കണ്ണൂർ: കൊവിഡ് പ്രതിരോധ വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് സത്വര പരിഹാരം കാണുമെന്ന് ജില്ലാ കലക്ടര്‍ ടി.വി. സുഭാഷ് അറിയിച്ചു. വാക്സിനേഷനുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാക്സിന്റെ ലഭ്യതക്കുറവാണ് ഇതുമായി ബന്ധപ്പട്ട് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. ലഭിച്ച വാക്സിന്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ ജില്ലയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സാധിച്ചു. ജില്ലയില്‍ ഇതുവരെ എട്ടര ലക്ഷത്തോളം പേര്‍ക്ക് വാക്സിന്‍ നല്‍കിക്കഴിഞ്ഞു.
ആദിവാസി മേഖലകളില്‍ 45 വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ 83 ശതമാനത്തോളം വാക്സിനേഷന്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചതായും ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയിലെ മുഴുവന്‍ കിടപ്പു രോഗികള്‍ക്കും വാക്സിന്‍ എത്തിക്കുന്നതിന് തദ്ദേശ സ്ഥാപന തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്. ഇക്കാര്യത്തില്‍ നേരിടുന്ന ഒറ്റപ്പെട്ട പ്രശ്നങ്ങള്‍ പരിശോധിച്ച് വേണ്ട നടപടി എടുക്കും. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സാധിക്കാത്തവര്‍ക്കായി വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളില്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്നും കലക്ടര്‍ പറഞ്ഞു.
ജില്ലയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയിലാണ് നടന്നുവരുന്നത്. ഏഴ് തദ്ദേശ സ്ഥാപനങ്ങളില്‍ മാത്രമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20ല്‍ കൂടുതല്‍ ഉള്ളത്. നിരക്ക് 10 ശതമാനത്തിലേക്ക് കുറച്ചുവരികയാണ് ലക്ഷ്യം. അതിന് എല്ലാവരുടെ ഭാഗത്തുനിന്നും തികഞ്ഞ ജാഗ്രത ഉണ്ടാവണം. ചെറിയ രീതിയിലുള്ള ആള്‍ക്കൂട്ടങ്ങള്‍ പോലും കൊവിഡ് പ്രതിരോധത്തെ സാരമായി ബാധിക്കും. ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടുതലായി കൊവിഡ് ബാധിക്കുന്ന കാര്യം ശ്രദ്ധയില്‍ പെട്ടതായും എന്നാല്‍ ഭൂരിഭാഗം പേര്‍ക്കും കൊവിഡ് ബാധിച്ചത് ഡ്യൂട്ടിയുടെ ഭാഗമായിട്ടല്ലെന്ന് കണ്ടെത്തിയതായും ജില്ലാ കലക്ടര്‍ പറഞ്ഞു. ആശുപത്രിക്ക് പുറത്തുനിന്ന് അവര്‍ക്ക് രോഗബാധ ഏല്‍ക്കാതിരിക്കാന്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു.
വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, വെബ്‌സൈറ്റില്‍ വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്യുന്നതിലുള്ള ബുദ്ധിമുട്ടുകള്‍, കൊവിഡ് കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തുടങ്ങിയ പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കും പരാതികള്‍ക്കും 04972 700194, 04972 713437, 8281599680 എന്നീ നമ്പറുകളില്‍ വിളിച്ച് പരിഹാരം തേടാവുന്നതാണെന്ന് കലക്ടര്‍ അറിയിച്ചു.
കൊവിഡ് രണ്ടാം ഡോസ് ലഭിക്കാന്‍ വൈകുന്നതില്‍ ആശങ്കപ്പെടാനില്ല. രണ്ട് ഡോസ് വാക്സിനെടുത്ത് കഴിഞ്ഞവരും കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. മറ്റ് സംസ്ഥാനങ്ങളിലേക്ക് പഠന ആവശ്യത്തിനും മറ്റുമായി പോകുന്നവര്‍ക്ക് മുന്‍ഗണനാ ക്രമത്തില്‍ വാക്‌സിന്‍ ലഭ്യമാക്കുന്ന വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചു. സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടെ ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ എംപ്ലോയ്‌മെന്റ് സര്‍ട്ടിഫിക്കറ്റുമായി സര്‍ക്കാര്‍ ആശുപത്രിയിലെ വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തിയാല്‍ വാക്‌സിന്‍ ലഭ്യമാക്കാനാവുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
You must be logged in to post a comment Login