കൊല്ലം : കോവിഡിനെ തുരത്താനുള്ള ഒറ്റമൂലികൾ മുതൽ വരാനിരിക്കുന്ന മൂന്നാം തരംഗത്തെപ്പറ്റിവരെയുള്ള സന്ദേശങ്ങൾ കൊണ്ട് നിറയുകയാണ് വാട്സാപും ഫെയ്സ്ബുക്കും ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങൾ. ആധികാരികമെന്ന് തോന്നിക്കുന്ന സന്ദേശങ്ങൾ അതേപടി അനുകരിക്കുന്നവരും മറ്റുള്ളവർക്ക് ഷെയർ ചെയ്യുന്നവരും വരുത്തുന്ന വിനകളേറെ. ‘ടെക്നിക്കുകൾ’ കൊണ്ട് മാത്രം കോവിഡ് ചികിത്സിക്കാൻ ശ്രമിക്കരുതെന്ന് ആരോഗ്യവിദഗ്ധരും പറയുന്നു.
∙ പി.എച്ച്. മൂല്യം തട്ടിപ്പ്
വൈറസിന്റെ പി.എച്ച്. നിലയെക്കാളും ഉയർന്ന ഭക്ഷണങ്ങൾ കഴിച്ചാൽ കോവിഡിനെ പ്രതിരോധിക്കാം എന്നാണ് വ്യാപകമായി പ്രചരിക്കുന്ന സന്ദേശങ്ങളിലൊന്ന്. വൈറസിന് പി.എച്ച്. മൂല്യമില്ല എന്നതാണ് വാസ്തവം. നാരങ്ങ, അവക്കാഡോ, മാമ്പഴം, വെളുത്തുള്ളി തുടങ്ങി സന്ദേശത്തിൽ പറയുന്ന വസ്തുക്കളുടേതായി േരഖപ്പെടുത്തിയിരിക്കുന്ന പി.എച്ച്. നിലയും തെറ്റാണ്. കോവിഡ് പോസിറ്റീവ് ആയവർ രാവിലെ 10 മണിക്ക് മുൻപും വൈകുന്നേരം 5 മണിക്കു ശേഷവും അര മണിക്കൂർ വീതം വെയിൽ കൊണ്ടാൽ നെഗറ്റീവ് ആകുമെന്ന പ്രചരണത്തിനും ഒരു ശാസ്ത്രീയ അടിത്തറയുമില്ല.
∙ നാരങ്ങവെള്ളം വൈറസിനെ കൊല്ലില്ല
ചെറു ചൂടുള്ള നാരങ്ങാവെള്ളം കുടിച്ചാൽ ശ്വാസകോശത്തിലെത്തുന്നതിനു മുൻപ് വൈറസിനെ ‘കൊല്ലാം’ എന്നതാണ് വൈറൽ സന്ദേശങ്ങളിൽ ഒന്ന്. രോഗലക്ഷണങ്ങൾ തോന്നിയാൽ നാരങ്ങാവെള്ളം കൊണ്ട് നേരിട്ടേക്കാം എന്ന് കരുതുന്നവർ ആപത്തിനെ വിളിച്ചുവരുത്തുകയാണ്.
കരിഞ്ചീരകം,ഇഞ്ചി,വെളുത്തുള്ളി, മല്ലി എന്നിവയിട്ട് വെള്ളം തിളപ്പിച്ച് കുടിച്ചുമാത്രം കോവിഡ് നെഗറ്റീവ് ആകാം എന്ന പ്രചാരണത്തിൽ ഒരു കാരണവശാലും വീണുപോകരുതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. പപ്പായയുടെ ഇല മുതൽ ആടലോടകം വരെ ചേർത്താണ് ഇത്തരം പുതിയ സന്ദേശങ്ങൾ പ്രചരിക്കുന്നത്.
