പയ്യന്നൂർ: പുഴകളിൽ പാലം പണിയുമ്പോൾ നിക്ഷേപിക്കപ്പെടുന്ന മണ്ണും മറ്റ് വസ്തുക്കളും ജലജന്യജീവികളുടെ പ്രജനനത്തിനും അവരുടെ ആവാസ വ്യവസ്ഥക്കുമുണ്ടാക്കുന്ന പരിക്ക് ചെറുതല്ല. എന്നാൽ, ഇതേക്കുറിച്ച് മലയാളി അത്ര ബോധവാനല്ല. ഈ ബോധം മലയാളിക്ക് സമ്മാനിച്ചത് എട്ടിക്കുളം, പയ്യന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളുകളിലെ കെ.സി. സതീശൻ എന്ന ക്രാഫ്റ്റ് അധ്യാപകനാണ്.
വികസനത്തിൻ്റെ പേരിൽ പുഴയിൽ നിക്ഷേപിക്കുന്ന മണ്ണ് വരുത്തുന്ന പരിസ്ഥിതി ഭീകരത പൊതുജന സമക്ഷമെത്തിച്ചത് പയ്യന്നൂർ അന്നൂർ സ്വദേശിയായ ഈ അധ്യാപകനാണ്. ജലാശയങ്ങൾ മലിനപ്പെടുത്തുന്നവർക്കെതിരെ ശിക്ഷാനടപടി എടുക്കാനുള്ള നിയമം വന്നത് സതീശനും കുട്ടികളും തയാറാക്കിയ പഠനം സർക്കാറിന് സമർപ്പിച്ച ശേഷമാണ്.
സാമൂഹിക വനവത്കരണത്തിലും കാർഷിക മേഖലയിലും ഉപയോഗിക്കുന്ന ബാഗുകൾ പ്ലാസ്റ്റിക് ആയിരുന്നു. മരങ്ങൾ മിക്കവാറും ഉണങ്ങുകയാണ് പതിവ്. എന്നാൽ, പ്ലാസ്റ്റിക് അടുത്ത പരിസ്ഥിതി ദിനത്തിൽ കുഴിയെടുക്കുേമ്പാഴും അവിടെ തന്നെ ഉണ്ടാവും. ഇത് അധികൃതരുടെ ശ്രദ്ധയിൽപെടുത്താനും സതീശൻ മാസ്റ്ററും വിദ്യാർഥികളും തന്നെ വേണ്ടിവന്നു. സംഭവം അധികൃതരുടെ മുന്നിലെത്തിയതോടെ പ്ലാസ്റ്റിക് ഒഴിവാക്കി ഖാദി അഗ്രോ ബാഗ് ഉപയോഗിക്കാനുള്ള പഠന റിപ്പോർട്ടും ശ്രദ്ധിക്കപ്പെട്ടു.
കേരളത്തിലെ പൊലീസ് സ്റ്റേഷനുകളിൽ കസ്റ്റഡിയിലുള്ള വാഹനങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നതു മൂലമുള്ള പാരിസ്ഥിതിക പ്രശ്നങ്ങളും ഖജനാവിനു വരുത്തുന്ന നഷ്ടവും പഠനം നടത്തി തയാറാക്കിയ റിപ്പോർട്ടാണ് മറ്റൊരു സാമൂഹിക ദൗത്യം. വിദ്യാർഥികൾ നാലുവർഷം നടത്തിയ നിയമപോരാട്ടം ഫലം കണ്ടു.
വാഹനങ്ങൾ ലേലം ചെയ്യാൻ ഉത്തരവായി. വിധി കാറ്റിൽ പറത്തുന്നതിനെതിരെ വീണ്ടും കോടതിയെ സമീപിച്ചു. മാടായിപ്പാറയിലെ പരിസ്ഥിതി നാശം, മൊബൈൽ ടവറിൻ്റെ അശാസ്ത്രീയത, പുകവലി ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്നങ്ങൾ ഉൾപ്പെടെ 25ഓളം പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രോജക്ടുകൾ സതീശൻ്റെ നേതൃത്വത്തിൽ തയാറാക്കിയിട്ടുണ്ട്. തവിടിശ്ശേരി, എട്ടിക്കുളം, പയ്യന്നൂർ ഹൈസ്കൂളുകളിലെ വിദ്യാർഥികളുമായി ഈ അധ്യാപകൻ ദേശീയ ശാസ്ത്രോത്സവത്തിൽ മൂന്നു തവണയും, ബാലശാസ്ത്ര കോൺഗ്രസിൽ നാലു തവണയും, ഇന്ത്യൻ ശാസ്ത്ര കോൺഗ്രസിൽ മൂന്നു തവണയും കേരളത്തെ പ്രതിനിധാനം ചെയ്ത് പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു.
ആയിരത്തോളം ശാസ്ത്ര ക്ലാസുകളും, പരിസ്ഥിതി ക്ലാസുകളും കേരളത്തിലങ്ങോളമിങ്ങോളം സൗജന്യമായി നടത്തിയിട്ടുണ്ട്. പ്രാചീന നാടൻ കലാരൂപങ്ങളായ കേളിപാത്രം, കുഞ്ഞിതെയ്യം, ആലാമി, കോതാമ്മൂരി തുടങ്ങിയ അനുഷ്ഠാന നാടൻ കലാരൂപങ്ങൾ, ഐതിഹ്യം, സാമൂഹിക പശ്ചാത്തലം എന്നിവ വിവരിച്ച് വീഡിയോ ക്ലിപ്പിങ്ങുകളിലൂടെ പരിചയപ്പെടുത്തുന്ന നാട്ടുപൈതൃകം പരിപാടിയിലൂടെ നൂറിലധികം ക്ലാസുകളും സതീശൻ കൈകാര്യം ചെയ്തിട്ടുണ്ട്.
You must be logged in to post a comment Login