ഇരിട്ടി: അനന്തമായ വിനോദസഞ്ചാരസാധ്യത തേടുകയാണ്. പഴശ്ശിപദ്ധതി പ്രദേശത്തെ അകംതുരുത്ത് ദ്വീപ്. ഇന്ന് തീർത്തും അനാഥമാണ് പ്രദേശം. വേനൽക്കാലത്ത് കുടിവെള്ളത്തിനായി പഴശ്ശിയുടെ ഷട്ടർ അടച്ചാൽ നാലുഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന സ്ഥലമാണിത്. ദ്വീപിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്താനുള്ള പദ്ധതികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
ഇരിട്ടി നഗരത്തിൽനിന്ന് രണ്ടുകിലോമീറ്റർ അകലെ ഇരിട്ടി-എടക്കാനം-പഴശ്ശി പദ്ധതി റോഡിൽ വള്ളിയാടിനും പെരുവംപറമ്പിനും ഇടയിൽ വളപട്ടണം പുഴയുടെ ഭാഗമായ ബാവലിപ്പുഴയിലാണ് അകംതുരുത്ത് ദ്വീപ്. പഴശ്ശി ജലസേചനവകുപ്പിന് കീഴിൽ പദ്ധതിക്കായി ഏറ്റെടുത്ത പതിനഞ്ചേക്കറോളം വരുന്ന ഭൂമി ജൈവവൈവിധ്യങ്ങളാൽ സമ്പുഷ്ടമാണ്. സസ്യസമ്പത്തിനൊപ്പം ദേശാടനക്കിളികളടക്കമുള്ളവയുടെ ആവാസകേന്ദ്രം കൂടിയാണ്.
ഇരിട്ടി വള്ളിയാട് സ്വദേശിയായ കേളോത്ത് ചോഴൻ കൃഷ്ണക്കുറുപ്പിന്റെ കുടുംബ സ്വത്തായിരുന്നു അകംതുരുത്ത്. മികച്ച കർഷകനായ കൃഷ്ണക്കുറുപ്പ് തെങ്ങും കവുങ്ങും കുരുമുളകും മറ്റും വിളയിച്ചെടുത്ത ഭൂമി. നാൽപ്പതോളം ഏക്കർ വരുന്ന ഭൂമിയുടെ മധ്യഭാഗത്തായി കൂറ്റൻ കരിങ്കൽപ്പാറകൾ നിലനിന്നിരുന്നു. 1933-ൽ ബ്രിട്ടീഷുകാർ ഇന്നത്തെ ഇരിട്ടിപാലത്തിന്റെ കരിങ്കൽത്തൂണുകളുടെ നിർമാണത്തിനായി ഈ പാറകളാണ് ഉപയോഗിച്ചത്.
പാറകൾ പൊട്ടിച്ചുനീക്കിയതോടെ ഇവിടെ വലിയ കുഴി രൂപപ്പെടുകയും കാലവർഷത്തിൽ വെള്ളത്തിന്റെ കുത്തൊഴുക്കിൽ പുഴ ഗതിമാറിയൊഴുകുകയും ചെയ്തു. ഇതോടെ ഈ ഭൂപ്രദേശം ദ്വീപായി മാറി.
പഴശ്ശിപദ്ധതി വന്നതോടെ പദ്ധതിക്കായി അകംതുരുത്ത് ഏറ്റെടുത്തു. നൂറുകണക്കിന് തെങ്ങിൻതോപ്പുകൾ ഉള്ള പ്രദേശം പത്തുവർഷം മുൻപുവരെ പഴശ്ശി ജലസേചനവിഭാഗത്തിന് നല്ലൊരു വരുമാനമേഖലകൂടിയായിരുന്നു. മൂന്നും നാലും മാസം കൂടുമ്പോൾ പതിനായിരത്തിലധികം തേങ്ങ വിളഞ്ഞ ജലസമൃദ്ധവും ജൈവസമൃദ്ധവുമായ പ്രദേശം. ആരും ശ്രദ്ധിക്കാതായതോടെ ഇന്ന് തെങ്ങുകളെല്ലാം നശിച്ചു. കൂറ്റൻ മരങ്ങൾ ഇടതൂർന്നു നില്ക്കുന്ന പ്രദേശം ആയിരക്കണക്കിന് വവ്വാലുകൾക്കും മറ്റ് പക്ഷി-ജീവജാലങ്ങൾക്കും സുരക്ഷിതതാവളമാണ്.
പേരാവൂരിന്റെ ആദ്യ എം.എൽ.എ. കെ.പി.നൂറുദീൻ വനംമന്ത്രിയായിരുന്നപ്പോൾ ഇവിടെ ഇക്കോടൂറിസം പദ്ധതി കൊണ്ടുവരുന്നതിനായി സജീവമായി പ്രവർത്തനം തുടങ്ങിയിരുന്നു. പിന്നീട് കെ.കെ.ശൈലജ എം.എൽ.എ.യായപ്പോഴും പദ്ധതി പരിഗണനയിലുണ്ടായിരുന്നെങ്കിലും ഇതുവരെ ഫലം കണ്ടില്ല. ദ്വീപിനെ ടൂറിസം ഭൂപടത്തിൽ എത്തിക്കുന്നതിനുള്ള നടപടികൾ ഹരിതകേരളമിഷനും രണ്ടുവർഷം മുൻപ് തുടങ്ങിവെച്ചെങ്കിലും പിന്നീട് ഒന്നും ഉണ്ടായില്ല.
പച്ചപ്പും കുളിരും നഷ്ടപ്പെടാതെ ദ്വീപിനെ പുറംലോകത്തിന് തനതുരീതിയിൽ പരിചയപ്പെടുത്താനുള്ള പദ്ധതിയാണ് ഹരിതകേരളമിഷന്റെ ആലോചനയിലുണ്ടായിരുന്നത്. ഹരിതകേരളമിഷൻ, പഴശ്ശി ജലസേചനവിഭാഗം, പായം പഞ്ചായത്ത് എന്നിവ ചേർന്ന് ‘പോകാം പച്ചത്തുരുത്തിലേക്ക്’ എന്ന സന്ദേശമുയർത്തിയാണ് ടൂറിസം സാധ്യതകൾ പരിഗണിച്ചത്.
ദ്വീപിന് ചുറ്റുമുള്ള പച്ചമുളക്കൂട്ടങ്ങളും വടവൃക്ഷങ്ങളും അപൂർവയിനം സസ്യസമ്പത്തും സംരക്ഷിച്ച് പ്രകൃതിക്ക് കോട്ടം തട്ടാത്തവിധത്തിൽ ദ്വീപിലേക്ക് നടപ്പാലം ഒരുക്കി പ്രകൃതി നിരീക്ഷകർക്കും വിദ്യാർഥികൾക്കും പഠനത്തിനും കാഴ്ചയ്ക്കുമുള്ള സാധ്യതകളാണ് പരിഗണിച്ചിരുന്നത്. വനംവകുപ്പിനുകീഴിൽ കോടികൾ മുടക്കി നിർമിച്ച വള്ള്യാട്ടെ സഞ്ജീവനി ഔഷധത്തോട്ടപാർക്കും ഗാന്ധിപാർക്കുമെല്ലാം ഇതോടൊപ്പം വികസിപ്പിക്കാനും നടപടിയുണ്ടാകണം.
You must be logged in to post a comment Login