കോലഞ്ചേരി: പ്രസവിച്ചയുടൻ കുഞ്ഞിനെ പാറമടയിലെറിഞ്ഞ് കൊന്നത് അവിഹിതം പുറത്തറിയാതിരിക്കാനെന്ന് അമ്മ. കോലഞ്ചേരി തിരുവാണിയൂർ പഴുക്കാമറ്റം ആറ്റിനീക്കര സ്‌കൂളിന് സമീപം താമസിക്കുന്ന പഴുക്കാമറ്റത്ത് വീട്ടിൽ ശാലിനി(36)യാണ് സ്വന്തം അവിഹിതം പുറത്തറിയാതിരിക്കാൻ ചോരക്കുഞ്ഞിനോട് കൊടുംക്രൂരത കാട്ടിയത്.
വർഷങ്ങളായി ഭർത്താവുമായി പിണങ്ങിക്കഴിയുകയാണ് ശാലിനി. കൂലിപ്പണിക്കാരിയായ ശാലിനിക്ക് വേറെയും നാലു മക്കളുണ്ട്. ഒരു മകൾ വിവാഹിതയാണ്. മൂന്ന് ആൺകുട്ടികൾക്കൊപ്പം ഭർത്താവിന്റെ വീട്ടിലായിരുന്നു താമസം. ഇവർ ഭർത്താവിനെ വീട്ടിൽ കയറ്റാറില്ലായിരുന്നു. അതിനിടെയാണ് ഗർഭിണിയായത്. ഇക്കാര്യം ആരേയും ശാലിനി അറിയിച്ചിരുന്നില്ല. ഗർഭിണിയായതിലെ നാണക്കേട് ഓർത്താണ് ക്രൂരകൃത്യം നടത്തിയത് എന്ന് ശാലിനി പൊലീസിൽ മൊഴിനൽകി. ചാപിള്ളയായതിനിലാണ് പാറമടയിലെറിഞ്ഞതെന്ന് ആദ്യം മൊഴി നൽകിയത്. പിന്നീട് പ്രസവിച്ച ഉടൻ ഷർട്ടിൽ പൊതിഞ്ഞ് കല്ലു കെട്ടി പാറമടയിലേക്കെറിഞ്ഞെന്ന് മൊഴി മാറ്റി. മടയിലേക്കെറിയും മുമ്പ് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പൊങ്ങി വരാതിരിക്കാനാകാം കല്ലു കെട്ടി താഴ്ത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. ജീവനോടെയാണോ അതോ മരിച്ച ശേഷമാണോ പാറമടയിലേക്ക് എറിഞ്ഞത് എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാലേ കൃത്യമായി മനസിലാക്കാൻ കഴിയൂ.
രക്തസ്രാവത്തെ തുടർന്ന് അവശയായ ശാലിനി എറണാകുളം ജനറൽ ആശുപത്രിയിലാണ്. പുത്തൻകുരിശ് പൊലീസ് മജിസ്‌ട്രേട്ടിനു മുന്നിൽ ഹാജരാക്കിയ ശേഷം ആശുപത്രിയിൽ റിമാൻഡ് ചെയ്യുകയായിരുന്നു. യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. അതേസമയം, കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം ഇന്ന് കളമശേരി മെഡിക്കൽ കോളേജിൽ നടക്കും. സ്വന്തം ചോരക്കുഞ്ഞിനെ പാറമടയിലെറിഞ്ഞ് കൊന്നിട്ടും ഒരു കൂസലുമില്ലാതെയാണ് പൊലീസിനോട് ശാലിനി കാര്യങ്ങൾ വിശദീകരിച്ചത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്:
ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെ ഇളയ മകനോട് വയറുവേദനയെന്നു പറഞ്ഞ് പുറത്തിറങ്ങിയ ശാലിനി വീടിനടുത്തുള്ള റബർ തോട്ടത്തിലെ പാറക്കല്ലിന് മുകളിലെത്തി ആൺകുഞ്ഞിന് ജന്മം നൽകി. പൊക്കിൾക്കൊടി മുറിച്ച് മാറ്റിയശേഷം വായിൽ തുണി തിരുകി രണ്ടു ഷർട്ടുകളിൽ കുഞ്ഞിനെ പൊതിഞ്ഞ് 500 മീറ്റർ അകലെയുള്ള പാറമടയിലെത്തി. തുടർന്ന് കുഞ്ഞിന്റെ ദേഹത്ത് ഭാരമുള്ള കല്ല് വരിഞ്ഞു കെട്ടി മടയിലേക്ക് വലിച്ചെറിഞ്ഞു.ബുധനാഴ്ച രാവിലെ ശാലിനി വീട്ടിൽ രക്തത്തിൽ കുളിച്ചുകിടക്കുന്നത് കണ്ട് മൂത്ത മകൻ പിതാവിനെ വിവരം അറിയിച്ചു. ഇയാൾ വീട്ടിലെത്തിയെങ്കിലും അകത്ത് കയറാൻ ശാലിനി അനുവദിച്ചില്ല. ഭർത്താവ് പഞ്ചായത്തംഗത്തെയും അയൽക്കാരെയും വിവരമറിയിച്ചു. നാട്ടുകാർ എത്തിയപ്പോഴും വീട്ടിൽ കയറിയാൽ ആത്മഹത്യ ചെയ്യുമെന്നായിരുന്നു ശാലിനിയുടെ ഭീഷണി. പുത്തൻകുരിശ് പൊലീസും ആരോഗ്യ പ്രവർത്തകരും ചേർന്നാണ് രക്തം വാർന്ന് അവശനിലയിലായ ഇവരെ ബലമായി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച വൈകിട്ട് ഡോക്ടർ നടത്തിയ പരിശോധനയിലാണ് പ്രസവിച്ച കാര്യം അറിയുന്നത്.ഡോക്ടറിൽ നിന്ന് വിവരമറിഞ്ഞ പൊലീസ് ഇന്നലെ രാവിലെ ശാലിനിയെ ആശുപത്രിയിൽ നിന്നെത്തിച്ച് കുഞ്ഞിനെ എറിഞ്ഞ സ്ഥലം കണ്ടെത്തി. ഫയർഫോഴ്‌സിന്റെ സ്‌കൂബാ സംഘമാണ് മൃതദേഹം കണ്ടെടുത്തത്. പുത്തൻകുരിശ് ഡിവൈ.എസ്.പി ജി. അജയ്‌നാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
You must be logged in to post a comment Login