ജറുസലേം: അധിനിവേശ കിഴക്കന്‍ ജറുസലേമിലെ മസ്ജിദുല്‍ അഖ്സ പരിസരങ്ങളില്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ വ്യോമാക്രമണവും ശക്തമാക്കി ഇസ്രായേൽ സേന.
ആക്രമണത്തില്‍ 20 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ മൂന്നുപേര്‍ കുട്ടികളാണെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ 65 ലധികംപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗാസ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം ആരംഭിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചിട്ടുമുണ്ട്.
തിങ്കളാഴ്ച രാവിലെ അല്‍ അഖ്‌സയില്‍ പ്രാര്‍ത്ഥിക്കാനെത്തിയവര്‍ക്ക് നേരെ ഇസ്രായേൽ സേന ആക്രമണമഴിച്ചുവിട്ടിരുന്നു. സേന നടത്തിയ ആക്രമണത്തില്‍ മസ്ജിദില്‍ പ്രാര്‍ത്ഥനയ്ക്കായെത്തിയ ഫലസ്തീനികളില്‍ നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു. റബ്ബര്‍ ബുള്ളറ്റുകളും കണ്ണീര്‍ വാതകവും സൗണ്ട് ബോംബുകളുമായെത്തിയായിരുന്നു സേന പ്രാര്‍ത്ഥനയുടെയും പ്രതിഷേധത്തിന്റെയും ഭാഗമായി എത്തിയവരെ ആക്രമിച്ചത്.
ഇസ്രായേൽലിന്റെ ജറുസലേം പതാക ദിനത്തിന്റെ ഭാഗമായി പ്രദേശത്ത് വര്‍ഷാവര്‍ഷം നടത്തുന്ന റാലി ഈ വര്‍ഷവും നടത്താന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതാണ് തിങ്കളാഴ്ച സംഘര്‍ഷം ശക്തമാകാന്‍ കാരണമായത്.
കിഴക്കന്‍ ജറുസലേമില്‍ നിന്നും ഫലസ്തീനികളെ കുടിയൊഴിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ ഇസ്രായേൽ നടത്തുന്നുവെന്ന വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഒരു മാസത്തോളമായി പ്രദേശത്ത് സംഘര്‍ഷം തുടരുന്നത്. വെസ്റ്റ് ബാങ്കിലും ഗാസയിലും നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് നിരവധി ഫലസ്തീനികളെയാണ് ഇസ്രാഈല്‍ അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച മുതലാണ് മസ്ജിദുല്‍ അഖ്സ ശക്തമായ സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. ഇവിടെ പ്രാര്‍ത്ഥിക്കാനായി എത്തിച്ചേര്‍ന്നവര്‍ക്ക് നേരെ ഇസ്രായേൽല്‍ സേന നടത്തിയ ആക്രമണത്തില്‍ വെള്ളിയാഴ്ച മാത്രം നൂറിലേറെ പേര്‍ക്കാണ് പരിക്കേറ്റിരുന്നത്. എന്നാല്‍ ശനിയാഴ്ച ലൈലത്തുല്‍ ഖദറിന്റെ ഭാഗമായി ഇവിടേക്ക് ആയിര കണക്കിന് ഫലസ്തീനികള്‍ വീണ്ടും എത്തിച്ചേര്‍ന്നു.
മസ്ജിദുല്‍ അഖ്സയിലേക്കുള്ള വഴികളില്‍ ഇസ്രായേൽ സേന വാഹനങ്ങള്‍ തടഞ്ഞിരുന്നതിനാല്‍ കാല്‍നടയായി സഞ്ചരിച്ചാണ് നിരവധി പേര്‍ വന്നത്. വെള്ളിയാഴ്ച നടന്ന അടിച്ചമര്‍ത്തലിനെതിരെയുള്ള പ്രതിഷേധമായി കൂടിയായിരുന്നു പ്രാര്‍ത്ഥനയ്ക്കായി ഫലസ്തീനികള്‍ അല്‍ അഖ്സയിലെത്തിയത്.
തുടര്‍ന്ന് വെള്ളിയാഴ്ചത്തേതിന് സമാനമായ രീതിയില്‍ ഇസ്രായേൽ സേന ഫലസ്തീനികള്‍ക്ക് നേരെ സ്റ്റണ്‍ ഗ്രനേഡുകളും കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിക്കുകയായിരുന്നു. കല്ലും തീ നിറച്ച കുപ്പികളും എറിഞ്ഞാണ് ഫലസ്തീനികളില്‍ ചിലര്‍ സൈന്യത്തിന്റെ ആക്രമണത്തെ പ്രതിരോധിക്കാന്‍ ശ്രമിച്ചത്.
