കണ്ണൂർ: കർഷകർക്കും സംരംഭകർക്കും ഏറ്റവും പുതിയ വിവരം ലഭ്യമാക്കാനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുമായി തളിപ്പറമ്പ്, ധർമ്മടം മണ്ഡലങ്ങളിൽ പെടുന്ന 15 പഞ്ചായത്തുകളിൽ ആധുനികരീതിയിലുള്ള ഗ്രാമീണവിജ്ഞാന കേന്ദ്രങ്ങൾ ഒരുങ്ങുന്നു. ധർമടം മണ്ഡലത്തിലെ മുഴപ്പിലങ്ങാട് കെട്ടിടം പൂർത്തിയായി.
സംസ്ഥാന സർക്കാരിന്റെ നൂറുദിനപദ്ധതിയിൽപെടുത്തി ഉദ്ഘാടനം ചെയ്തേക്കും. ധർമ്മടത്ത് എട്ടും തളിപ്പറമ്പിൽ ഏഴും പഞ്ചായത്തുകളിലാണ് കേന്ദ്രങ്ങൾ. സംസ്ഥാന സർക്കാർ സംരംഭമായ വിവരസാങ്കേതികവിദ്യാ പശ്ചാത്തലവികസന വിഭാഗത്തിനാണ് (കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്‌നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്-കെ.എസ്.ഐ.ടി.ഐ.എൽ.) കെട്ടിടനിർമ്മാണച്ചുമതല. ഉള്ളിലെ സംവിധാനങ്ങൾ സിഡ്‌കോ (കേരള ചെറുകിട വ്യവസായ വികസന കോർപ്പറേഷൻ) സജ്ജമാക്കും. ഒന്നിന് 37.5 ലക്ഷം രൂപ ചെലവ് വരും. ആകെ 5.55 കോടിയുടെ പദ്ധതിയാണ്. ഗ്രാമീണ പശ്ചാത്തലവികസനഫണ്ടിൽപ്പെടുത്തി നബാർഡാണ് വായ്പ നൽകുന്നത്.
അഞ്ച് – ആറ് സെന്റിൽ രണ്ടുനിലകളിലായി 1500 ചതുരശ്ര അടി വിസ്തൃതിയിലാണ് കെട്ടിടം ഉദ്ദേശിച്ചത്. പക്ഷേ, ഇപ്പോൾ പണിത കെട്ടിടം 1100 ചതുരശ്രയടിയേ വരൂ. എല്ലാം ഒരേ ആകൃതിയിലാണ് വിഭാവനംചെയ്തത്. ജിപ്‌സം സാങ്കേതികവിദ്യയിൽ ഫാക്ടറിയിൽ നിർമിച്ച സാമഗ്രികൾ ഉപയോഗിച്ച് ചുരുങ്ങിയ ദിവസംകൊണ്ട് പണി പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടത്. കൊച്ചിയിലെ കേന്ദ്രസർക്കാർ സ്ഥാപനങ്ങളായ ഫാക്ടും രാഷ്ട്രീയ കെമിക്കൽസും ചേർന്ന് തുടങ്ങിയ സംയുക്തസംരംഭമായ ഫാക്ട് – ആർ.സി.എഫ്. ബിൽഡിങ് പ്രോഡക്ട്‌സ് ലിമിറ്റഡിന്റെ (എഫ്.ആർ.ബി.എൽ.) ഉത്‌പന്നമാണ് ഇതിന് ഉദ്ദേശിച്ചത്.
