കണ്ണൂർ: വ്യവസായ പാർക്കും മെഡിസിറ്റിയും ഉൾപ്പെടെ വ്യവസായ ഭൂപടത്തിൽ തലയുയർത്തി നിൽക്കാൻ കണ്ണൂരിൽ വൻ പദ്ധതികൾ വരുന്നു. അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സാധ്യതകളെല്ലാം ഉപയോഗിച്ച് വ്യവസായ – തൊഴിൽ സംരംഭങ്ങളുടെ വൻസാധ്യതകളിലേക്ക് കുതിക്കാൻ ഒരുങ്ങുകയാണ് കണ്ണൂർ. സ്ഥലമേറ്റെടുക്കൽ നടപടികൾ കിൻഫ്ര ദ്രുതഗതിയിൽ പൂർത്തിയാക്കി മലബാറിന്റെ വ്യവസായ തലസ്ഥാനമാകാനൊരുങ്ങുകയാണ് ജില്ല.
വ്യവസായ ഇടനാഴി
മംഗളൂരു – കൊച്ചി വ്യവസായ ഇടനാഴിക്കായി നിശ്ചയിച്ച ഭൂമിയുടെ ഭൂരിഭാഗവും കിൻഫ്ര കണ്ടെത്തി. ജില്ലയിൽ 5000 ഏക്കറാണ് ഏറ്റെടുക്കാൻ നിശ്ചയിച്ചത്. ഇതിനായി 12000 കോടി രൂപ എൽ.ഡി.എഫ്. സർക്കാർ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. മട്ടന്നൂർ മണ്ഡലത്തിലെ പട്ടാന്നൂർ, കീഴല്ലൂർ, കൂടാളി, കോളാരി ധർമടം മണ്ഡലത്തിലെ പിണറായി, അഞ്ചരക്കണ്ടി, പടുവിലായി, കൂത്തുപറമ്പിലെ ചെറുവാഞ്ചേരി, പുത്തൂർ, മൊകേരി, ഇരിക്കൂറിലെ പടിയൂർ, കല്യാട്, പേരാവൂരിലെ ചാവശേരി വില്ലേജുകളിലാണ് 4896.30 ഏക്കർ കിൻഫ്ര കണ്ടെത്തിയത്.
കീഴല്ലൂരും കൂടാളിയിലും വൻ സംരംഭങ്ങൾ
വിമാനത്താവളം സ്ഥിതി ചെയ്യുന്ന കീഴല്ലൂരിലും തൊട്ടടുത്ത പഞ്ചായത്തായ കൂടാളിയിലും ബൃഹദ് പദ്ധതികളാണ് വരിക. ഇരു പഞ്ചായത്തുകളിലുമായി വ്യാപിച്ചുകിടക്കുന്ന ഭൂമിയാണ് കിൻഫ്ര കണ്ടെത്തിയത്. ജനവാസ കേന്ദ്രമല്ലാത്തതിനാൽ സ്ഥലം ഏറ്റെടുക്കൽ വേഗത്തിൽ പൂർത്തിയാക്കാനാകും. ഇതിനായുള്ള നടപടി കിൻഫ്ര ആരംഭിച്ചു.
സംരംഭങ്ങളും
തൊഴിലവസരവും
അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി പുത്തൻ സംരംഭങ്ങൾക്കാണ് പദ്ധതിയിടുന്നത്. ജില്ലയുടെ പരമ്പരാഗത ഉൽപന്നങ്ങൾക്കും കൈത്തറി ഉത്പന്നങ്ങൾക്കും പുറമെ വിനോദ സഞ്ചാര മേഖലയ്‌ക്കുകൂടി സംരംഭങ്ങൾ പുത്തൻ ഉണർവേകും. കയറ്റുമതി- ഇറക്കുമതി ലക്ഷ്യമിട്ടുള്ള ആധുനിക വ്യവസായശാലകൾ ഇവിടേക്ക് എത്തുന്നതോടെ ധാരാളം തൊഴിലവസരങ്ങൾകൂടി തുറന്നിടും. വെള്ളിയാംപറമ്പിലെ വ്യവസായ പാർക്ക് നിർമാണം പൂർത്തിയാകുന്നതോടെ വൻകിട, ചെറുകിട- ഇടത്തരം സംരംഭങ്ങൾക്ക് സ്ഥലം പാട്ടത്തിന് നൽകാനാകും.
വെള്ളിയാംപറമ്പിൽ
വ്യവസായ പാർക്ക്
വെള്ളിയാംപറമ്പിൽ വ്യവസായ പാർക്കിന് 128 ഏക്കർ ഭൂമി ഏറ്റെടുത്തു. ഇതിനോട് ചേർന്നുള്ള 53.90 ഏക്കർ ഭൂമി ഏറ്റെടുക്കൽ അന്തിമഘട്ടത്തിലാണ്. വില നിർണയ നടപടി പുരോഗമിക്കുന്നു. എടയന്നൂർ, തെരൂർ, കുന്നോത്ത്, കൊടോളിപ്രം പ്രദേശങ്ങളിൽ 313.81 ഏക്കർ ഏറ്റെടുക്കുന്നതിന് സാമൂഹ്യാഘാതപഠനം പൂർത്തിയായി. മുട്ടന്നൂർ, നായാട്ടുപാറ, കോവൂർ, ചോല, പട്ടാന്നൂർ പ്രദേശങ്ങളിൽ 1030 ഏക്കർ ഏറ്റെടുക്കുന്നതിന് വെള്ളിയാഴ്ചയാണ് ഉത്തരവിറങ്ങിയത്.
മെഡിസിറ്റിയും
യാഥാർഥ്യത്തിലേക്ക്
കണ്ണൂരിൽ മെഡിസിറ്റി യാഥാർഥ്യമാക്കുന്നതിന് സ്ഥലമേറ്റെടുപ്പ് നടപടികൾ കിൻഫ്ര ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം നടപടികൾ വേഗത്തിലാക്കാൻ കിൻഫ്രയ്ക്ക് നിർദേശം നൽകി. വിവിധ സ്ഥലങ്ങളിലായി ഔഷധ പാർക്ക്, ഫുഡ് പാർക്ക്, റബർ പാർക്ക്, പ്ലാസ്റ്റിക് പാർക്ക്, കോൾഡ് സ്റ്റോറേജ് തുടങ്ങിയ വൻസംരംഭങ്ങളും തുടങ്ങും.
അടിസ്ഥാന സൗകര്യമില്ലാത്തതിനാൽ വ്യവസായം ആരംഭിക്കാനാവില്ലെന്ന പരാതിക്ക് പരിഹാരമായാണ് സംരംഭകർക്ക് സ്ഥലവും വെള്ളവും വൈദ്യുതിയും ഒരുക്കി നൽകാൻ എൽഡിഎഫ് സർക്കാർ കിൻഫ്രയെ ചുമതലപ്പെടുത്തിയത്. വ്യവസായ, അനുബന്ധ സംരംഭങ്ങൾ തുറക്കപ്പെടുന്നതോടെ സാങ്കേതിക പരിജ്ഞാനമുള്ളവർ ഉൾപ്പെടെ ആയിരങ്ങൾക്ക് തൊഴിൽ ലഭ്യമാകും.
You must be logged in to post a comment Login