ്യോഗസ്ഥരെ പോയി കണ്ടു അവരോട് തങ്ങൾ മനുഷ്യാവകാശ പ്രവർത്തകരാണെന്നും പരാതി നൽകിയിട്ട് നിങ്ങൾ വേണ്ട നടപടി സ്വീകരിച്ചില്ലെന്നുമുള്ള പരാതി മനുഷ്യാവകാശ കമ്മീഷന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങൾ വരുന്നതെന്ന് ഇവർ പറയും. ഇതോടെ ഉദ്യോഗസ്ഥർ വേഗത്തിൽ കാര്യങ്ങൾ നടപ്പിലാക്കും.
∙ കമ്മീഷൻ തങ്ങൾക്കല്ല, പാവപ്പെട്ടവർക്ക്
കൈപ്പറ്റുന്ന കമ്മീഷൻ തുക ഞങ്ങൾക്കല്ല, മറിച്ച് സഹായം ആവശ്യമുള്ള ഒട്ടേറെപ്പേരുണ്ട് അവർക്ക് നൽകാനാണ്. ഇങ്ങനെയുള്ള നുണക്കഥകൾ പറഞ്ഞാണ് പലരിൽനിന്നും പണം വാങ്ങുന്നത്. കടം വാങ്ങിയ തുക തിരിച്ചു നൽകാത്തവർക്ക് പണം വാങ്ങിക്കൊടുക്കുന്ന ഇടപാടിൽ വലിയ തുകയാണ് കമ്മീഷൻ ഇനത്തിൽ വാങ്ങുന്നത്. പഠിക്കാൻ കഴിവില്ലാത്തതും ആരോരും ഇല്ലാത്തവർക്കും ഈ തുക നൽകും. ആവശ്യപ്പെടുന്നത് മനുഷ്യാവകാശ പ്രവർത്തകരായതുകൊണ്ടുതന്നെ പരാതിക്കാർ പണവും നൽകും.
∙ മനുഷ്യാവകാശ കമ്മീഷൻ നേരിട്ട് ഇടപെട്ടു
മനുഷ്യാവകാശ പ്രവർത്തകരാണെന്ന വ്യാജേനെ ഒട്ടേറെപ്പേർ തട്ടിപ്പ് നടത്തുന്നുണ്ടെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ തന്നെ പരാതി നൽകി. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നായിരുന്നു പരാതിയിൽ. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് കോഴിക്കോട് പ്രവർത്തിക്കുന്ന സ്ഥാപനം കണ്ടെത്തിയത്. ഇവിടെ നിന്ന് രേഖകൾ പരിശോധിച്ച ശേഷം നടപടി സ്വീകിരിക്കും. മറ്റു ജില്ലകളിലും പല സ്ഥലങ്ങളിലും പരിശോധന നടത്തിയിട്ടുണ്ട്.
You must be logged in to post a comment Login