കണ്ണൂർ: അഞ്ചുവർഷത്തിനിടെ രാഷ്ട്രീയസമരത്തിൽ പങ്കെടുത്ത് കേസിൽ കുടുങ്ങിയ ആയിരക്കണക്കിന് യു.ഡി.എഫ്. പ്രവർത്തകർ ഇടതുമുന്നണിക്ക് തുടർഭരണം കിട്ടിയതോടെ ആശങ്കയിൽ. കേസ് നടത്തിപ്പും പിഴകെട്ടലും വലിയ ബാധ്യതയാകുമെന്ന് ഇവർ ഭയക്കുന്നു. പാസ്പോർട്ട്, ജോലി തുടങ്ങിയവയ്ക്ക് പോലീസിന്റെ തടസ്സമില്ലാപത്രം കിട്ടാനും പ്രയാസമാകും. യു.ഡി.എഫ്. സർക്കാർ വരുമെന്നും ഗുരുതര ചാർജുകളുള്ളവ ഒഴിച്ച് ഭൂരിഭാഗം കേസുകളും പിൻവലിക്കുമെന്നും ഇവർ പ്രതീക്ഷിച്ചിരുന്നു. പ്രതിപക്ഷത്തിരിക്കുമ്പോൾ ചെയ്യുന്ന സമരത്തിന്റെ പേരിലുള്ള കേസുകൾ ഭരണത്തിലെത്തുമ്പോൾ പിൻവലിക്കുന്ന രീതി കാലങ്ങളായുണ്ട്.
രാഷ്ട്രീയസമരങ്ങളിൽ മിക്കവാറും കേസുകളിൽ സർക്കാർ അഥവാ പ്രോസിക്യൂഷനാകും പരാതിക്കാരൻ. പ്രോസിക്യൂഷന് പരാതിയില്ലെന്ന് എഴുതിക്കൊടുത്ത് കോടതിയുടെ അനുമതിയോടെ കേസുകൾ പിൻവലിക്കുകയായിരുന്നു. സുപ്രീംകോടതി ചില നിയന്ത്രണങ്ങൾ കൊണ്ടുവന്നതോടെ സർക്കാരിന് തോന്നിയതുപോലെ കേസുകൾ പിൻവലിക്കാൻ പറ്റാത്ത അവസ്ഥ അടുത്തകാലത്ത് വന്നിട്ടുണ്ടെന്ന് നിയമവിദഗ്ധർ പറയുന്നു. നിയമസഭയിലെ അതിക്രമ കേസ് പിൻവലിക്കാൻ കഴിയാത്തത് അതിനാലാണ്. എന്നാൽ വഴിതടയൽ, സർക്കാർ സ്ഥാപനങ്ങളിലേക്ക് മാർച്ച് നടത്തൽ തുടങ്ങിയവയുടെ പേരിലുള്ള കേസുകൾ പിൻവലിക്കാൻ തടസ്സമുണ്ടാകാറില്ല.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ 143 (അന്യായമായി സംഘം ചേരൽ), 283 (മാർഗതടസ്സം സൃഷ്ടിക്കൽ), 147 (ആയുധം ഉപയോഗിക്കൽ – സാധാരണ സമരങ്ങളിൽ കല്ലെറിയൽ) തുടങ്ങിയ വകുപ്പുകളാണ് ചുമത്താറ്. ഇതിനുപോലും 500 രൂപ മുതലാണ് പിഴ. പോലീസുമായി ബലംപിടിത്തമുണ്ടാകുന്ന കേസിൽ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തലിന് 353-ാം വകുപ്പ് ചുമത്തും. മൂന്നുവർഷം തടവ് ലഭിക്കുന്ന കുറ്റമാണിത്. പോലീസിന് പരിക്കേൽക്കുന്ന സംഭവങ്ങളിൽ ഏഴുവർഷം വരെ തടവ് കിട്ടാവുന്ന 332-ാം വകുപ്പ് ചേർക്കും.
കോവിഡ് തുടങ്ങിയശേഷം സാംക്രമികരോഗം തടയൽ നിയമത്തിലെ നാല്, അഞ്ച് വകുപ്പുകൾ പ്രകാരവും ശിക്ഷാനിയമത്തിലെ 269, 270 വകുപ്പുകൾ പ്രകാരവും കേസെടുക്കുന്നുണ്ട്. രണ്ടാമത്തേത് 500 രൂപ വരെ പിഴയാണെങ്കിൽ ആദ്യത്തേതിന് 10,000 രൂപ പിഴയുണ്ട്. ബോധപൂർവം രോഗം പരത്താൻ ശ്രമിച്ചുവെന്ന കുറ്റമാണിതിൽ. കഴിഞ്ഞ സർക്കാരിന്റെ അവസാനവർഷം സംസ്ഥാനത്ത് അങ്ങോളമിങ്ങോളം നടന്ന സമരത്തിൽ ആയിരക്കണക്കിനാളുകൾക്കെതിരേ ഈ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. മിക്ക സമരങ്ങളിലും ഒരേ ആളുകൾ തന്നെയാണ് പങ്കെടുത്തതും.
അതിനുമുമ്പ് നടന്ന ശബരിമല, പൗരത്വനിയമ സമരങ്ങളിലെ കേസുകൾ പിൻവലിക്കാമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. പക്ഷേ നടപടികളായിട്ടില്ല. രാഷ്ട്രീയസമര കേസുകളിലാകട്ടെ ഈ പരിഗണനയും ഉണ്ടാകില്ല. ക്രിമിനൽ കേസിൽ പെട്ടവർക്ക് സർക്കാർ ജോലിക്ക് തടസ്സമുണ്ട്. പാസ്പോർട്ട് കിട്ടുകയാണെങ്കിൽ തന്നെ ഒരു വർഷത്തേക്ക് മാത്രം. അതിനുതന്നെ ഏതൊക്കെ കോടതിയിൽ കേസുണ്ടോ അവിടെനിന്നെല്ലാം തടസ്സമില്ലാ പത്രം വേണംതാനും. വിദേശത്ത് ജോലി തേടുന്നവർക്ക് ഒരുവർഷ കാലാവധിയുള്ള പാസ്പോർട്ടുകൊണ്ട് കാര്യമില്ല.
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് എം.പി.ക്കെതിരെ സംസ്ഥാനത്തുള്ളത് 315 കേസുകൾ. ഇതിൽ 280 എണ്ണവും പെരിയ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് ഹർത്താലിന് ആഹ്വാനം ചെയ്തുവെന്ന പേരിൽ വിവിധ പോലീസ് സ്റ്റേഷനുകളിൽ എടുത്തതാണ്. ഈ കേസുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് താൻ റിട്ട് ഹർജി നൽകാൻ തീരുമാനിച്ചിരിക്കുകയാണെന്ന് ഡീൻ പറഞ്ഞു. ആ കേസുകൾ ഒഴിവായാലും ബാക്കി 35 കേസുകൾ നിൽക്കും. സംസ്ഥാനത്ത് ആയിരക്കണക്കിന് പ്രവർത്തകർക്കെിതരേ ഇത്തരം കേസുകളുണ്ട്. ഇത് കൈകാര്യം ചെയ്യൽ ഗുരുതരപ്രശ്നം തന്നെയാണ്. പാർട്ടിയുമായി ആലോചിച്ച് വഴി കണ്ടെത്തേണ്ടിവരും – അദ്ദേഹം പറഞ്ഞു.
You must be logged in to post a comment Login