ഫാക്ട് അവരുടെ ഉദ്യോഗമണ്ഡലിലെ കാമ്പസിൽ 21 ദിവസം കൊണ്ട് 1500 ചതുരശ്രഅടിയുടെ കെട്ടിടം പൂർത്തിയാക്കിയതായിരുന്നു മാതൃക. പക്ഷ, ഈ ഉത്‌പന്നനിർമാണം നിലച്ചതിനാൽ മുഴപ്പിലങ്ങാട്ടെ ഒന്നുമാത്രമേ ഈ രീതിയിൽ പണിയാനായുള്ളൂ. ബാക്കി പതിവുപോലെ സിമന്റ് കട്ടയും സിമന്റും ഉപയോഗിച്ചാണ് പണിയുന്നത്. തളിപ്പറമ്പ് മണ്ഡലത്തിൽ പരിയാരം, കുറുമാത്തൂർ, കുറ്റ്യാട്ടൂർ, മയ്യിൽ, ചപ്പാരപ്പടവ് പഞ്ചായത്തുകളിൽ കെട്ടിടം പണി തുടങ്ങി. പക്ഷേ, കൊളച്ചേരിയിൽ ഇനിയും സ്ഥലം കണ്ടെത്താനായില്ല. മലപ്പട്ടത്താകട്ടെ, സ്ഥലം കിട്ടിയെങ്കിലും പരിസരവാസികൾ തടസ്സം ഉന്നയിച്ചതിനാൽ നിർമ്മാണം തുടങ്ങാനായില്ല. ധർമ്മടം മണ്ഡലത്തിൽ മുഴപ്പിലങ്ങാടിനുപുറമെ ധർമ്മടം, പിണറായി, കടമ്പൂർ, വേങ്ങാട് പഞ്ചായത്തുകളിൽ പണി തുടങ്ങി. ചെമ്പിലോട്, പെരളശ്ശേരി പഞ്ചായത്തുകളിൽ സ്ഥലം കിട്ടിയില്ല. അഞ്ചരക്കണ്ടിയിൽ സ്ഥലം കിട്ടി, പക്ഷേ, പണി തുടങ്ങിയില്ല.
കേന്ദ്രങ്ങളുടെ പ്രവർത്തനം ഇങ്ങനെ
കഴിഞ്ഞ തവണ തളിപ്പറമ്പ് എം.എൽ.എ. ആയിരുന്ന ജെയിംസ് മാത്യുവാണ് ഈ ആശയം കൊണ്ടുവന്നത്. കർഷകർക്കും ചെറുകിടസംരംഭകർക്കും നീർമ്മാണസംരക്ഷണപ്രവർത്തനങ്ങൾക്കും വേണ്ടുന്ന കാലാനുസൃതവിവരങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. പഞ്ചായത്തുകളിൽ ഈ വിവരങ്ങൾ ലഭ്യമാണെങ്കിലും മറ്റുജോലികൾ കൂടി നിർ വഹിക്കേണ്ടതുകൊണ്ട് യഥാസമയം സമയം നൽകാൻ കഴിയാറില്ല. കംപ്യൂട്ടറും എൽ.സി.ഡി. പ്രോജക്ടറും അടക്കമുള്ള സൗകര്യമുള്ള വിജ്ഞാനകേന്ദ്രത്തിൽ കർഷകർക്കും സംരംഭകർക്കും കാര്യങ്ങൾ വിശദീകരിച്ചുകൊടുക്കാൻ കഴിയും. തങ്ങളുടെ ഉത്‌പന്നങ്ങൾ വിൽക്കാനാകുന്ന വിപണികൾ, സർക്കാരിൽനിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങൾ, സംരംഭങ്ങൾ തുടങ്ങാനുള്ള മാർഗങ്ങൾ, സാമ്പത്തികസഹായ സ്രോതസ്സുകൾ തുടങ്ങിയവ പരിചയപ്പെടുത്താം.
അല്പം കൂടി വിപുലീകരിച്ചാൽ ഇൻകുബേഷൻ സെന്റർപോലെ (പുതിയ സംരംഭങ്ങൾക്ക് തുടക്കമിടൽ) പ്രവർത്തിക്കാം. തദ്ദേശ സ്ഥാപനങ്ങൾ സംരംഭകത്വകേന്ദ്രം കൂടി ആകണമെന്ന പുതിയ സർക്കാർ നയത്തിന്റെ പശ്ചാത്തലത്തിൽ ഇത് കൂടുതൽ പ്രസക്തമാകുന്നു.
You must be logged in to post a comment Login