പയ്യന്നൂർ: മഹാമാരിയുടെ കറുത്തകാലമൊഴിഞ്ഞിട്ടും ആളനക്കം കുറഞ്ഞ് കവ്വായിക്കായൽ. ലോക് ഡൗണിന് മുമ്പ് ആരംഭിച്ച കയാക്കിങ്ങിന് ഉൾപ്പെടെ നൂറുകണക്കിന് വിനോദ സഞ്ചാരികളെത്തിയ കായൽ ജനത്തിരക്കൊഴിഞ്ഞ് ഓളമിട്ടൊഴുകുകയാണ്. എന്നാൽ, കോവിഡ് മൂലം ആളും അനിയന്ത്രിത കൈയേറ്റവും കുറഞ്ഞതോടെ ഉത്തര മലബാറിന്റെ ഏറ്റവും വലിയ ജലസമൃദ്ധിയായ കവ്വായിക്കായൽ കൂടുതൽ സുന്ദരിയായി പഴയ പ്രതാപത്തിലേക്ക്.
വിനോദസഞ്ചാരികളില്ലാത്തതും മലയോര മേഖലയിൽ ചെങ്കൽപണകൾ കുറഞ്ഞതുമാണ് സംസ്ഥാനത്ത് വലുപ്പംകൊണ്ട് മൂന്നാം സ്ഥാനത്ത് നിൽക്കുന്ന കായൽ പ്രതാപം തിരിച്ചുപിടിച്ചതെന്ന് പരിസ്ഥിതിപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ഒപ്പം അനിയന്ത്രിതമായി ചെങ്കൽക്കുന്നുകൾ ഇടിച്ചുനിർത്തുന്നത് കുറഞ്ഞതും തുണയായി. മഴക്കാലത്ത് കലക്കുവെള്ളം സാധാരണയാണെങ്കിലും ഇക്കുറി തെളിഞ്ഞ വെള്ളമായിരുന്നുവെന്ന് കായലോരത്തെ താമസക്കാർ പറയുന്നു. എന്നാൽ, മണ്ണെടുപ്പും ചെങ്കൽപണകളും തിരിച്ചുവന്നതോടെ കായൽ വീണ്ടും മലിനീകരണത്തിന്റെ പിടിയിലേക്ക് നീങ്ങുകയാണ്.
ഉത്തരകേരളത്തിലെ ആലപ്പുഴയാണ് കായലോരം. അറബിക്കടലിന് സമാന്തരമായി കണ്ണൂർ, കാസർകോട് ജില്ലകളിലായി നീണ്ടുകിടക്കുന്നതാണ് പ്രകൃതിയുടെ ഈ ജലവിസ്മയം.
കൈവഴികൾ ഉൾപ്പെടെ വടക്ക് നീലേശ്വരം മുതൽ തെക്ക് ചെമ്പല്ലിക്കുണ്ട് വരെ 40 കിലോമീറ്റർ നീളമുള്ള കായൽ ഇരു ജില്ലകളിലെയും ഭക്ഷ്യ, ജലസമൃദ്ധിയിൽ നിർണായക പങ്കുവഹിക്കുന്നു.37 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള കായലിൽ ചെറുതും വലുതുമായ നിരവധി ദ്വീപുകളും തുരുത്തുകളുമുണ്ട്. ഇതാണ് ഏഴോളം പുഴകളുടെ സംഗമകേന്ദ്രമായ കവ്വായിക്കായലിന്റെ പ്രധാന ആകർഷണം.
ഇതിന് കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകളുള്ള കുഞ്ഞിമംഗലം പഞ്ചായത്തിലെ ചതുപ്പുകൾ കായലിന്റെ പ്രധാന കൈവഴികളിലാണ്. ചെമ്പല്ലിക്കുണ്ട്, കുണിയൻ പക്ഷിസങ്കേതങ്ങളും കായലിന്റെ പ്രാധാന്യം അടയാളപ്പെടുത്തുന്നു. വിനോദസഞ്ചാരികളെ ഏറെ ആകർഷിക്കുന്നതാണ് കായൽക്കാഴ്ച.
തെളിനീരാണ് കാലിന്റെ മറ്റൊരു പ്രത്യേകത. എന്നാൽ, പലവിധ മാലിന്യങ്ങൾ കായൽ ജലത്തെ നശിപ്പിച്ചുകൊണ്ടിരുന്നതായി പഠനങ്ങൾ വ്യക്തമാക്കിയിരുന്നു.പഴയ ശുദ്ധജലനന്മയാണ് നാലു മാസങ്ങൾ കൊണ്ട് പ്രകൃതിതന്നെ തിരിച്ചുപിടിച്ചുകൊണ്ടിരിക്കുന്നത്. ഇതു നിലനിർത്താൻ സാധിച്ചാൽ കേരളത്തിൽ അന്യംനിന്നുകൊണ്ടിരിക്കുന്ന മറ്റൊരു ശുദ്ധജല തടാകമായിരിക്കും പുനർജനിക്കുകയെന്ന് പരിസ്ഥിതിപ്രവർത്തകർ പറയുന്നു.
കായലിന് അന്താരാഷ്ട്രനിലവാരം അടയാളപ്പെടുത്തുന്ന രാംസർസൈറ്റ് പദവി നൽകുന്നതിനുള്ള നടപടികൾ തുടങ്ങിയിരുന്നു. ഇത് യാഥാർഥ്യമാകുന്നപക്ഷം കായലിന്റെ സംരക്ഷണം ഉറപ്പുവരുത്താൻ സാധിക്കും.എന്നാൽ, രാംസർസൈറ്റ് പദവി നൽകാനുള്ള തീരുമാനം സർവേകളിലും സെമിനാറുകളിലും ഒതുങ്ങുകയായിരുന്നു.
ഇപ്പോൾ വിനോദസഞ്ചാര വകുപ്പ് ബോട്ടുജെട്ടി ഉൾപ്പെടെ നിർമിച്ച് കായൽ ടൂറിസം സജീവമാക്കാനുള്ള നടപടികളിലാണ്.