കടപ്പാട്: ദിനകരൻ കൊമ്പിലാത്ത്, മാതൃഭൂമി
കണ്ണൂർ: വോട്ടർമാരുടെ മനസ്സറിഞ്ഞുകൊണ്ട് ഭാവി രാഷ്ട്രീയ പ്രവർത്തനങ്ങളും സർക്കാർ സമീപനങ്ങളും എങ്ങനെയായിരിക്കണം എന്ന രീതിയിലേക്ക് കാര്യങ്ങൾ മാറുകയാണ്. കേരളത്തിൽ സി.പി.എം. അത് കൃത്യമായി തിരിച്ചറിഞ്ഞുകഴിഞ്ഞു. അത് തിരിച്ചറിയാത്ത കോൺഗ്രസ് പോലുള്ള സംഘടനകൾക്ക് വലിയ പരാജയവും ഉണ്ടായി. ‘കിറ്റ് രാഷ്ട്രീയം’ തമാശയോടെ തള്ളിക്കളയേണ്ട ഒന്നല്ല. സാധാരണക്കാരുടെ അടിത്തട്ടിലുള്ള പ്രശ്നങ്ങളും ആവശ്യങ്ങളും ക്ഷേമപെൻഷനുകളും സൗജന്യകിറ്റുകളും വീട് വിതരണവും ഒക്കെ വോട്ടർമാരുടെ ഉള്ളിൽത്തട്ടിയതായി തിരഞ്ഞെടുപ്പു തെളിയിക്കുന്നു. സ്‌പ്രിംക്ളർ വിവാദവും വിദേശക്കമ്പനികൾക്ക് മീൻപിടിക്കാൻ അവസരമുണ്ടാക്കുന്നതും ഡേറ്റാ ചോർച്ചയും സ്വർണക്കടത്തും ഒന്നും കിറ്റിനോളം ഫലത്തിലെത്തിയില്ല എന്ന് പുതിയരാഷ്ട്രീയം പഠിപ്പിക്കുന്നു.
ഏറ്റവുമൊടുവിൽ കിടപ്പുരോഗികളുടെ ഉൾപ്പെടെയുള്ള സാന്ത്വനപ്രവർത്തനങ്ങൾ തദ്ദേശസ്ഥാപനങ്ങൾ വഴി നടപ്പാക്കാൻ പിണറായി സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. 64,000 കോടി ചെലവുവരുന്ന നിർദിഷ്ട അർധ അതിവേഗ റെയിൽ പദ്ധതിക്ക് കിഫ്ബിയിൽനിന്ന് ഭൂമി ഏറ്റെടുക്കുന്നതിലേക്കായി 2100 കോടി രൂപ അനുവദിക്കാനുള്ള കെ-റെയിലിന്റെ ആവശ്യം മന്ത്രിസഭ പരിഗണിച്ചതിന്റെ അതേസമയം തന്നെയാണ് കിടപ്പ് രോഗികൾക്ക് പരിചരണത്തിനായുള്ള പദ്ധതിക്കും രൂപംകൊടുത്തത്. ക്ഷേമരാഷ്ട്രീയത്തിന്റെ ഗുണാത്മകമായ രണ്ടു ഭിന്നതലങ്ങൾ തന്നെയാണത്. അതിവേഗത്തിൽ സഞ്ചരിക്കേണ്ടവർക്കും സഞ്ചരിക്കാനാവാതെ കിടപ്പിലായവർക്കും ഒരേക്ഷേമം വാഗ്ദാനംചെയ്യുന്ന രാഷ്ട്രീയം എന്നു കാണാം.
മുഖംമാറുന്ന രാഷ്ട്രീയം
സേവനപ്രവർത്തനവും സഹായവും പ്രത്യുപകാരവും നന്ദിപ്രകടനവും തുടങ്ങിയ സർവീസ് മേഖലകൾ പുതിയ രാഷ്ട്രീയപ്രവർത്തനത്തിന്റെ ശൈലിയായി മാറിക്കൊണ്ടിരിക്കുന്നു. വർഗസമരം, തൊഴിൽ സമരം, മുതലാളിത്ത സാമ്രാജ്യത്വ വിരുദ്ധ സമരങ്ങൾ, പണിമുടക്ക് സമരങ്ങൾ എന്നിവയായിരുന്നു ഒരുകാലത്ത് ഇടത്-വലത്‌പക്ഷത്തിന്റെയൊക്കെ വിപ്ലവ രാഷ്ട്രീയ പ്രവർത്തന രൂപങ്ങൾ. ഇന്ന് വർഗസമരവും തൊഴിൽസമരവും പണിമുടക്ക് സമരങ്ങളും പേരിന് മാത്രമായി.
