കോഴിക്കോട്: രണ്ടര പതിറ്റാണ്ടിലേറെയായി എൽ.ഡി.എഫിനൊപ്പം ഉറച്ചുനിന്ന ഇന്ത്യൻ നാഷനൽ ലീഗിന് ലഭിച്ച മന്ത്രിസ്ഥാനം പാർട്ടിക്ക് രാഷ്ട്രീയ നേട്ടമായി. അതേസമയം, ഐ.എൻ.എല്ലിെന്റെ ബദ്ധശത്രുക്കളായ മുസ്ലിം ലീഗിന് കനത്ത പ്രഹരവും. തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ സമൂഹത്തിന്റെ പിന്തുണക്ക് അർഹിക്കുന്ന പരിഗണ നൽകിയെന്ന സന്ദേശം ഇടതുമുന്നണിക്ക് നൽകാനുമായി. പാർട്ടിയെ എൽ.ഡി.എഫിൽ ഘടകകക്ഷിയാക്കി മന്ത്രിസഭയിൽ എത്തിക്കണമെന്ന സ്ഥാപകൻ ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ സ്വപ്നസാക്ഷാൽക്കാരം കൂടിയാണ് അഹമ്മദ് ദേവർകോവിലിലൂടെ സാധ്യമാകുന്നത്.
ബാബരി മസ്ജിദ് തകർച്ചക്കുശേഷം കോൺഗ്രസിനോടും മുസ്ലിം ലീഗിനോടും കലഹിച്ച് ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ നേതൃത്വത്തിൽ ’94ലാണ് ഐ.എൻ.എൽ സ്ഥാപിച്ചത്. സി.പി.എം ജന.സെക്രട്ടറിയായിരുന്ന ഹർകിഷൻ സിങ് സുർജിത്തിന്റെ കൂടി ആശീർവാദത്തോടെ ഇടതുമുന്നണിയിൽ കയറാൻ നടത്തിയ ശ്രമങ്ങൾക്ക് കേരളത്തിൽ വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിൽ ഒരുവിഭാഗം തടയിട്ടപ്പോഴും മുന്നണി വിട്ടുപോകാതെ പാറപോലെ ഉറച്ചുനിന്നതിന് ലഭിച്ച അംഗീകാരം കൂടിയാണ് മന്ത്രിസ്ഥാനം.
ന്യൂനപക്ഷ വിരുദ്ധ സമീപനങ്ങളുടെ പേരിൽ ഇടതുമുന്നണി പ്രതിക്കൂട്ടിലേറിയപ്പോഴൊക്കെ ഐ.എൻ.എൽ അവരുടെ രക്ഷക്കെത്തി. തെരഞ്ഞെടുപ്പുകളിലെല്ലാം പാർട്ടി എൽ.ഡി.എഫിന് നിരുപാധിക പിന്തുണ നൽകി. ഘടകകക്ഷി ആയില്ലെങ്കിലും 2001ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മുന്നണി പിന്തുണയോടെ മത്സരരംഗത്തെത്തി. 2006ൽ ആദ്യമായി കോഴിക്കോട് രണ്ടിൽ മത്സരിച്ച പി.എം.എ. സലാമിലൂടെ എം.എൽ.എ.യെ ലഭിച്ചെങ്കിലും 2011ൽ സലാം മുസ്ലിം ലീഗിലേക്ക് ചേക്കേറിയതോടെ പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളിലൊന്നും ഐ.എൻ.എൽ. സ്ഥാനാർഥികൾക്ക് വിജയിക്കാനായില്ല.
ബോർഡ്, കോർപറേഷൻ ചെയർമാൻ സ്ഥാനങ്ങളിൽ തൃപ്തിപ്പെട്ട് ഇടതുമുന്നണിയിൽ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രതിനിധികളായി ഐ.എൻ.എൽ തുടർന്നു. പാർട്ടിയെ പിളർത്തി ഇല്ലാതാക്കാനുള്ള മുസ്ലിം ലീഗിന്റെ ശ്രമങ്ങൾക്ക് തടയിടാൻ ഇടതുമുന്നണിയുടെ ശക്തമായ പിന്തുണയിലൂടെ ഐ.എൻ.എല്ലിന് സാധിച്ചു.
രണ്ടുവർഷം മുമ്പ് എൽ.ഡി.എഫ് ഘടകകക്ഷി ആയതിനുശേഷം നടന്ന ഈ തെരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്തിൽ ലീഗ് സ്ഥാനാർഥി നൂർബിന റഷീദിനെ 12,459 വോട്ടുകൾക്ക് പരാജയപ്പെടുത്തി നിയമസഭയിൽ എത്തുന്ന അഹമ്മദ് ദേവർകോവിലിലൂടെ മുസ്ലിം ലീഗിന് പ്രഹരമേൽപിക്കാൻ കൂടി മുന്നണിക്ക് കഴിഞ്ഞു. ലീഗിന്റെ തെക്കേപ്പുറം കോട്ടകളിൽനിന്നുവരെ ദേവർകോവിലിന് വോട്ട് ലഭിച്ചതായാണ് വിലയിരുത്തൽ. മുമ്പ് ലീഗ് വിട്ടുവന്ന കെ.ടി. ജലീലിനെ മന്ത്രിയാക്കി ലീഗിനെ പ്രഹരിച്ചതിന് സമാനമായ സാഹചര്യം.
You must be logged in to post a comment Login