തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് പുതുക്കുന്നതിനും വിലാസം മാറുന്നതിനുമുള്ള അപേക്ഷകൾ ഇനി പൂർണമായും ഓൺലൈനിൽ. അപേക്ഷകൾ മുൻഗണനാക്രമത്തിൽ മാത്രം പരിഗണിക്കാനുള്ള ‘ഫയൽ ക്യൂ മാനേജ്മെൻറ്’ സംവിധാനം മോട്ടോർ വാഹന വകുപ്പിൽ നടപ്പാക്കി. ഇടനിലക്കാരുടെ ഇടപെടലോ മറ്റ് സ്വാധീനങ്ങളോ ഇല്ലാതെ ആദ്യം അപേക്ഷിച്ചവർക്ക് ആദ്യ പരിഗണന എന്നതാണ് പുതിയ സംവിധാനത്തിൻ്റെ പ്രത്യേകത. ആദ്യമെത്തിയ അപേക്ഷ തീർപ്പാക്കിയശേഷമേ ഉദ്യോഗസ്ഥർക്ക് അടുത്തതിലേക്ക് കടക്കാനാവൂ. സീനിയോറിറ്റി മറികടക്കാൻ സാധ്യമല്ലാത്ത വിധം എഫ്.സി.എഫ്.എസ്. (First come first serve) സർവീസ് ഏർപ്പെടുത്തുന്ന ഇന്ത്യയിലെ തന്നെ ആദ്യ സംസ്ഥാനമായി ഇതോടെ കേരളം മാറുമെന്നും എം.വി.ഡി അധികൃതർ പറയുന്നു.
ഒന്നുകിൽ അനുവദിക്കണം, അല്ലെങ്കിൽ കാരണം ചൂണ്ടിക്കാട്ടി നിരസിക്കണം, ഇതല്ലാതെ അടുത്ത അപേക്ഷയിലേക്ക് പോകാൻ ഉദ്യോഗസ്ഥനാകില്ല. ഒരേസമയം ഒരു അപേക്ഷയേ ഉദ്യോഗസ്ഥന് കാണാനുമാകൂ. മറ്റ് അപേക്ഷകൾ ഒരേ ഉദ്യോഗസ്ഥന് കാണാനുമാകില്ല. ഏതെങ്കിലും ഉദ്യോഗസ്ഥരുടെ താൽപര്യപ്രകാരം അപേക്ഷ അകാരണമായി മാറ്റിവെക്കാനോ, വഴിവിട്ട പരിഗണന നൽകാനോ ഇനി കഴിയില്ല. സ്വീകരിച്ച നടപടി അപ്പോൾതന്നെ മൊബൈൽ ഫോണിൽ സന്ദേശമായി എത്തുന്നതിനാൽ നടപടികൾ പൂർണമായും സുതാര്യമാകുമെന്നാണ് വിലയിരുത്തൽ.
parivahan.gov.in എന്ന വെബ്സൈറ്റ് മുഖാന്തിരം സമർപ്പിക്കുന്ന, അപേക്ഷകൻ നേരിട്ട് ഹാജരാകേണ്ടാത്ത ഓൺലൈൻ സർവീസുകളാണ് ഈ തരത്തിലേക്ക് മാറുന്നത്. നിലവിലുള്ള ലൈസൻസും മെഡിക്കൽ സർട്ടിഫിക്കറ്റും അടക്കമുള്ള രേഖകൾ ഒറിജിനൽ തന്നെ അപ്‌ലോഡ് ചെയ്യണം. മേൽവിലാസമടക്കമുള്ളവയുടെ ഒറിജിനലൊ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പൊ ആണ് ഓൺലൈനിൽ സമർപ്പിക്കേണ്ടത്.
സമർപ്പിക്കുന്ന രേഖകൾ സത്യസന്ധവും പൂർണമായതും ആണെന്ന് അപേക്ഷകൻ ഉറപ്പ് വരുത്തേണ്ടതും ഒറിജിനലുകൾ അപേക്ഷകൻ സ്വന്തം കൈവശം സൂക്ഷിക്കേണ്ടതുമാണ്. ഏതെങ്കിലും സന്ദർഭങ്ങളിൽ സംശയ നിവാരണത്തിന് ലൈസൻസിങ് അതോറിറ്റി ആവശ്യപ്പെടുന്ന പക്ഷം രേഖകൾ ഓഫീസിൽ ഹാജരാക്കണം.
ഓൺലൈനായി ലഭിക്കുന്ന അപേക്ഷകൾ മുൻഗണനാ ക്രമത്തിൽ സർവ്വീസ് നടത്തി, പുതുക്കിയ ലൈസൻസ് അപേക്ഷകൻ്റെ മേൽവിലാസത്തിലേക്ക് സ്പീഡ് പോസ്റ്റ് മുഖാന്തിരം അയച്ചു നൽകും. എന്തെങ്കിലും ന്യൂനതകൾ കാണുന്ന അപേക്ഷകൾ അപേക്ഷകന് ഓൺലൈനായിത്തന്നെ മടക്കി നൽകും. ന്യൂനതകൾ പരിഹരിച്ച് സമർപ്പിക്കുന്ന സമയം മുതലാണ് അപേക്ഷക്ക് സീനിയോറിറ്റി ലഭിക്കുന്നത്. അപേക്ഷകന് തങ്ങളുടെ അപേക്ഷകളുടെ തൽസ്ഥിതി ആപ്ലിക്കേഷൻ സ്റ്റാറ്റസ് വഴി പരിശോധിക്കാവുന്നതാണ്. അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള വിധം മനസ്സിലാക്കാനുള്ള ലിങ്ക് : https://fb.watch/6mUs7h6CBJ/
വാഹന രജിസ്ട്രേഷനും ഇതേ സംവിധാനം നടപ്പാക്കാൻ നിർദേശിച്ചതായി മന്ത്രി ആൻറണി രാജു വ്യക്തമാക്കി. കേരളത്തിൽനിന്ന് പുറത്തേക്ക് പോകുന്ന വാഹനങ്ങൾക്കുള്ള പെർമിറ്റും അടുത്തയാഴ്ച മുതൽ ഓൺലൈനാകും.
ഓൺലൈനായി ഫീസടച്ചാൽ പെർമിറ്റ് ലഭിക്കുംവിധം മോട്ടോർ വാഹന വകുപ്പിൻ്റെ ചെക്പോസ്റ്റുകളും ഓൺലൈനാവുകയാണ്. ഓൺലൈൻ സംവിധാനം പ്രയോജനപ്പെടുത്തുന്നത് വഴി സംസ്ഥാനത്തിനകത്തേക്കും പുറത്തേക്കുമുള്ള ചരക്കുവാഹനങ്ങള്‍ക്കും ബസുകള്‍ക്കും ചെക്പോസ്റ്റുകളിൽ മണിക്കൂറുകൾ കാത്തുകിടക്കാതെ വേഗം കടന്നുപോകാം. പണമിടപാട് ഒഴിവാകുന്നതിലൂടെ ചെക്പോസ്റ്റുകളിലെ ക്രമക്കേടുകൾ ഒഴിവാക്കാനാകുമെന്നും മോട്ടോർവാഹന വകുപ്പ് കണക്കുകൂട്ടുന്നു. പെര്‍മിറ്റുകള്‍ എവിടെ വെച്ചും ഓണ്‍ലൈനായി പരിശോധിക്കാനും കഴിയും.
You must be logged in to post a comment Login