ശനിയാഴ്ച മാത്രം 60തിലേറെ ഫലസ്തീനികള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ഫലസ്തീന്‍ റെഡ് ക്രെസന്റ് പറഞ്ഞു. വെള്ളിയാഴ്ച നടന്ന ആക്രമണത്തില്‍ 200ലേറെ പേര്‍ക്കായിരുന്നു പരിക്കേറ്റിരുന്നത്. പള്ളിക്കുള്ളിലേക്കും പ്രാര്‍ഥിക്കുന്നവര്‍ക്കും നേരെയും സ്റ്റണ്‍ ഗ്രനേഡുകളും ടിയര്‍ ഗ്യാസുകളും ഇസ്രായേൽ സേന പ്രയോഗിക്കുകയായിരുന്നു.
തിങ്കളാഴ്ച നടന്ന ആക്രമണത്തിന്റെ കണക്കുകള്‍ കൂടി പുറത്തുവരുമ്പോള്‍ നാനൂറോളം ഫലസ്തീനികള്‍ക്കാണ് ഇതുവരെ സംഘര്‍ഷത്തില്‍ പരിക്കേറ്റിരിക്കുന്നത്. ഷെയ്ഖ് ജറയ്ക്കു സമീപം കുടിയൊഴിക്കപ്പെട്ട ഫലസ്തീന്‍ കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനായി ഫലസ്തീന്‍ അന്താരാഷ്ട്ര ഐക്യദാര്‍ഢ്യ പ്രവര്‍ത്തകര്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഒത്തുകൂടിയിരുന്നു. എന്നാല്‍, ഇസ്രായേൽ സേനയും പൊലീസും ചേര്‍ന്ന് ഇവരെ ടിയര്‍ ഗ്യാസ്, റബ്ബര്‍ ബുള്ളറ്റുകള്‍, ഷോക്ക് ഗ്രനേഡുകള്‍ തുടങ്ങിയവ ഉപയോഗിച്ച് നേരിടുകയായിരുന്നു.
അല്‍ അഖ്സയിലെ ഇസ്രായേൽ സേനയുടെ ആക്രമണത്തെ അപലിച്ച് ലോകാരാഷ്ട്രങ്ങളും ഐക്യരാഷ്ട്ര സംഘടനയും രംഗത്തെത്തിയിരുന്നു. ആരാധനാലയങ്ങളോട് ഇസ്രായേൽ കുറച്ച് ആദരവു കാണിക്കണമെന്ന് യു.എന്‍ പൊതുസഭാ പ്രസിഡന്റ് വോള്‍കാന്‍ ബോസ്‌കിര്‍ പ്രതികരിച്ചു.
‘റമദാനിലെ അവസാന വെള്ളിയാഴ്ച മസ്ജിദുല്‍ അഖ്‌സയില്‍ ഇസ്രായേൽ പൊലീസ് നടത്തിയ ആക്രമണത്തില്‍ ദുഃഖിതനാണ്. അഖ്‌സ അടക്കം എല്ലാ ആരാധനാലയങ്ങളോടും ആദരവു കാണിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. 180 കോടി മുസ്‌ലിങ്ങളുടെ വിശുദ്ധ ഇടമാണത്,’ ബോസ്‌കിര്‍ പറഞ്ഞു.
ആക്രമണത്തെ അപലപിച്ച് സൗദിയും തുര്‍ക്കിയും ഇറാനും രംഗത്തെത്തിയിരുന്നു. അമേരിക്കയും ആക്രമണത്തില്‍ ആശങ്ക അറിയിച്ചു. ‘രക്തച്ചൊരിച്ചിലുകള്‍ അസ്വസ്ഥതയുണ്ടാക്കുന്നു. സംഘര്‍ഷം വര്‍ധിക്കാതിരിക്കാന്‍ ഇസ്രായേലിനോടും ഫലസ്തീനോടും അഭ്യര്‍ത്ഥിക്കുന്നു,’ എന്നാണ് യു.എസ് വിദേശകാര്യ വക്താവ് നെഡ് പ്രൈസ് പ്രസ്താവനയില്‍ പറഞ്ഞത്.
ഇത്തരം നിഷ്ഠൂരമായ ആക്രമണങ്ങള്‍ നിര്‍ത്തിയില്ലെങ്കില്‍ ഇസ്രായേലിനെതിരെ ആഗോള തലത്തില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് ജോര്‍ദാനും അറിയിച്ചു. ‘പള്ളികള്‍ക്കെതിരെയും അവിടയെത്തുന്ന ആരാധകര്‍ക്കെതിരെയും ഇസ്രായേൽ സൈന്യവും പൊലീസും നടത്തുന്ന ആക്രമണം നിഷ്ഠൂരമാണ്. ശക്തമായി അപലപിക്കുന്നു. ഇനിയും തുടര്‍ന്നാല്‍ ആഗോള തലത്തില്‍ ഇസ്രായേലിനെതിരെ സമ്മര്‍ദ്ദം ശക്തമാക്കും,’ ജോര്‍ദാന്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഇസ്രായേൽ സേന നടത്തുന്ന ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴി വെയ്ക്കുന്നുണ്ട്. വിവിധ രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഈ ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ട് ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.
You must be logged in to post a comment Login