തിരുവനന്തപുരം: നടപടികൾ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി വാഹന രജിസ്ട്രേഷനടക്കം ആധാറുമായി ബന്ധിപ്പിക്കാനുള്ള സർക്കാർ തീരുമാനം അട്ടിമറിച്ചത് ഓൺലൈൻ സേവനങ്ങളിൽ കടുത്ത സുരക്ഷാ വെല്ലുവിളി ഉയർത്തുന്നു. ആധാറിന് പകരം ഫോൺ നമ്പർ ചേർത്ത് നടപടി പൂർത്തിയാക്കാൻ താൽക്കാലികമായി നൽകിയ അനുമതി സ്ഥിരപ്പെടുത്തിയ നിലയാണ് ഇപ്പോൾ. ഒ.ടി.പി ലഭിക്കുന്നത് യഥാർഥ ഉടമയുടെ ആധാർ ലിങ്ക് ചെയ്ത നമ്പറിലേക്ക് തന്നെയാകണമെന്ന ഉദ്ദേശ്യത്തോടെയാണ് വാഹനിൽ ആധാർ നിർബന്ധമാക്കിയിരുന്നത്.
ഉടമാവകാശ കൈമാറ്റമടക്കം എട്ടോളം സേവനങ്ങൾക്ക് പഴയ ആർ.സി ബുക്ക് ഹാജരാക്കേണ്ടതില്ലെന്നാണ് നിർദേശം. ഇതുമൂലം നടപടികൾ എളുപ്പമായെന്ന് തോന്നാമെങ്കിലും കാര്യങ്ങൾ സുരക്ഷിതമല്ലാതാവുകയാണ്. ഉടമയറിയാതെ ആർ.സി ബുക്ക് മറ്റൊരാളുടെ പേരിലേക്ക് മാറ്റാനാകുമെന്നതടക്കം തട്ടിപ്പിന്റെ വലിയ സാധ്യതകളാണ് പതിയിരിക്കുന്നത്. ആർ.സി.ബുക്ക് വെച്ച് വായ്പയെടുക്കലടക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ വിശേഷിച്ചും.
വാഹനിൽ രജിസ്റ്റർ ചെയ്ത നമ്പറിലേക്ക് വരുന്ന വൺ ടൈം പാസ്വേഡ് (ഒ.ടി.പി) നൽകിയാലാണ് ഒാൺലൈൻ സേവനങ്ങൾ പൂർത്തിയാക്കാനാവുക. ഇടനിലക്കാർ വഴിയാണ് അധികംപേരും സേവനങ്ങൾക്ക് സമീപിക്കുക.
സൗകര്യത്തിനായി പലപ്പോഴും വാഹന നമ്പറിനൊപ്പം നൽകുക ഇടനിലക്കാരന്റെയോ മറ്റോ ഫോൺ നമ്പറായിരിക്കും. അപേക്ഷിക്കുന്ന ഘട്ടത്തിൽ ഉടമയുടെ നമ്പറിലേക്കെത്തുന്ന ഒ.ടി.പി വീണ്ടും ഫോണിൽ വിളിച്ച് ചോദിക്കേണ്ടി വരുന്ന ബുദ്ധിമുട്ടൊഴിവാക്കുന്നതിനാണിത്.
സേവനങ്ങൾക്ക് ആർ.സി ബുക്കിന്റെ പകർപ്പും മറ്റു രേഖകളും ഇടനിലക്കാരനെ ഏൽപ്പിക്കുകയാണ് സാധാരണ രീതി. ഒറിജിനൽ ഹാജരാക്കേണ്ടതില്ലെന്നതിനാൽ പുറത്തുള്ളയാൾ എന്തു കൈകടത്തൽ നടത്തിയാലും ഉടമ അറിയില്ല. ആധാറുമായി ബന്ധിപ്പിച്ച വാഹനങ്ങളിൽ ഈ തട്ടിപ്പ് നടക്കില്ല. വാഹനവുമായി ബന്ധപ്പെട്ട എന്ത് നപടികളും ഉടമ അറിയാതെ പൂർത്തീകരിക്കാനാകില്ല.
പുതിയ വാഹനങ്ങൾക്കും ആധാറില്ല
ആർ.സി സംബന്ധിച്ച സേവനങ്ങൾക്ക് ആധാർ നിർബന്ധമാക്കിയത് സെക്കൻഡ് ഹാൻഡ് വാഹന വിൽപനക്കാരെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണ് ഓൺലൈനിൽ ആധാറിന് പകരം ഫോൺ നമ്പർ എന്ന സൗകര്യം താൽക്കാലികമായി ഏർപ്പെടുത്തിയത്. എന്നാൽ പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോഴും ആധാറിന് പകരം വാങ്ങുന്നത് ഫോൺ നമ്പറാണ്. സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ പുതുതായി വാങ്ങുന്നയാളിൽ നിന്ന് ആധാർ വാങ്ങുന്നില്ല.
You must be logged in to post a comment Login