ആരോഗ്യരംഗത്ത് ഇന്ത്യയിൽ ഒന്നാംസ്ഥാനത്താണ് കേരളം. വർധിച്ച ആയുർനിരക്കിലും വയോധികരുടെ വർധിച്ച എണ്ണത്തിലും കേരളമാണ് ഒന്നാംസ്ഥാനത്ത്. ജനസംഖ്യയുടെ 14 ശതമാനം വയോധികരാണ്. വിവിധ രോഗങ്ങളാൽ അവശരായവർ, കിടപ്പുരോഗികൾ, തളർച്ചയും മാരകരോഗവും ബാധിച്ചവർ, ഭിന്നശേഷിക്കാർ-ഇവരിൽ പലരും പരാശ്രയക്കാരുമാണ്. ഇവർക്കൊക്കെ വാതിൽപ്പടിയിൽ സേവനം എത്തിക്കാനാണ് തദ്ദേശസ്ഥാപനങ്ങളോട് സർക്കാർ പറഞ്ഞിട്ടുള്ളത്. മുഴുവൻ സർക്കാർ സംവിധാനത്തോടൊപ്പം സാമൂഹിക സന്നദ്ധ സേവകരേയും സേവനതത്പരരായ വളന്റിയർമാരെയും ഉൾപ്പെടുത്തും. വളന്റിയർമാരായി സ്വന്തം പാർട്ടിക്കാരെ മാത്രമേ തിരഞ്ഞെടുക്കുന്നുള്ളൂ എന്ന് പരാതി ഇതിലെ രാഷ്ട്രീയസാധ്യതയാണ് കാണിക്കുന്നത്.
ഐ.ആർ.സി.പി. മാതൃക
കണ്ണൂർ ജില്ലയിൽ സി.പി.എം. സംസ്ഥാനകമ്മിറ്റി അംഗം പി. ജയരാജൻ കൺവീനർ ആയ ഐ.ആർ.പി.സി. (ഇനിഷിയേറ്റീവ് ഫോർ റിഹാബിലിറ്റേഷൻ ആൻഡ് പാലിയേറ്റീവ് കെയർ) എന്ന ഏജൻസി കിടപ്പ് രോഗികൾക്കുൾപ്പെടെ അവശരായവർക്കും അശരണർക്കും എല്ലാ തരത്തിലുള്ള സൗജന്യസേവനം നൽകുന്നുണ്ട്. വീട്ടുകാരും ബന്ധുക്കളും കൈയൊഴിഞ്ഞ രോഗികളായ വയോധികർ, നട്ടെല്ലു തകർന്ന് പാരാപ്ലീജിയ രോഗികളായവർ, മദ്യാസക്തിമൂലം നിലതെറ്റിയ ആൾക്കാർ ഇവരുടെ ബന്ധുക്കൾക്കൊക്കെ ആശ്വാസമാണ് ഐ.ആർ.പി.സി. കോവിഡ് ബാധിച്ചു മരിച്ചവരെ കണ്ണൂർ കോർപ്പറേഷൻ അധീനതയിലുള്ള പയ്യാമ്പലത്ത് സംസ്കരിക്കാൻ അവർ മുൻകൈ എടുത്തിരുന്നു. അതേസമയം, ഇതിലെ ‘സേവനരാഷ്ട്രീയം’ തിരിച്ചറിഞ്ഞ യു.ഡി.എഫ്. ഭരിക്കുന്ന കോർപ്പറേഷൻ ശവസംസ്കാര പ്രവർത്തനങ്ങൾ നേരിട്ട് ഏറ്റെടുക്കുകയായിരുന്നു. ഇതിന്റെപേരിൽ വലിയ തർക്കവും വിവാദവും ഉണ്ടായി.
കിടപ്പ് രോഗികൾക്കുൾപ്പെടെയുള്ള ഐ.ആർ.പി.സി.യുടെ സേവന, സാന്ത്വന പ്രവർത്തനങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി സംസ്ഥാനത്തൊട്ടാകെ നടപ്പാക്കുകയാണ് സർക്കാർ ചെയ്യുന്നത്. ഇതിനായി പാർട്ടിവളന്റിയർമാരുടെ സേവനവും ഉപയോഗപ്പെടുത്തും. ഫലത്തിൽ രോഗികളുടെയും ബന്ധുക്കളുടെയും ഹൃദയത്തിലേക്കും അതുവഴി വോട്ടിലേക്കും കടക്കാൻ പാർട്ടിക്കാവുന്നു. ഏതായാലും സാന്ത്വനരാഷ്ട്രീയം കോൺഗ്രസും മുസ്‌ലിംലീഗും ഒക്കെ ചെറിയതോതിൽ നടത്തുന്നുണ്ട്. സേവാഭാരതിയും സജീവമാണ്. കേന്ദ്രസർക്കാരിന്റെ ആയുഷ് പദ്ധതിയിലെ മരുന്നുകൾ വീടുകളിൽ എത്തിച്ചുനൽകുന്നത് അവരാണ്.
