തിരുവനന്തപുരം: ഈ സാമ്പത്തിക വർഷം 33 വില്ലേജ് ഓഫിസുകൾ കൂടി സ്മാർട്ടാക്കാൻ റവന്യു വകുപ്പിന്റെ തീരുമാനം. ഇതിന് പുറമേ 36 വില്ലേജ് ഓഫിസുകളുടെ അറ്റകുറ്റപ്പണിയും നിർവഹിക്കും. 36 എണ്ണത്തിന് ചുറ്റുമതിലും നിർമിക്കും. അഞ്ചു വർഷം കൊണ്ട് സംസ്ഥാനത്തെ മുഴുവൻ വില്ലേജ് ഓഫിസുകളും സ്മാർട്ടാക്കുകയാണ് റവന്യു വകുപ്പിന്റെ ലക്ഷ്യം. വില്ലേജ് ഓഫിസുകൾക്ക് ഒരു ഏകീകൃത നിർമാണ രൂപരേഖയും തയാറായി വരികയാണ്. റവന്യു വകുപ്പിന്റെ സേവനങ്ങൾ ഡിജിറ്റലാക്കി മാറ്റുന്ന നടപടികൾ 9ന് ആരംഭിച്ചിരുന്നു. സേവനങ്ങൾക്കൊപ്പം കെട്ടിടവും സ്മാർട് ആക്കുക എന്നതാണു ലക്ഷ്യം.
സ്മാർട് വില്ലേജ് ഓഫിസുകൾ നിർമിക്കാൻ 17.60 കോടി രൂപ, വില്ലേജ് ഓഫിസുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി നാലു കോടി രൂപ, റവന്യു ഓഫിസുകളുടെ നവീകരണത്തിനായി 14.40 കോടി രൂപ എന്നിങ്ങനെയുള്ള പദ്ധതികൾക്കു കഴിഞ്ഞ ജൂലൈയിൽ ഭരണാനുമതി നൽകിയിരുന്നു. സ്മാർട്ടാക്കാൻ 40 വില്ലേജുകളുടെയും ചുറ്റുമതിൽ നിർമാണത്തിനും അറ്റകുറ്റപ്പണിക്കുമായി 40 വീതം വില്ലേജ് ഓഫിസുകളുടെയും പട്ടികയാണ് ലാൻഡ് റവന്യു കമ്മിഷണർ കഴിഞ്ഞ ഏപ്രിലിൽ റവന്യു വകുപ്പിനു സമർപ്പിച്ചത്. ഇതിൽ നിന്ന് വകുപ്പ് തിരഞ്ഞെടുത്തതാണ് 105 ഓഫിസുകൾ.
സ്മാർട് ആവുന്ന വില്ലേജുകൾ ജില്ല തിരിച്ച് ഇനി പറയുന്നു.
തിരുവനന്തപുരം: വട്ടപ്പാറ, നെയ്യാറ്റിൻകര, മേൽതോന്നയക്കൽ. കൊല്ലം: പനയം, ശൂരനാട് സൗത്ത്, ഇടമുളയ്ക്കൽ, ഇളമ്പള്ളൂർ, ചടയമംഗലം. പത്തനംതിട്ട: കുന്നംന്താനം, കടമ്പനാട്. ആലപ്പുഴ: മുട്ടാർ, കായംകുളം, തെക്കുംകര നോർത്ത്. കോട്ടയം: കൂരോപ്പട. എറണാകുളം: അറക്കപ്പടി, കുന്നുകര, വടക്കേക്കര. തൃശൂർ: ഇരിങ്ങാലക്കുട, ഇഞ്ചമുടി, മാന്ദാമംഗലം, വടക്കുംകര. പാലക്കാട്: ചാലിശ്ശേരി, ഷൊർണൂർ–1. കോഴിക്കോട്: കസബ, ഉള്ള്യേരി, കടലുണ്ടി, ഇരിങ്ങൽ, മരുതോങ്കര. കണ്ണൂർ: ചിറയ്ക്കൽ, മൊറാഴ, പാതിരിയാട്. കാസർകോട്: പാടി, കയ്യൂർ.
അറ്റകുറ്റപ്പണി നടത്തുന്ന വില്ലേജുകൾ: തിരുവനന്തപുരം: വെയിലൂർ, അയിരൂപ്പാറ, പെരുംകുളം, കടയ്ക്കാവൂർ (കിണർ നിർമാണം), ആലംകോട് (കിണർ നിർമാണം), വാഴിച്ചൽ (വാട്ടർ കണക്‌ഷനും വാഹന പാർക്കിങ്ങും). കൊല്ലം: തൃക്കോവിൽവട്ടം. പത്തനംതിട്ട: അരുവാപ്പുലം, മെഴുവേലി, ഏറത്ത്. ആലപ്പുഴ: വയലാർ കിഴക്ക്. കോട്ടയം: കൈപ്പുഴ, വൈക്കം. എറണാകുളം: വടക്കുംഭാഗം (ഗ്രൂപ്പ്), ആമ്പല്ലൂർ ഗ്രൂപ്പ്, കടവൂർ. തൃശൂർ: അരണാട്ടുകര/പുല്ലഴി, പുത്തൂർ, കൈനൂർ, പുള്ള്, അയ്യന്തോൾ/പൂങ്കുന്നം, തോളൂർ/ചാലയ്ക്കൽ. പാലക്കാട്: കണ്ണാടി–1. മലപ്പുറം: കുഴിമണ്ണ, വട്ടംകുളം, ഒതുക്കുങ്ങൽ, കാളിക്കാവ്. കോഴിക്കോട്: ചെറുവണ്ണൂർ, എലത്തൂർ, കക്കാട്, കട്ടിപ്പാറ. കണ്ണൂർ: പട്ടുവം, കൊളവല്ലൂർ. കാസർകോട്: ഭീമനടി, ബേദഡുക്ക, അമ്പലത്തറ.
ചുറ്റുമതിൽ നിർമാണം നടത്തുന്ന വില്ലേജുകൾ: പത്തനംതിട്ട: അത്തിക്കയം. കോട്ടയം: ഭരണങ്ങാനം, കൊണ്ടൂർ. ഇടുക്കി: ആനവിലാസം, ചക്കുപള്ള. എറണാകുളം: ഇളംകുന്നം, മുളവുകാട്, വാരപ്പെട്ടി, വാഴക്കുളം. തൃശൂർ: മറ്റത്തൂർ, കിഴക്കേമുറി/മുരിങ്ങൂർ തെക്കുംമുറി, പടിയൂർ, പുത്തൻചിറ, എറിയാട്, കാരമുക്ക്, ആറാട്ടുപുഴ, മരത്താക്കര. പാലക്കാട്: പൊറ്റിശ്ശേരി–1, എലപ്പുള്ളി–2, പട്ടിത്തറ, തത്തമംഗലം, വല്ലപ്പുഴ, തേങ്കുറിശ്ശി–1. മലപ്പുറം: കീഴുപറമ്പ്. കോഴിക്കോട്: ചേളന്നൂർ, കച്ചേരി, കുമാരനല്ലൂർ, മടവൂർ, തിനൂർ. കണ്ണൂർ: ചെറുതാഴം, പെരളം, പന്നിയൂർ, കേളകം, കടമ്പൂർ. കാസർകോട്: ചീമേനി, ഷേണി.
You must be logged in to post a comment Login