തിരുവനന്തപുരം: കേന്ദ്ര പരിസ്ഥിതി-വന-കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെയും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ അഖിലേന്ത്യാ തലത്തിൽ ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി വിദ്യാർത്ഥികൾക്കായി ഓൺലൈൻ ഉപന്യാസ രചനാ മത്സരം സംഘടിപ്പിക്കുന്നു. സുസ്ഥിരതയിലൂടെയും പുന:ചംക്രമണത്തിലൂടെയും പ്ലാസ്റ്റിക് മാലിന്യമില്ലാത്ത ഭാവികാലം (A Future without Plastic Waste – through Sustainability and Circularity) എന്നതാണു മുഖ്യ വിഷയം. ജില്ലയിലെ സ്റ്റേറ്റ്, സി.ബി. എസ്.ഇ., ഐ.എസ്.സി., ഐ.സി.എസ്.സി. വിദ്യാർഥികൾക്കു പങ്കെടുക്കാം. നവോദയ-കേന്ദ്രീയ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള മത്സരം ദേശീയ തലത്തിൽ നടത്തും. ഇംഗ്ലീഷ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിൽ രചനകൾ സമർപ്പിക്കാം. ഹയർസെക്കണ്ടറി വിഭാഗത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് 2021 മാർച്ച് 31 ന് 18 വയസ്സ് കവിയരുത്.
ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള ഉപന്യാസ രചനാ വിഷയങ്ങൾ; പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തിലെ ലഘൂകരണ-പുനരുപയോഗ-പുന:ചംക്രമണ തത്വങ്ങൾ (Principles of Reduce, Reuse, Recycle in Plastic Waste Management), പ്ലാസ്റ്റിക് മാലിന്യരഹിത സ്‌കൂൾ പരിപാടികൾക്കുള്ള നൂതന ആശയങ്ങൾ (Innovative Ideas for Zero Plastic Waste School Events),ബദൽ ഉൽപന്നങ്ങളിലൂടെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ആഘാതം കുറയ്ക്കൽ (Reducing the Impacts of Single Use Plastic Products through Alternative Products).
ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായുള്ള ഉപന്യാസ രചനാ വിഷയങ്ങൾ; പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് പുനഃചംക്രമണ മിതവ്യയം സൃഷ്ടിക്കുന്നതിൽ പൗരന്മാരുടെ പങ്ക് (Creating a Circular Economy for Plastic Waste – Role of Citizens),ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കുന്നതിൽ യുവതയുടെ പങ്ക് (Reducing Single Use Plastic Pollution: Role of Youth),നവീകരണത്തിലൂടെയും സർഗ്ഗാത്മകതയിലൂടെയും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് മുഖ്യധാരാ ബദലുകൾ (Mainstreaming Alternatives to Single Use Plastic Products through Innovation and Creativity).
വിദ്യാർത്ഥികൾ അതത് സ്‌കൂൾ മുഖേന രചനകൾ സമർപ്പിക്കണം. ഒരു വിദ്യാർത്ഥി സ്വന്തമായി തയാറാക്കിയ ഒരു രചന മാത്രം അയക്കണം. മറ്റുള്ളവരുടെ കൃതികളിൽ നിന്നോ ഓൺലൈൻ രചനകളിൽ നിന്നോ ആശയങ്ങളും വാക്കുകളും പകർത്തരുത്. രചനകൾ 500-800 വാക്കുകളിൽ കവിയരുത്.അത് വായിക്കാവുന്ന ഫോണ്ടിൽ പിഡിഎഫ് ഫോർമാറ്റിലായിരിക്കണം.ഇംഗ്ലീഷ് ഫോണ്ട് സൈസ് 12, ഹിന്ദി-മലയാളത്തിന്റെ ഫോണ്ട് സൈസ് 14, വരികളുടെ അകലം 1.5.സ്‌കൂളുകൾ ഇരു വിഭാഗങ്ങളിലെ മൂന്നു ഭാഷകളിലെയും മികച്ച മൂന്ന് രചനകൾ ബന്ധപ്പെട്ട വിദ്യാഭ്യാസ ജില്ലാ ഓഫീസിന് സമർപ്പിക്കണം.
ജില്ലാ-സംസ്ഥാന-ദേശീയ തലങ്ങളിൽ മൂല്യനിർണ്ണയം നടത്തും. മുഖ്യ വിഷയം – വാക്യബന്ധം, ഘടനയിലും സർഗ്ഗാത്മകതയിലുമുള്ള പുതുമ, ഭാഷാ ആവിഷ്‌ക്കാരത്തിലും ശൈലിയിലുമുള്ള വ്യക്തത എന്നിവ അടിസ്ഥാനമാക്കിയാണ് മൂല്യനിർണ്ണയം.രണ്ട് വിഭാഗങ്ങളിലെയും ആദ്യ മൂന്ന് സ്ഥാനക്കാർക്ക് മൂന്നു തലങ്ങളിലും സമ്മാനങ്ങൾ നൽകും.രചനകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 5.
You must be logged in to post a comment Login