തലശ്ശേരി: പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ അതിസമ്പന്നനായ വ്യാപാര പ്രമുഖൻ ഷറാറ ഗ്രൂപ്പ് ഉടമ തലശ്ശേരി ഗുഡ് ഷെഡ് റോഡിലെ ഷറാറ ബംഗ്ലാവിൽ ഉച്ചുമ്മൽ കുറുവാൻകണ്ടി ഷറഫുദ്ദീന് (68) തലശ്ശേരി ജനറൽ ആശുപത്രിയിലും പരിയാരം മെഡിക്കൽ കോളേജിലും സുഖവാസം. പോക്സോ കേസിലെ പ്രതിക്ക് ലഭിച്ച സുഖ സൗകര്യങ്ങളെക്കുറിച്ച് പോലീസിലെ രഹസ്യാന്വേഷണ വിഭാഗം വിശദമായ അന്വേഷണം ആരംഭിച്ചു. പ്രതിയുടെ ആരോഗ്യ നില മോശമാണെന്ന് വരുത്തി തീർത്ത് ജാമ്യം നേടാൻ ഗൂഢനീക്കം നടക്കുന്നതായും റിപ്പോർട്ട്.
“ബുദ്ധിമുട്ടിക്കരുത്, ജയിലിൽ അയക്കാതെ നോക്കണം…വേണ്ടത് ചെയ്യണം.. വേണ്ടപ്പെട്ടയാളാണ്..’ ഉന്നതന്റെ ഈ ഫോൺ കോളിനെ തുടർന്നാണ് പോക്സോ കേസിലെ പ്രതിക്ക് രണ്ട് ആശുപത്രികളിലും “സുഖവാസം’ ഒരുങ്ങിയതെന്നാണ് സൂചന. ഉന്നതൻ സ്വന്തം ഫോണിൽ നിന്നും വിളിക്കാതെ മറ്റൊരു ഫോൺ മുഖാന്തിരം രണ്ട് ആശുപത്രികളിലേയും അടുപ്പക്കാരെ വിളിച്ച് പ്രതിക്ക് സൗകര്യങ്ങൾ ഒരുക്കാൻ നിർദ്ദേശം നൽകുകയായിരുന്നു.
ഇതേതുടർന്ന് ജനറൽ ആശുപത്രിയിൽ നിന്നും പ്രതിയെ ആദ്യം റഫർ ചെയ്തത് കണ്ണൂരിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്കായിരുന്നു. എന്നാൽ പോലീസ് എതിർപ്പ് പ്രകടിപ്പിക്കുകയും ഡോക്ടർക്കെതിരെ റിപ്പോർട്ട് നൽകുമെന്ന് വ്യക്തമാക്കുകയും ചെയ്തതോടെയാണ് ഷറഫുവിനെ പരിയാരത്തേക്ക് റഫർ ചെയ്തത്. പരിശോധനകളുടെ പേരിൽ രണ്ടാം ദിവസം പ്രതി പരിയാരത്ത് തുടരുന്നത് വിവാദമാകുകയാണ്.
തിങ്കളാഴ്ച ഉച്ചക്ക് ധർമടം സി.ഐ. അബ്ദുൾ കരീം അറസ്റ്റ് ചെയ്ത ഷറഫുദ്ദീനെ വൈദ്യപരിശോധനയ്ക്കായി ജനറൽ ആശുപത്രിയിലെത്തിച്ചപ്പോൾ ഏഴ് മണിക്കൂറാണ് അത്യാഹിത വിഭാഗത്തിൽ കിടത്തിയത്. ഈ സമയമത്രയും മക്കളുൾപ്പെടെയുള്ള ബന്ധുക്കൾ പ്രതിക്കൊപ്പം അത്യാഹിത വിഭാഗത്തിൽ കഴിഞ്ഞു. സാധാരണ ഗുരുതരമായ കേസുകളിൽ പോലീസ് അറസ്റ്റ് ചെയ്യുന്ന പ്രതികൾക്ക് ബന്ധുക്കളെ കാണണമെങ്കിൽ കടമ്പകൾ ഏറെ കടക്കണം. അതുപോലെ ആശുപത്രിയിലെ പരിശോധനയും മിനിറ്റുകൾക്കകം നടക്കാറുണ്ട്.
എന്നാൽ, പോക്സോ കേസിലെ പ്രതിയായ സമ്പന്നന് തലശേരി ജനറൽ ആശുപത്രിയിലും പരിയാരത്തും ഒരുങ്ങിയത് സമാനതകളില്ലാത്ത സൗകര്യങ്ങളാണ്. പ്രതിക്ക് ആശുപത്രിയിൽ ലഭിച്ച നിയമ വിരുദ്ധമായ സൗകര്യങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്ന് തലശേരി പോലീസ് അസി. കമ്മീഷണർ വി.സുരേഷും ജനറൽ ആശുപത്രി സൂപ്രണ്ട് ആശാദേവിയും പറഞ്ഞു. കതിരൂർ, ധർമ്മടം പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള രണ്ട് കേസുകളിലും പോലീസ് അന്വേഷണം ഊർജിതമാക്കി.
ഇതിനിടെ ഷറാറ ഷറഫുദ്ദീൻ ജില്ലാ സെഷൻസ് കോടതിയിൽ (അതിവേഗ കോടതി -ഒന്ന്) ജാമ്യഹർജി ഫയൽ ചെയ്തു. താൻ ദീനി പ്രവർത്തകനാണെന്നും, ബോധപൂർവ്വം കള്ളക്കേസിൽ കുടുക്കിയതാണെന്നും, ജാമ്യം അനുവദിക്കണമെന്നും തലശ്ശേരി പ്രമുഖ ക്രിമിനൽ അഭിഭാഷകൻ മുഖാന്തിരം സമർപ്പിച്ച ജാമ്യഹർജിയിൽ പറഞ്ഞു.
കതിരൂർ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്ത കേസിലെ മറ്റൊരു പ്രതിയെ ധർമ്മടം പോലീസ് കസ്റ്റഡിയിൽ വാങ്ങും. കുട്ടിയുടെ ഇളയമ്മയുടെ ഭർത്താവിനെയാണ് കതിരൂർ സി.ഐ. സിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്. ഇയാളെ കസ്റ്റഡിയിൽ വാങ്ങി വിശദമായ അന്വേഷണം നടത്തുമെന്ന് ധർമ്മടം പോലീസ് പറഞ്ഞു.
കഴിഞ്ഞ മാർച്ച് 25-നാണ് കേസിനാസ്പദമായ സംഭവം. കതിരൂർ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയും ഭാര്യയും ചേർന്ന് പെൺകുട്ടിയെ ധർമ്മടത്തെ വീട്ടിൽ നിന്ന് ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടു വരികയായിരുന്നു. ഇളയമ്മക്ക് പല്ല് വേദനയാണെന്നും ഡോക്ടറെ കാണിക്കാൻ കൂടെ വരണമെന്നും പറഞ്ഞാണ് പ്രതികൾ പെൺകുട്ടിയെ സൂത്രത്തിൽ ഓട്ടോറിക്ഷയിൽ കയറ്റിയത്. തുടർന്ന് ഇവർ കുയ്യാലിയിലെ ഷറഫുദ്ദീൻ്റെ വീട്ടിൽ എത്തിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
You must be logged in to post a comment Login