ക്ഷേമരാഷ്ട്രീയവും അധികാരവും
ക്ഷേമരാഷ്ട്രീയത്തെ ഭംഗിയായി ഉപയോഗപ്പെടുത്തി രാഷ്ട്രീയ വിജയം നേടിയത് ബി.ജെ.പി.യുടെ കേന്ദ്രസർക്കാരാണ്. തൊഴിലുറപ്പ് പദ്ധതിയിലൂടെ വൻവിപ്ലവം മൻമോഹൻ സിങ്ങിന്റെ യു.പി. എ. സർക്കാർ കൊണ്ടുവന്നെങ്കിലും അതിനെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താൻ അവർക്കായില്ല. അതേസമയം, ബി.ജെ.പി.യുടെ ക്ഷേമരാഷ്ട്രീയ തന്ത്രങ്ങൾ വൻ വിജയമായി. ഒരു സർവേപ്രകാരം കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പോൾചെയ്ത 67 ശതമാനം വോട്ടർമാരിൽ വലിയവിഭാഗം പറഞ്ഞത്, ക്ഷേമകാര്യത്തെ അടിസ്ഥാനപ്പെടുത്തിയാണ് തങ്ങൾ വോട്ടുചെയ്തത് എന്നാണ്. പല പാർട്ടികളും ഈ തിരഞ്ഞെടുപ്പിൽ വമ്പൻ ക്ഷേമപദ്ധതി കൊണ്ടുവന്നെങ്കിലും അത് വിജയിച്ചില്ല. പ്രതിവർഷം ഒരു കുടുംബത്തിന് 72,000 രൂപവീതം 50 ദശലക്ഷം. പാവപ്പെട്ടവർക്ക് ഗുണം നൽകുന്ന ന്യായ് പദ്ധതിയുമായാണ് കോൺഗ്രസ് വന്നത്. സ്വന്തം ബാങ്ക് അക്കൗണ്ടിൽ ഈ തുക വന്നുകൊണ്ടിരിക്കും എന്നായിരുന്നു വാഗ്ദാനം. രാജ്യത്തെ ദരിദ്രരെ ലക്ഷ്യംവെച്ചായിരുന്നു പാർട്ടികൾ തങ്ങളുടെ പ്രകടനപത്രിക തയ്യാറാക്കിയത്.
തിരഞ്ഞെടുപ്പ് സമയത്ത് രാഹുൽഗാന്ധി സഹസ്രകോടികളുടെ റഫാൽ അഴിമതിയെക്കുറിച്ച് സംസാരിച്ചപ്പോൾ അത് പത്രങ്ങളിലെ തലക്കെട്ടുമാത്രമായി. ബി.ജെ.പി. ഗ്രാമങ്ങളിലെ ദരിദ്രർക്ക് പാചകവാതക സിലിൻഡർ നൽകി. റഫാൽ അഴിമതിയെക്കാൾ ചാണകവറളി കത്തിച്ച് ശ്വാസംമുട്ടുന്ന പാവങ്ങൾക്ക് സ്വർഗംപോലെ കിട്ടുന്ന പാചകവാതക സിലിൻഡർ തന്നെയായിരുന്നു പ്രധാനം. ഈ ദരിദ്രരുടെ അടിസ്ഥാനപരമായ ആവശ്യം എന്താണെന്ന് മുന്നിൽക്കണ്ടുകൊണ്ടാണ് ബി.ജെ.പി. തങ്ങളുടെ സ്വച്ഛ്ഭാരതി അഭിയാൻ, സൗജന്യ പാചകവാതക സിലിൻഡർ, കക്കൂസില്ലാത്തവർക്ക് കക്കൂസ്, വീടില്ലാത്തവർക്ക് വീട്, പെൻഷൻ പദ്ധതികൾ കൊണ്ടുവന്നത്. ഇത് പാർട്ടിക്ക് അടിത്തട്ടിൽ വൻവോട്ടുണ്ടാക്കിക്കൊടുത്തു.
