കണ്ണൂർ: സംസ്ഥാന സർക്കാറിന്റെ പുതുക്കിയ ബജറ്റിൽ തലശ്ശേരിക്ക് ആംഫിബിയൻ വാഹന സൗകര്യം വാഗ്ദാനം. ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച കന്നി ബജറ്റാണ് വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ലക്ഷ്യമിട്ട് ജലാശയങ്ങളിലും കരയിലും സഞ്ചരിക്കുന്ന ആംഫിബിയൻ വാഹന സൗകര്യം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്. തലശ്ശേരിക്കൊപ്പം കൊല്ലം, കൊച്ചി മേഖലകളിലും ഇത് നടപ്പാക്കുമെന്ന് വ്യക്തമാക്കിയ ബജറ്റിൽ ഇതിനായി അഞ്ചുകോടി രൂപയും വകയിരുത്തി.
പകർച്ചവ്യാധി കൈകാര്യം ചെയ്യുന്നതിന് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ പ്രത്യേക ബ്ലോക്ക് നിർമിക്കുമെന്ന വാഗ്ദാനം പരിയാരം കണ്ണൂർ ഗവ. കോളേജിനും പ്രതീക്ഷ നൽകുന്നതാണ്.
റബർ കർഷകരെയും രണ്ടാം പിണറായി സർക്കാറിന്റെ കന്നി ബജറ്റ് അനുഭാവപൂർവം പരിഗണിക്കുന്നു. റബർ കർഷകർക്ക് വിതരണം ചെയ്യാൻ ബാക്കിയുള്ള സബ്സിഡി കുടിശ്ശിക പൂർണമായും കൊടുത്തുതീർക്കും. ഇതിനായി 50 കോടി രൂപ വകയിരുത്തിയതാണ് റബർ കർഷകർക്ക് പ്രത്യാശ പകരുന്നത്.
ജില്ലയിലെ കുടുംബശ്രീക്കും ഏറെ ഊർജം പകരുന്നതാണ് പുതിയ ബജറ്റ് പ്രഖ്യാപനം. ജീവനോപാധി നഷ്ടപ്പെട്ടവർക്ക് പുതിയ ജീവനോപാധി കണ്ടെത്താൻ ആവശ്യമായ പരിശീലനം നൽകുന്നതിനും സംരംഭങ്ങൾക്ക് സബ്സിഡി നൽകുന്നതിനും നിലവിലുള്ള പ്രത്യേക ഉപജീവന പാക്കേജിന്റെ വിഹിതം 100 കോടി വർധിപ്പിച്ചതും ഗുണകരമാകും.
70,000ത്തോളം വനിത സംഘകൃഷി ഗ്രൂപ്പുകളിലൂടെ തരിശുരഹിത കേരളം സൃഷ്ടിക്കാനും ഭക്ഷ്യ സ്വയംപര്യാപ്തത ഉറപ്പുവരുത്താനും ഈ കർഷകരെ അടുത്ത ഘട്ടത്തിലേക്ക് ഉയർത്താൻ കാർഷിക മൂല്യവർധിത ഉൽപന്ന യൂനിറ്റുകൾ കുടുംബശ്രീയിലൂടെ ആരംഭിക്കാനും 10 കോടി രൂപ വകയിരുത്തിയതും കുടുംബശ്രീയുടെ പ്രതീക്ഷ വർധിപ്പിക്കുന്നു. കുടുംബങ്ങളിലെ യുവതികളുടെ പ്രാതിനിധ്യം കുടുംബശ്രീയിൽ ഉറപ്പുവരുത്തുന്നതിനായി 10,000 അനുബന്ധ അയൽക്കൂട്ട യൂനിറ്റുകൾ ആരംഭിക്കുമെന്നും ബജറ്റിലുണ്ട്. ഇതിന്റെ ആനുകൂല്യം ജില്ലയിലെ കുടുംബശ്രീക്കും ലഭിക്കും.
2021 ജനുവരിയിൽ അന്നത്തെ ധനമന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിന്റെ അനുബന്ധമായാണ് പുതുക്കിയ ബജറ്റ് അവതരിപ്പിച്ചത്. അതുകൊണ്ടുതന്നെ ജില്ലക്ക് പുതിയ പ്രഖ്യാപനമൊന്നുമില്ല.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ആരോഗ്യ മേഖലയെയും ടൂറിസം പോലെ കോവിഡ് ബാധിച്ച മേഖലകളെയും ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്നതാണ് ബജറ്റ്. ജില്ല ആശുപത്രി ഉൾപ്പെടെയുള്ള വിവിധ ആശുപത്രികളുടെ വികസനത്തിനും ബജറ്റ് ഊന്നൽ നൽകുന്നു.
You must be logged in to post a comment Login