∙ എൻ 95 കഴുകി എടുക്കരുത്
എൻ95 മാസ്കുകൾ എങ്ങനെ കഴുകിയുണക്കാം, തേച്ച് ഉപയോഗിക്കാം എന്ന വിഷയങ്ങളിൽ ഒട്ടേറെ സന്ദേശങ്ങളാണ് പ്രചരിക്കുന്നത്. 20 മിനിറ്റ് സോപ്പുവെള്ളത്തിൽ ഇട്ടശേഷം വെയിലത്ത് വയ്ക്കണമെന്നും അതല്ല നേരിട്ട് സൂര്യപ്രകാശത്തിൽ ഉണക്കരുതെന്നും പറയുന്നവരേറെ. ഈർപ്പമുള്ള മാസ്ക് ഉപയോഗിക്കുന്നത് ബ്ലാക്ക് ഫംഗസ് വരുത്തിയേക്കാം എന്ന വാദം കൂടി വന്നതോടെ മാസ്ക് കഴുകേണ്ടത് എങ്ങനെയെന്ന നിർദേശങ്ങളുമായി മെസേജുകളുടെ ഒഴുക്കായി. എന്നാൽ എൻ95 മാസ്കുകൾ ഒരു കാരണവശാലും കഴുകി തേച്ച് ഉപയോഗിക്കരുതെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. കാരണം ഇതിലെ പോളിപ്രോപിലിൻ പാളിയുടെ ഇലക്ട്രോസ്റ്റാറ്റിക് ചാർജ് ഫിൽറ്ററേഷനിൽ കാര്യമായ പങ്കു വഹിക്കുന്നുണ്ട്. വെയിലും സോപ്പ് ലായനിയും ഈ ഇലക്ട്രോസ്റ്റാറ്റിക് ചാർജ് നഷ്ടപ്പെടുത്തും.
അത്യാവശ്യമെങ്കിൽ, സുരക്ഷാ നിർദേശങ്ങൾ പാലിച്ചുകൊണ്ട് എൻ95മാസ്ക് പരിമിതമായി പുനരുപയോഗിക്കാം. എത്ര കുറഞ്ഞ സമയത്തേക്കാണ് ഓരോ ഉപയോഗമെങ്കിൽ പോലും ഒരു എൻ 95മാസ്ക് പരമാവധി 5 തവണയേ ഉപയോഗിക്കാൻ പാടുള്ളൂ. അതിനു ശേഷം ഉപയോഗിച്ചാൽ ഉദ്ദേശിക്കുന്ന സംരക്ഷണം ലഭിക്കില്ല. ഓരോ ഉപയോഗത്തിനും ഇടയിൽ കുറഞ്ഞത് 72 മണിക്കൂർ ഇടവേള വേണം. ഇതിനകം മാസ്കിൽ വൈറസ് ഉണ്ടെങ്കിൽ തന്നെ നശിച്ചു പോകും എന്ന അനുമാനത്തിൽ ആണിത്.
∙ ടെക്നിക്കുകൾ പോരാ
കോവിഡ് ന്യുമോണിയ മാറാൻ ചെയ്യേണ്ട കാര്യങ്ങൾ എന്ന പേരിലൊരു സന്ദേശവും സമൂഹമാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിക്കുന്നുണ്ട്. എല്ലാത്തരം ന്യുമോണിയയും ശ്വാസകോശത്തെ ഒരേപോലെയല്ല ബാധിക്കുന്നത് എന്നതിനാൽ ആവി പിടിക്കലോ മറ്റ് ശ്വസനവ്യായാമങ്ങളോ എല്ലായ്പ്പോഴും ഗുണം ചെയ്തെന്നു വരില്ല. ഭൂരിഭാഗം പേർക്കും കിടത്തി ചികിത്സ അനിവാര്യമായി വരുന്നതിനാൽ ആശുപത്രിയിലേക്ക് മാറേണ്ട ഘട്ടം കൃത്യമായി കണ്ടെത്തുകയും ആരോഗ്യപ്രവർത്തകരെ അറിയിക്കുകയുമാണ് വേണ്ടത്. ആവി പിടിക്കൽ കൊണ്ട് ഒഴിവാക്കാവുന്ന ഒന്നല്ല ന്യുമോണിയ. ആന്റിബയോട്ടിക് മരുന്നുകൾ നിർദേശമില്ലാതെ വാങ്ങിക്കഴിക്കുകയുമരുത്.
∙ കുട്ടികളെയോർത്ത് ആശങ്ക വേണ്ട
കോവിഡ് മൂന്നാം തരംഗം അധികം വൈകാതെ വരുമെന്നും ഇതിൽ ഏറ്റവും കൂടുതൽ ഗുരുതരമായി രോഗബാധിതരാവുക കുട്ടികളായിരിക്കും എന്നാണ് അടുത്തിടെ ഓടിത്തുടങ്ങിയ സന്ദേശങ്ങളിൽ ഒന്ന്. കുട്ടികളിൽ അണുബാധയ്ക്കും മരണത്തിനുമുള്ള സാധ്യത കുറവാണ് എന്നാണ് ഇതുവരെ കണ്ടത്. കോവിഡ് ബാധിച്ച് മരിച്ച കുട്ടികളും എണ്ണത്തിൽ വളരെ കുറവാണ്. വിദേശരാജ്യങ്ങളിൽ കുട്ടികൾക്കുള്ള വാക്‌സിൻ പരീക്ഷണങ്ങൾ തുടങ്ങിക്കഴിഞ്ഞതിനാൽ ആശങ്ക വേണ്ട.
You must be logged in to post a comment Login