കേരള പശ്ചാത്തലം
സംസ്ഥാനത്ത് തൊഴിലില്ലായ്മ 5.8 ശതമാനമാണെങ്കിലും തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിലാളികളുടെ അംഗസംഖ്യ 16.54 ലക്ഷമാണ്. ഇതിൽ 4 ലക്ഷത്തോളം 60 വയസ്സിന് മുകളിലുള്ളവരാണ്. വയോജനങ്ങളുടെ എണ്ണം മൊത്തം ജനസംഖ്യയുടെ 14 ശതമാനത്തോളം വരും. 1961-ൽ ഇത് 5 ശതമാനമായിരുന്നു എന്നോർക്കണം. ഈ നാട് ആരു ഭരിക്കണമെന്ന് തീരുമാനിക്കാനുള്ള ശക്തി വയോജനങ്ങൾക്കുണ്ട്.
രാജ്യത്തെ ആയുർദൈർഘ്യം ശരാശരി 63.5 ആണെങ്കിൽ കേരളത്തിലേത് 74 ആണ്. സ്ത്രീകളുടേത് 77.8-ഉം പുരുഷന്മാരുടേത് 72.5-ഉം ആണ്. വയോജനങ്ങളുടെ എണ്ണം കൂടിക്കാണ്ടിരിക്കുന്നു എന്നർഥം. ഇവിടെയാണ് കിടപ്പുരോഗികളുടെയും മറ്റു രോഗികളുടെയും ദുരിതം വരുന്നത്. വാർധക്യത്തിൽ അവശരായവരുടെ മേൽ സർക്കാരിന്റെ കണ്ണുകൾ കൃത്യമായി പതിയുന്നില്ല എന്ന പരാതിയുണ്ട്. സംസ്ഥാന സാമൂഹികക്ഷേമ വകുപ്പിന്റെ പുതിയ കണക്കുപ്രകാരം സ്വത്തെഴുതി വാങ്ങിയിട്ടും മാതാപിതാക്കളെ മക്കൾ സംരക്ഷിക്കാത്തതിന്റെ പേരിൽ 1623 കേസുകൾ നിലവിലുണ്ട് എന്നോർക്കുക. പെൻഷൻകാരുടെ കണക്കെടുത്തു നോക്കിയാൽ വാർധക്യകാലത്തിന്റെ അവശത കാണാൻപറ്റും. 40 ശതമാനം പേർ വാർധക്യ പെൻഷൻ വാങ്ങുമ്പോൾ 33 ശതമാനം പേർ വിധവാപെൻഷൻ വാങ്ങുന്നവരാണ്. 15 ശതമാനം പേർ വികലാംഗപെൻഷനും 10 ശതമാനം പേർ അവിവാഹിതർക്കുള്ള പെൻഷനും കൈപ്പറ്റുന്നുണ്ട്. 55.41 ലക്ഷം തൊഴിലാളികൾ ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുണ്ട്. ഇതിൽ 24.17 ലക്ഷം പേർ സ്ത്രീകളാണ്.
60 വയസ്സിന് മുകളിലുള്ളവർ ഏകദേശം 42 ലക്ഷം പേർവരും. 2025-ൽ അത് 60 ലക്ഷത്തോളമാവും. 13 ശതമാനം പേർ 80 വയസ്സിനും അതിനു മുകളിലുള്ളവരുമാണ്. 65 ശതമാനം വരുന്ന മുതിർന്നവർ രോഗാതുരരാണ്. 62.2 ശതമാനം വിധവകളുമാണ്. ഏതായാലും ഈ മേഖലയിലേക്കുള്ള സേവനവും സഹായവും സർക്കാരിന് വലിയ ഗുണംചെയ്യും
മുദ്രാവാക്യങ്ങളും പ്രതിഷേധങ്ങളും സമരങ്ങളും സംഘർഷങ്ങളും പണിമുടക്കുകളും കൂടപ്പിറപ്പായ പരമ്പരാഗത രാഷ്ട്രീയപ്രവർത്തനങ്ങൾ ഇനി ക്ഷേമ, സാന്ത്വന രാഷ്ട്രീയപ്രവർത്തനത്തിന്റെ വലിയ സാധ്യതകളിലേക്ക് വഴിമാറുകയാണ്. കോവിഡ് കാലം അതിന് അനുകൂലമായ സാഹചര്യവും സൃഷ്ടിച്ചു. ഭരണം പിടിക്കാനും വീഴ്ത്താനും അതിനു കഴിയുമെന്നാണ് വർത്തമാനകാല രാഷ്ട്രീയസാഹചര്യങ്ങൾ കാണിക്കുന്നത്
You must be logged in to post a comment Login